ഭാഷ സംസ്‌കൃതമായാലും മലയാളമായാലും പ്രസംഗത്തില്‍ തൃശൂര്‍ മാമ്പ്ര യു.എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാര്‍ഥിനി അമൃത കൃഷ്ണയ്ക്ക് ഒരുപോലെയാണ്. രണ്ടിനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കിയാണ് അഞ്ചാം ക്ലാസില്‍ തുടങ്ങിയ കലോത്സവ ജൈത്രയാത്ര അമൃത അവസാനിപ്പിക്കുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തിയ അമൃത പങ്കെടുത്ത ആറിനങ്ങളിലും എ ഗ്രേഡോടെയാണ് മടങ്ങിയത്.

പ്രസംഗത്തില്‍ മാത്രമല്ല മലയാളം ഉപന്യാസരചന, സംസ്‌കൃതം ചമ്പു പ്രഭാഷണം, സംസ്‌കൃതം ഉപന്യാസരചന എന്നീ വിഭാഗങ്ങളിലും അമൃത നിരവധി തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പഠിക്കാന്‍ മിടുക്കിയായ അമൃത പ്ലസ് വണ്ണില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങിയാണ് പാസായത്. നല്ലൊരു നര്‍ത്തകി കൂടിയായ അമൃതയ്ക്ക് വായനയാണ് ഏറ്റവും ഇഷ്ടമുള്ള ഹോബി. വായനയില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ കുറിപ്പുകളായും പത്രക്കട്ടിങ്ങുകളായും സൂക്ഷിച്ച് ഉപയോഗപ്പെടുത്തുന്നതല്ലാതെ മറ്റൊരു പരിശീലനവും പ്രസംഗത്തിനായി അമൃത നടത്തിയിട്ടില്ല. 

കഴിഞ്ഞ ശാസ്‌ത്രോത്സവത്തില്‍ സോഷ്യല്‍ പ്രസംഗത്തിനും എ ഗ്രേഡ് നേടിയ ഈ മിടുക്കി ഗിന്നസ് ബുക്കിലും തന്റെ പേര് ചേര്‍ത്തു. മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ തത്സമയ സൗരവിളക്ക് നിര്‍മാണത്തില്‍ പങ്കെടുത്താണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. ഇന്ത്യയില്‍ നിന്നുള്ള 5000 വിദ്യാര്‍ഥികള്‍ പങ്കെടുത്ത സൗരവിളക്ക് നിര്‍മാണത്തിന് കേരളത്തില്‍ നിന്ന് മിടുക്കരായ അന്‍പത് വവിദ്യാര്‍ഥികളെയാണ് തിരഞ്ഞെടുത്തത്. 

ഹയര്‍ സെക്കന്‍ഡറി വിഭാഗം നിമിഷ പ്രസംഗ മത്സരത്തിന് നല്‍കിയ വിഷയം 'മാലിന്യം അകത്തും പുറത്തും' എന്നതായിരുന്നു. പ്രസംഗങ്ങളെല്ലാം താരതമ്യേന നല്ല നിലവാരം പുലര്‍ത്തിയെന്ന് പായിപ്ര രാധാകൃഷ്ണന്‍ അടക്കമുള്ള വിധികര്‍ത്താക്കള്‍ പറഞ്ഞു.

ഹൈസ്‌കൂള്‍ വിഭാഗം പ്രസംഗ മത്സരത്തില്‍ കേരളം അന്നും ഇന്നും നാളെയും എന്ന വിഷയത്തില്‍ ആകെ പങ്കെടുത്ത 14 പേരില്‍ മൂന്ന് പേര്‍ക്ക് മാത്രമേ എ ഗ്രേഡ് നേടാനായുള്ളൂ. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ രണ്ട് പേരാണ് അപ്പീലിലൂടെ എത്തിയത്. മത്സരിച്ച പതിനാറു പേരില്‍ ആറു പേര്‍ക്ക് എ ഗ്രേഡുണ്ട്.

Content Highlights: Kalolsavam2018 State School Youth Festival