കെയുള്ള ആറര സെന്റ് വീടിനും പുരയിടത്തിനും ജപ്തി നോട്ടീസ് വന്നതിന്റെ മൂന്നാംനാളാണ് തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ഗൗതം ആലപ്പുഴയ്ക്ക് വണ്ടി കയറിയത്. ചേച്ചിക്ക് വിതുര ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ പഠിക്കാന്‍ വേണ്ടി പണയംവച്ചതായിരുന്നു വീട്. തിരിച്ചടവ് മുടങ്ങിയപ്പോള്‍ രണ്ട് ലക്ഷം അഞ്ചു ലക്ഷമായി. ഒടുവില്‍ ജപ്തി നോട്ടീസുമായി.

വായ്പ തിരിച്ചടയ്ക്കുന്നത് എങ്ങനെ എന്നതു സംബന്ധിച്ച് വലിയ ധാരണയില്ലെങ്കിലും ജപ്തി നോട്ടീസ് വരുമ്പോള്‍ ആലപ്പുഴ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു ഗൗതം. ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും നാടോടിനൃത്തത്തിലുമാണ് ഗൗതം കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.

പഠിക്കാന്‍ മിടുക്കനായ ഗൗതം വീട്ടുകാരുടെ ദുരിതവും കടങ്ങളും കാരണം നൃത്തപഠനം പാതിവഴിയില്‍ ഉപേക്ഷിക്കാനൊരുങ്ങിയതായിരുന്നു ഗൗതം. എന്നാല്‍ ശിഷ്യരുടെ ഫീസിനേക്കാള്‍ പ്രതിഭയെ അളക്കുന്ന നൃത്താധ്യാപകന്‍ ജോഷി ഗൗതമിനെ കൈവിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഗൗതമിനെ ജോഷി നൃത്തം അഭ്യസിപ്പിക്കുന്നത് ഫീസൊന്നും വാങ്ങാതെയാണ്.

പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഗൗതം ഇത് നാലാം തവണയാണ് കലോത്സവത്തിനെത്തുന്നത്. നാലു തവണയും മേക്കപ്പ്മാനുള്ള ഫീസൊഴികെ മറ്റൊന്നും ജോഷി  വാങ്ങിയിട്ടില്ല.

gaotham

മത്സരിക്കുന്ന മൂന്നിനങ്ങളിലും നേടുന്ന എ ഗ്രേഡുകളാണ് ഗൗതം അധ്യാപകന് നല്‍കുന്ന ഗുരുദക്ഷിണ. കലോത്സവത്തിന്റെ ഒരു ഇനത്തിനു തന്നെ ലക്ഷങ്ങള്‍ ചെലവ് വരുമ്പോള്‍ മൂന്നിനങ്ങളില്‍ പങ്കെടുപ്പിക്കുക എന്നത് ഗൗതമിന്റെ കുടുംബത്തെ സംബന്ധിച്ച് ലക്ഷങ്ങളുടെ ബാധ്യതയാണ് സമ്മാനിക്കുക. ഇവിടെയാണ് ജോഷി എന്ന സാധാരണക്കാരന്‍ ശിഷ്യരുടെ മനസറിയുന്ന ഗുരുവായത്. 

പത്ത് വര്‍ഷമായി ആറ്റിങ്ങല്‍ സ്വദേശിയായ ജോഷി കലോത്സവത്തിനായി കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. പലരും സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍. പക്ഷേ, ചിലങ്ക അണിയിക്കുമ്പോള്‍ ജോഷി കുട്ടികളുടെ പോക്കറ്റിന്റെ കനത്തെക്കുറിച്ച് ഓര്‍ക്കാറില്ല. അവരിലെ പ്രതിഭയെ അല്ലാതെ. നൃത്തത്തില്‍ മിടുക്കരായ ഒരു വിദ്യാര്‍ഥിക്കും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് അവസരം നഷ്ടമാകരുതെന്ന് നിര്‍ബന്ധമുണ്ട് അധ്യാപകന്. ഗൗതമിനെ മാത്രമല്ല മറ്റു രണ്ട് കുട്ടികളെയും കഴിഞ്ഞ കലോത്സവങ്ങളില്‍ ജോഷി സൗജന്യമായി പരിശീലിപ്പിച്ചിട്ടുണ്ട്. 

ശിഷ്യരിലെ കഷ്ടപ്പാട് കാണാന്‍ ജോഷിക്ക് മനസുണ്ടായതിനും കാരണമുണ്ട്. ഒന്നര വയസില്‍ ജോഷിയെയും അമ്മയെയും അച്ഛന്‍  ഉപേക്ഷിച്ചുപോയതില്‍ പിന്നെ ദുരിതമയമായിരുന്നു ജീവിതം. കഷ്ടപ്പെട്ടാണ് നൃത്ത പഠനം പൂര്‍ത്തിയാക്കിയത്. ഇതിനിടയില്‍ അംഗീകാരമായി കേന്ദ്രസര്‍ക്കാരില്‍ സ്‌കോളര്‍ഷിപ്പും ജോഷി കരസ്ഥമാക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ നാടോടിനൃത്ത മത്സരത്തിനായി ഗൗതമിനെ കൂടാതെ  ഇത്തവണ  മറ്റൊരു പെണ്‍കുട്ടിയെകൂടി ജോഷി സംസ്ഥാന കലോത്സവത്തിലേക്കായി പരിശീലിപ്പിച്ചിട്ടുണ്ട്.

Content Highlights: Kalolsavam2018 State School Youth Festival