ത് ഞങ്ങളുടെ കഠിനാധ്വാനത്തിന്റെ വിജയമാണ്. ഈ വിജയം ജോഷിപ്പായുടെയും സ്‌നേഹാമ്മയുടെയും സ്‌നേഹമാണ്. ഉപജില്ലതലത്തില്‍ പല തവണ പരാജയപ്പെട്ടെങ്കിലും പിന്തിരിയാതെ പോരാടിയതിനുള്ള ഫലമാണ് ഈ സമ്മാനം... ആലപ്പുഴക്കായലോരം സാക്ഷിയാക്കി നിറകണ്ണുകളൊടെ ഇരുപത് പേരും ഒരേ സ്വരത്തില്‍ പറഞ്ഞു തുടങ്ങി. ദുഃഖങ്ങള്‍ മറന്ന് വിധിക്കു മുന്നില്‍ പതറാതെ നിന്ന് ഓരേ താളത്തില്‍ കൊട്ടി ചുവടുവച്ച് അവര്‍ ബാന്‍ഡ് മേളത്തില്‍ എ ഗ്രേഡ് നേടിയപ്പോള്‍ അത് ജീവിതം തകര്‍ത്ത വിധിയോടുള്ള വെല്ലുവിളിയായി.

ഇവര്‍ ഇടുക്കി മൈലക്കൊമ്പ് മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷനിലെ കുട്ടികള്‍. ഇടുക്കി മുതലക്കൊടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബാന്‍ഡ്‌മേളം ടീമിലെ അംഗങ്ങള്‍. ഇവരില്‍ അച്ഛനും അമ്മയും ഉപേക്ഷിച്ചവരുണ്ട്. വീട്ടില്‍ നിന്നും വേണ്ടപ്പെട്ടവരില്‍ നിന്നും ഉപദ്രവം നേരിട്ടവരുണ്ട്. ട്രെയിനില്‍ നിന്ന് ലഭിച്ചവരുണ്ട്. പലതരത്തില്‍ ജീവിതം തകര്‍ന്നു പോയവരുണ്ട്. അങ്ങനെ പലതരത്തിലുള്ള ജീവിത സാഹചര്യങ്ങളില്‍ നിന്നും എത്തിയ നൂറ്റി എഴുപത്തിയഞ്ചോളം പേരുണ്ട് സ്‌നേഹക്കൂട്ടായ്മയായ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷനില്‍. ഇവരില്‍ നിന്ന് മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന 20 പേരെ ചേര്‍ത്ത് രൂപവത്കരിച്ചതാണ് ഈ ബാന്‍ഡ് സംഘം.

തുടര്‍ച്ചയായി നാലം തവണയാണ് ഇവര്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് എത്തുന്നത്. അധ്യാപകരുടെയും സ്‌കൂള്‍ അധികൃതരുടെയും പൂര്‍ണ പിന്തുണയുണ്ട് ഇവര്‍ക്ക്. ബാന്‍ഡ് സംഘത്തിലെ ഇരുപത് പേര്‍ക്കുമുണ്ട് പറയാന്‍ അതിജീവനത്തിന്റെ വലിയ കഥകള്‍. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വഴിയാണ് ഇവരെല്ലാവരും തന്നെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടഷനില്‍ എത്തുന്നത്. 2005 ല്‍ തോമസ് മൈലാപ്പൂര്‍ സ്ഥാപിച്ച ഫൗണ്ടേഷന്റെ സെക്രട്ടറി ജോഷി മാത്യുവാണ്.

തൊടുപുഴ മൈലക്കൊമ്പില്‍ ജോഷി മാത്യുവിന്റെ അമ്മ നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. ജോഷി മാത്യുവും ഭാര്യ സ്‌നേഹയും ചേര്‍ന്ന് ബെന്‍ ബാന്‍ഡ് എന്ന കുട്ടികളുടെ മ്യൂസിക്ക് ബാന്‍ഡ് രൂപവത്കരിച്ചതിനു പിന്നില്‍ ഒരു കഥയുണ്ട്.

