പിച്ചക്കാരിയായി ആഷ്‌ലി നാടോടി നൃത്തവേദിയില്‍ തകര്‍ത്താടുമ്പോള്‍ കൈയടിക്കുന്നവര്‍ക്കിടയിരുന്ന് നെഞ്ചില്‍ കൈവച്ച് പ്രാര്‍ഥിക്കുകയായിരുന്നു ആഷ്ബിന്‍ അനില്‍. താന്‍ പഠിപ്പിച്ച ചുവടുകളൊന്നും അനിയത്തിക്ക് പിഴയ്ക്കരുതേ എന്ന ആഷ്ബിന്റെ പ്രാര്‍ഥന പാഴായില്ല. പെണ്‍കുട്ടികളുടെ നാടോടിനൃത്തത്തില്‍ എ ഗ്രേഡുണ്ട് ആഷ്ബിന്റെ അനിയത്തി ആഷ്‌ലിക്ക്.

വര്‍ഷങ്ങളായി കുഞ്ഞനിയത്തിക്ക് ചിലങ്ക കെട്ടിക്കൊടുക്കുന്നത് ആഷ്ബിനാണ്. പാലക്കാട് ജില്ലയില്‍ നിന്ന് അപ്പീലുമായിട്ടാണ് ചേട്ടന്റെയും അനിയത്തിയുടെയും വരവ്. ജില്ലയില്‍ മാത്രമല്ല ഉപജില്ലയില്‍ നിന്ന് ജില്ലമേളയ്‌ക്കെത്തിയതും അപ്പീലുമായി തന്നെ. അനിയത്തിയെ മാത്രമല്ല, പാലക്കാട് ജില്ലയില്‍ നിന്നുള്ള സംഘനൃത്ത ടീമിനെ പരിശീലിപ്പിച്ചതും ആഷ്ബിനാണ്.

ചെറിയ പ്രായത്തില്‍ തന്നെ വലിയ നൃത്താധ്യാപകനാണെങ്കിലും മടുത്ത് നൃത്താഭ്യാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ചരിത്രമുണ്ട് ആഷ്ബിന്. നടി മഞ്ജു വാര്യരാണ് അന്ന് ആഷ്ബിനെ കൈപിടിച്ച് വീണ്ടും ജീവിതത്തിലും നൃത്തവേദിയിലും തിരിച്ചെത്തിച്ചത്. 2015ല്‍ വന്ന മാതൃഭൂമി പത്രത്തില്‍ വന്ന  വാര്‍ത്തയെതുടര്‍ന്ന് തുടര്‍ പഠനത്തിന് സഹായിക്കാനായി നടി മഞ്ജുവാര്യര്‍ തിരഞ്ഞെടുത്ത് 12 കുട്ടികളില്‍ ഒരാളായിരുന്നു ആഷ്ബിന്‍. മഞ്ജു നല്‍കുന്ന തുകയാണ് ആഷ്ബിന് പഠനത്തിനുള്ള ഏക മാര്‍ഗം. ''മഞ്ജുച്ചേച്ചി ഇല്ലായിരുന്നെങ്കില്‍ നൃത്തപഠനം ഞാന്‍ അന്നേ നിര്‍ത്തിയേനെ. കഷ്ടപ്പാട് വരുമ്പോള്‍ ദൈവം വരുമെന്നൊക്കെ പറയുന്നത് യഥാര്‍ഥത്തില്‍ ഇതുപോലുള്ള മനുഷ്യരെ കുറിച്ചാണ്. ആ വാര്‍ത്ത മഞ്ജുച്ചേച്ചിയുടെ കണ്ണില്‍ പെട്ടില്ലായിരുന്നെങ്കില്‍ ഇന്ന് ഞാനില്ല. അവരിലൂടെയാണ് ഞാന്‍ ദൈവത്തെ കണ്ടത്-ആഷ്ബിന്‍ പറയുന്നു.

