ജീവിതം തീര്‍ത്ത വെല്ലുവിളികള്‍ക്കു മുകളില്‍ നൃത്തത്തോടുള്ള ആഗ്രഹം കൊണ്ട് പറന്നുയര്‍ന്നവന്‍. ഇവന്‍ ആഷിഖ് ഹനീഫ. ബന്ധുക്കളും സമുദായക്കാരും അപമാനിക്കുമ്പോഴും ഒറ്റപ്പെടുത്തുമ്പോഴും നൃത്തമെന്ന് ഒറ്റ ആഗ്രഹം കൊണ്ട് എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നവന്‍. ആഷിക്കിന് ജീവിതമാണ് അതിജീവനമാണ് നൃത്തം. ഇടുക്കി മുരിക്കാശ്ശേരി സെയ്ന്റ് മേരിസ് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മുരിക്കാശേരി സ്വദേശിയായ ആഷിഖ്.

മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ ഡാന്‍സ് പഠിക്കാന്‍ പാടില്ലെന്ന് ഒരു വിഭാഗം ശഠിച്ചതോടെ ആഷിക്കിന് ജീവിതത്തില്‍ നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളികളായിരുന്നു. ഈ വെല്ലുവിളികളെ മറികടന്ന് കുച്ചിപ്പുഡിയില്‍ ഇക്കുറി അവന്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവവേദിയില്‍ എത്തി. നടന്നു തീര്‍ത്ത വഴികളുടെ കാഠിന്യം കൊണ്ടാകണം ആഷിഖിന്റെ വാക്കുകള്‍ക്ക് പ്രായത്തേക്കാള്‍ കൂടുതല്‍ മൂര്‍ച്ചയും പക്വതയുമുണ്ട്.

ഒന്നാം ക്ലാസ് മുതല്‍ നൃത്തം പഠിച്ചുതു കൊണ്ടാകാം ആഷിക്കിന്റെ വാക്കുകളിലും ആകാരത്തിലും സ്‌ത്രൈണഭവം പ്രതിഫലിച്ചിരുന്നു. ഇതുമൂലം ആഷിഖിന് കേള്‍ക്കേണ്ടി വരുന്നത് ഭീകരമായ അപമാനവും ഒറ്റപ്പെടലുമാണ്. കൂട്ടുക്കാരും ബന്ധുക്കളും നാട്ടുകാരും ആഷിഖിനെ അപമാനിക്കുകയും അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. കഴിഞ്ഞ ജില്ലാ കലോത്സവത്തില്‍ വച്ചായിരുന്നു ആഷിഖിന് ആ വിളി കേള്‍ക്കേണ്ടി വന്നത്. ഒപ്പം മത്സരിക്കാന്‍ എത്തിയ മത്സരാര്‍ഥിയുടെ കൂടെ എത്തിയ ആളുടേതായിരുന്നു ആ ചോദ്യം. 'ശിഖണ്ഡി നീ എന്തിന് ജീവിക്കുന്നു' എന്ന് ആഷിഖിന്റെ രൂപത്തെ പരിഹസിച്ചുകൊണ്ട് അവര്‍ ചോദിച്ചു.

ആദ്യം മിണ്ടിയില്ലെങ്കിലും അവരുടെ തുടരേയുള്ള അധിക്ഷേപങ്ങള്‍ അസഹനീയമായിരുന്നുവെന്ന് ആഷിഖ് പറയുന്നു. വിളിച്ച ആളെ വെറുതെ വിടാൻ ഒരുക്കമായിരുന്നില്ല ആഷിഖ്. അന്ന് കൊടുത്ത കേസിലെ വാദം ഇപ്പോഴും തുടരുകയാണ് കോടതിയിൽ.

പത്തു വര്‍ഷം മുമ്പ് ഉപ്പ ഹൃദയാഘാതം വന്ന് മരിച്ചതോടെ ആഷിഖിനേയും ചേട്ടനേയും ആയുര്‍വേദ ഡിസ്പന്‍സറി ജീവനക്കാരിയായ ഉമ്മയാണ് വളര്‍ത്തിയത്. മാതാപിതാക്കളുടെ മിശ്രവിവാഹമായിരുന്നു. പിതാവിന്റെ സമുദായത്തിനസുസരിച്ചാണ് ആഷിഖിനെ വളര്‍ത്തിരുന്നത്. എങ്കിലും എല്ലാ മതവും തനിക്ക് ഒന്നാണെന്ന് ആഷിഖ് പറയുന്നു. ശാസ്ത്രീയ നൃത്തങ്ങള്‍ എല്ലാം അഭ്യസിക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ മൂന്നു വര്‍ഷമായി കുച്ചിപ്പുഡിയിലാണ് ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്. സമൂഹത്തിന്റെ അപമാനങ്ങളും കുത്തുവാക്കുകളും മൂലം മനം മടുക്കുമ്പോഴും ആത്മഹത്യയില്‍ നിന്ന് തന്നെ രക്ഷിച്ചത് നൃത്തമാണെന്ന് ആഷിഖ് അഭിമാനത്തോടെ പറയുന്നു. 

ഒരിക്കൽ ഗുരുവായൂരിൽ നൃത്തം അവതരിപ്പിച്ച് വേദിവിട്ടിറങ്ങുമ്പോൾ പ്രായമായ ഒരു സ്ത്രീ വന്ന് ആഷിഖിന്റെ കാലിൽ വീണ് കെട്ടിപ്പിടിച്ച് പറഞ്ഞു: നിന്റെ നൃത്തത്തിന് ഒരു പ്രത്യേക ചൈതന്യമുണ്ട്. മറക്കാനാവില്ല ആഷിഖിന് ഇപ്പോഴും ആ അനുഭവം.

ഇത്തവണത്തെ സംസ്ഥാന കലോത്സവത്തില്‍ കുച്ചിപ്പുഡി തുടങ്ങിയപ്പോള്‍ ആഷിഖിന്റെ വാര്‍മുടി അഴിഞ്ഞുപോയതുമൂലം ആഷിഖ് വേദിയില്‍ വീണിരുന്നു. എന്നാല്‍ ആ വീഴ്ചയേയും അതിജീവിച്ച് അവന്‍ വേദിയില്‍ നിറഞ്ഞാടി... ശിഖണ്ഡിയെന്ന് വിളിക്കുന്നവരെ നോക്കി ചിരിച്ചുകൊണ്ട് അവരുടെ അപമാനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും മുകളില്‍ പറന്നു കൊണ്ട്... നൃത്തം എന്റെ ജീവനാണെന്ന് ഉറക്കെ പറഞ്ഞു കൊണ്ട്.

Content Highlights: Kalolsavam2018 State School Youth Festival