'ചുമടെടുക്കാന്‍ കെല്‍പുള്ള കാലം വരെ എന്റെ മോള്‍ടെ കൂടെ അവളുടെ സ്വപ്‌നത്തിന് ചിറകു വിരിക്കാന്‍ ഞാനുണ്ടാകും....' ഫോര്‍ട്ടു കൊച്ചിക്കാരന്‍ ഷമീറിന്റെ വാക്കുകളാണിത്. 

മകളുടെ സ്വപ്‌നത്തിന് മുമ്പില്‍ പണം ഒരു വിലങ്ങുതടിയാവാന്‍ ഈ അച്ഛന്‍ സമ്മതിക്കില്ല. പണവും സ്വാധീനവുമില്ലെങ്കിലും മകള്‍ സഹല നര്‍ഗീസിനെ അറിയപ്പെടുന്ന നര്‍ത്തകിയാകണം എന്ന മകളുടെ ആഗ്രഹം നിറവേറ്റാന്‍ ഈ അച്ഛന്‍ എത്ര കഠിനമായ ജോലിയും ചെയ്യും. എറണാകുളം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായ ഷമീര്‍ സഹപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് മകളെ നൃത്തം പഠിപ്പിക്കുന്നത്. എറണാകുളം സി.ഐ.ടി.യു തൊഴിലാളി യൂണിയന്‍ സെക്രട്ടറി കെ.എം. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് സഹലയെ നൃത്തം പഠിപ്പിക്കുന്നതിനായി ഫണ്ട് സ്വരൂപിച്ച് നല്‍കുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് ലഭിച്ചപ്പോഴും സഹലയും കുടുംബവും നന്ദിപൂര്‍വം ഓര്‍ക്കുന്നതും സഹപ്രവര്‍ത്തകരെയാണ്.

സംസ്ഥാന കലോത്സവത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം നടോടിനൃത്തം, ഭരതനാട്യം എന്നിവയിലാണ് സഹലയ്ക്ക് എ ഗ്രേഡ് ലഭിച്ചത്. നാടോടിനൃത്തത്തില്‍ കണ്ണെഴുതി പ്പൊട്ടും തൊട്ട് എന്ന സിനിമയിലെ ആശയമാണ് ഫോര്‍ട്ട്‌കൊച്ചി സെയ്ന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ സഹല അവതരിപ്പിച്ചത്.

മലപ്പുറം സ്വദേശി സൂരജ് നായരാണ് സഹലയുടെ ഗുരു. ഫീസിനായി കടുപിടിത്തം കാണിക്കാതെ മികച്ച പ്രോത്സാഹനമാണ് നല്‍കുന്നതെന്നാണ് ഷമീര്‍ പറയുന്നത്. കൂടാതെ, സഹലയുടെ കലോത്സവത്തില്‍ ടെമ്പിള്‍ ആഭരണങ്ങള്‍ ധരിച്ച് കയറണമെന്ന സഹലയുടെ ആഗ്രവും നിറവേറ്റിയതും മാഷ് തന്നെയാണ്. മത്സരത്തിനായി 35000 രൂപയുടെ ആഭരണങ്ങളും വസ്ത്രങ്ങളുമാണ് സൂരജ് സഹലയ്ക്കായി നല്‍കിയത്. മട്ടാഞ്ചേരി ബസാര്‍ റോഡിലാണ് സഹലയും കുടുംബവും താമസിക്കുന്നത്.

Content Highlights: Kalolsavam2018 State School Youth Festival


സഹല ഷമീറിനൊപ്പം