ജീവിതത്തിലെ പലതരത്തിലുള്ള ദുരനുഭവങ്ങളും ഏല്‍പിച്ച ആഘാതം മൂലം പലരും മാനസികമായി തകര്‍ന്നിരുന്നു. ഈ ആഘാതത്തില്‍ നിന്ന് കരകയറാന്‍ 26 ഓളം കുട്ടികള്‍ സൈക്ക്യാട്രിക് മരുന്നുകള്‍ ഉപയോഗിച്ചിരുന്നു. മരുന്നിന്റെ മയക്കത്തില്‍ പലര്‍ക്കും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. സംഗീതം കുട്ടികളുടെ മനസിന് ആശ്വാസം നല്‍കുമെന്ന പ്രതീക്ഷയിലാണ് ബാന്‍ഡ് തുടങ്ങിയത്. തുടക്കത്തില്‍ സുഹൃത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപ കടം വാങ്ങി മ്യൂസിക് ബാന്‍ഡ് തുടങ്ങാനുള്ള ഉപകരണങ്ങള്‍ വാങ്ങുകയായിരുന്നു.

ഏഴു വര്‍ഷം മുമ്പ് രൂപവത്കരിച്ച് ബാന്‍ഡില്‍ ഇന്ന് 75 കുട്ടികളുണ്ട്. ബാക്കിയുള്ളവര്‍ക്ക് പരിശീലനം നല്‍കിവരുന്നു. ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ക്ലാസ് കഴിഞ്ഞ് എത്തിയാല്‍ ഉടന്‍ ഒരു മണിക്കൂര്‍ ബാന്‍ഡ് പരിശിലനം നല്‍കുന്നു. പത്താം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് ശനിയും ഞായറുമാണ് പരിശീലനം. ബെന്‍ ബാന്‍ഡ് മ്യൂസിക്ക് ട്രൂപ്പിന്റെ നേതൃത്വത്തില്‍ നൃത്തം, ബാന്‍ഡ് മേളം, മെഗാഷോ തുടങ്ങിയവയൊക്കെ നടത്തുന്നു.

ബെന്‍ ബാന്‍ഡില്‍ നിന്ന് ഏഴുവര്‍ഷം കൊണ്ട് 65 ലക്ഷം രൂപ വരുമാനം ലഭിച്ചുവെന്ന് ജോഷി മാത്യു പറയുന്നു. എല്ലാ കുട്ടികളുടെയും പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കലാപ്രകടനത്തിലൂടെ ലഭിക്കുന്ന തുകയില്‍ അവര്‍ക്ക് അര്‍ഹമായ ഒരു വിഹിതം ഈ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. ഇതുവഴിയാണ് ഇവരുടെ പഠനച്ചെലവ് നടക്കുന്നത്. സംഗീതം ഇവര്‍ക്ക് ഒരു ധ്യാനമാണ്. വിധി ഉയര്‍ത്തിയ വെല്ലുവിളികള്‍ തരണം ചെയ്യാന്‍ സംഗീതത്തിലൂടെ ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

സംഗീത തങ്ങളുടെ ജീവിത സന്തോഷകരമാക്കുകയാണെന്ന് ഈ കുഞ്ഞുങ്ങള്‍ പറയുന്നു. ഈ വീട് ഞങ്ങള്‍ക്ക് സ്വര്‍ഗമാണെന്ന് അവര്‍ 20 പേര്‍ ഒരേ സ്വരത്തില്‍ പറയുമ്പോള്‍ ആ കണ്ണുകളില്‍ ദുഃഖമില്ല കണ്ടതതത്രയും തിരയടിക്കുന്ന സന്തോഷക്കടലാണ്. ഭൂതകാല ജീവിതം ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കു മുമ്പില്‍ പതറിപ്പോയവരെന്നല്ല വിധിക്കു മുകളില്‍ നിന്ന് നൃത്തം ചവിട്ടിയും ബാന്‍ഡ് വായിച്ചും വിജയം നേടിയവരെന്ന് ഈ കുട്ടികളെ നമുക്ക് അടയാളപ്പെടുത്താം.

Content Highlights: Kalolsavam2018 State School Youth Festival