ക്ലാസ് കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയശേഷം നേരെ പോകുന്നത് റിസോര്‍ട്ടുകളിലേയ്ക്ക്. അവിടെ രാവേറെ വൈകും വരെ നൃത്തം ചെയ്യണം. പാതിര കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തുന്നത്. വീണ്ടും അതിരാവിലെ എഴുന്നേറ്റ് ക്ലാസിലേയ്ക്ക്. ഇത് സിനിമയല്ല. സിനിമയെ വെല്ലുന്ന പച്ചയായ ജീവിതകഥ. കഠിനവഴികളിലൂടെ ജീവിതത്തെ കീഴടക്കിയ ഇടുക്കിക്കാരികളായ രണ്ട് പെണ്‍കുട്ടികളുടെ പോരാട്ടത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പത്തരമാറ്റുള്ള കഥ.

ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശി ഡിസ്‌നി പി. ഡോമനിക്കും കുമളി പത്തുമുറി സ്വദേശി അഭിരാമി കെ.എസുമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചുവടുവയ്ക്കുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനായി ക്ലാസ് കഴിഞ്ഞ് പഠിക്കേണ്ട നേരത്ത് ഇടുക്കിയിലെ റിസോര്‍ട്ടുകളില്‍ നൃത്തം ചെയ്യുന്നത്. ഈ പണം കൊണ്ടാണ് അവര്‍ നൃത്തം പഠിക്കുന്നതും വേഷങ്ങളണിഞ്ഞ് കലാമേളകളില്‍ മറ്റുള്ളവരോട് മാറ്റുരയ്ക്കുന്നതും. അവിശ്വസനീയമായ ഇവരുടെ കഠിനയത്‌നം പാഴായില്ല. ഡിസ്‌നിക്ക് നാടോടി നൃത്തത്തിലും അഭിരാമിക്ക് ഭരതനാട്യത്തിലും എ ഗ്രേഡ് ഉണ്ട്.

അഭിരാമി വെള്ളാരംകുന്ന് സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും ഡിസ്‌നി വെള്ളയാംകൂടി സെന്റ് ജെറോം സ്‌കൂളിലെയും പന്ത്രണ്ടാം ക്ലാസ്  വിദ്യാര്‍ഥിനികളാണ്. ഇരുവരും ചെറുപ്പം മുതല്‍ നൃത്തം അഭ്യസിച്ചുവരുന്നുണ്ട്. നൃത്താഭ്യാസത്തിനുവേണ്ടി ഒരുപാട് പണം ചെലവിടാനുള്ള സാഹര്യമില്ല ഇരുവരുടെയും വീട്ടില്‍. ഡിസ്‌നിയുടെ പിതാവ് ഡോമനിക്ക് ബോര്‍വെല്‍ ജോലിക്കാരനാണ്. അഭിരാമിയുടെ പിതാവ് സനീഷ്‌കുമാറിന് കൃഷിപ്പണിയും. എന്നാല്‍, സാമ്പത്തിക പ്രശ്‌നം കാരണം സ്വപ്‌നം പണയം വയ്ക്കാന്‍ അവര്‍ തയ്യാറായില്ല. അങ്ങനെയാണ് കൈയിലുള്ള കലയുമായി അവര്‍ സ്വയം പണം സ്വരൂപിക്കാന്‍ ഇറങ്ങിയത്.

സാധാരണ ജില്ലയില്‍ ഒന്നാം സ്ഥാനം കിട്ടുമ്പോഴും സംസ്ഥാനതലത്തില്‍ മത്സരിക്കാനുള്ള ചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ ഇരുവര്‍ക്കും  സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കാന്‍ കഴിയാറില്ല. എന്നാല്‍ ഇത്തവണ സംസ്ഥാന തലത്തില്‍ മത്സരിക്കണമെന്ന നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു ഇരുവര്‍ക്കും. രണ്ടു പേര്‍ക്കും സ്‌കൂള്‍ കലോത്സവത്തിലെ അവസാന അവസരമായിരുന്ന ഇത്. അങ്ങനെയാണ് റിസോര്‍ട്ടുകളില്‍ നൃത്തം ചെയ്ത് പണമുണ്ടാക്കാമെന്ന് ചിന്ത ഉദിച്ചത്.

നൃത്താധ്യാപകനായ കുമാര്‍ മാഷാണ് ഇവര്‍ക്ക് റിസോര്‍ട്ടുകളില്‍ നൃത്തം ചെയ്യാനുള്ള അവസരം ഒരുക്കിക്കൊടുത്തത്. അഭിരാമി എല്‍.പി സ്‌കൂള്‍ കാലം മുതല്‍ റിസോര്‍ട്ടുകളില്‍ നൃത്തം ചെയ്ന്നുണ്ട്. റിസോര്‍ട്ടുകളില്‍ ക്ലാസിക്കല്‍ നൃത്തമാണ് ഇവര്‍ അവതരിപ്പിക്കുന്നത്. ഒരു തവണ ഡാന്‍സ് ചെയ്താല്‍ 250 മുതല്‍ 500 രൂപവരെ പ്രതിഫലമായി ലഭിക്കും. എല്ലാ ദിവസങ്ങളിലും ഇത്തരത്തില്‍ പരിപാടികള്‍ ഉണ്ടാകും. ഇങ്ങനെ കിട്ടുന്ന പണം ഉറുമ്പ് അരിമണി കൂട്ടിവയ്ക്കുന്നത് പോലെ സ്വരുകൂട്ടിവച്ചാണ് അവര്‍ സംസ്ഥാന കലോത്സവത്തിന് നൃത്തം അവതരിപ്പിക്കാനെത്തിയത്. സാധാരണ നിലയില്‍ രാത്രി ഒമ്പതു മണിയോടെ തിരിച്ച് വീട്ടിലെത്തും. ചില ദിവസങ്ങളില്‍ നേരം പുലരും വരെ പരിപാടികള്‍ ഉണ്ടാകും. 

തിരിച്ചെത്തുന്നത് എത്ര വൈകിയിട്ടായാലും ക്ലാസ് മുടക്കാറില്ല ഇവരുവരും. അധ്യാപകരും സുഹൃത്തുക്കളുമൊക്കെ നല്ല പിന്തുണയാണ് നല്‍കുന്നത്. അഥവാ എന്നെങ്കിലും ക്ലാസ് മുടങ്ങിയാല്‍ സുഹൃത്തുക്കള്‍ നോട്ടൊക്കെ തയ്യാറാക്കി നല്‍കും. അതുകൊണ്ടു തന്നെ പഠനത്തില്‍ പിന്നാക്കം പോയിട്ടില്ല ഇന്നേവരെ ഇവര്‍. പത്താം ക്ലാസില്‍ ഇരുവര്‍ക്കും എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ടായിരുന്നു.

Content Highlights: Kalolsavam2018 State School Youth Festival