22 വര്‍ഷമായി വാടകവീട്ടില്‍ താമസിക്കുന്ന കൂലിപ്പണിക്കാരനായ അച്ഛന് താങ്ങാനാവുന്നതല്ലായിരുന്നു നൃത്തച്ചെലവുകള്‍. വര്‍ഷങ്ങളായി കേരളനടനം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവയില്‍ സ്ഥിരസാന്നിധ്യമായിരുന്ന ആഷ്ബിന്‍ ഇപ്പോള്‍ കുട്ടികളെ പഠിപ്പിക്കുന്നതും ആ ചെലവുകള്‍ മനസില്‍ ഓര്‍ത്തുകൊണ്ടാണ്. അതുകൊണ്ട് തന്നെ താന്‍ കൊറിയഗ്രാഫി ചെയ്യുന്ന നൃത്തങ്ങള്‍ പരമാവധി ആഡംബരം ഒഴിവാക്കണമെന്ന് ആ കലാകാരന് നിര്‍ബന്ധമുണ്ട്. ആഡംബരമില്ലെങ്കിലും പ്രതിഭയും നിലവാരവും ഉണ്ടെങ്കില്‍ കലോത്സവവേദിയില്‍ എ ഗ്രേഡ് ലഭിക്കുമെന്ന് ആഷ്ബിന്‍ നേരത്തെ തെളിയിച്ചതാണ്.

ashbin

കഴിഞ്ഞ വര്‍ഷവും ആഷ്ബിന്‍ പരിശീലിപ്പിച്ച അനിയത്തിക്കും സംഘനൃത്തത്തിനും എ ഗ്രേഡായിരുന്നു. പരീശീലനം മാത്രമല്ല സൗജന്യം. മേക്കപ്പ് അച്ഛന്‍ അനില്‍ കുമാറാണ് ചെയ്യുക. മുടിയും മറ്റ് ഒരുക്കങ്ങളും അമ്മ. ആഡംബരമില്ലാത്ത. ചെലവുകുറച്ചുള്ള വസ്ത്രാലങ്കാരം. അതും പരമാവധി വാടക കുറച്ചുളള വസ്ത്രങ്ങളും മറ്റും. പക്ഷേ നൃത്തം വേദിയിലെത്തുമ്പോള്‍ ഇതെല്ലാം അപ്രസക്തമാവുന്നു. വര്‍ഷങ്ങളായി പരിശീലകനായി രംഗത്തുള്ള കലാകാരന്റെ എല്ലാ കൈയൊതുക്കവും നൃത്തത്തില്‍ കാണാം. സ്വന്തമായി ചിട്ടപ്പെടുത്തിയാണ് കുച്ചുപ്പുടിയിലും കേരളനടനത്തിലുമെല്ലാം ആഷ്ബിന്‍ പങ്കെടുത്തിരുന്നത്.

ആലത്തൂര്‍ എഎസ്എംഎച്ച്എസ്.എസിലെ  ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ആഷ്‌ലി. പാലക്കാട് പഴമ്പാലക്കോട് എസ്.എം.എം സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ആഷ്ബിന്‍ ഈ വര്‍ഷം സംഘനൃത്തം പരിശീലിപ്പിച്ചത്. ചെന്നെയില്‍ വെമ്പട്ടി ചിന്നസ്വാമി മാസ്റ്റര്‍ ആര്‍ട്ട് അക്കാദമിയില്‍ കുച്ചുപ്പുടിയില്‍ ഡിപ്ലോമ ചെയ്യുകയാണ് ആഷ്ബിന്‍ ഇപ്പോള്‍ കീഴിലാണ് ആഷ്ബിന്‍ ഇപ്പോള്‍ നൃത്തം അഭ്യസിക്കുന്നത്.

Content Highlights: Kalolsavam2018 State School Youth Festival Manju Warrier Malayalam Actress Ashbin Anil