സംസ്ഥാന കലോത്സവവേദിയിൽ വിഷ്ണു നാരായണൻ അഷ്ടപദി കീർത്തനം ചൊല്ലുമ്പോൾ അന്തരീക്ഷം ഭക്തിസാന്ദ്രമായി ക്ഷേത്രനടയിൽ നിൽക്കുന്ന അനുഭവമാണ് കാണികൾക്ക്.

മലപ്പുറം ജില്ലാ സംസ്‌കൃതോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയാണ് കക്കോവ് പി.എം.എസ്.എ. പി.ടി.എച്ച്.എസ്.എസിലെ ഒന്പതാം ക്ലാസ് വിദ്യാർഥി വിഷ്ണു സംസ്ഥാന മത്സരത്തിന് എത്തിയത്. സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി അച്ഛനും അമ്മയ്ക്കും അധ്യാപകർക്കും നൽകിയ വാക്ക് വിഷ്ണു പാലിച്ചു. ജീവിതപ്രാരബ്ധങ്ങൾക്കിടയിൽ നിന്നാണ് വിഷ്ണു സംസ്ഥാന വേദിയിലെത്തിയത്.  അഷ്ടപദിചൊല്ലൽ ഈ പതിനാലുകാരന് മത്സരത്തിനപ്പുറം ജീവിതമാണ്. വാദ്യകലാകാരനായ അച്ഛന്റെ ഏക വരുമാനമാണ് നാലംഗ കുടുംബത്തിനുള്ളത്.

അഞ്ചാം ക്ലാസ് മുതൽ അഷ്ടപദി പരിശീലിച്ചുതുടങ്ങിയ വിഷ്ണു ആക്കോട് മഹാവിഷ്ണു ക്ഷത്രം, രാമനാട്ടുകര മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ അഷ്ടപദി ചൊല്ലാൻ പോകാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന വരുമാനമാണ് സ്വന്തം വിദ്യാഭ്യാസത്തിനും അനുജത്തിയുടെ പഠനത്തിനും ഉപയോഗിക്കുന്നത്.

മലപ്പുറം വാഴയൂർ ആക്കോട് കൃഷ്ണാലയത്തിൽ നാരായണൻ മാരാർ പേരൂരിന്റെയും മാനിഷയുടെയും മകനാണ്. അനുജത്തി വൈഷ്ണവിയും വിഷ്ണുവിന്റെ പാത പിന്തുടരുന്നു. പിതൃസഹോദരൻ വേണുഗോപാല മാരാരാണ് വിഷ്ണുവിന്റെ ഗുരു.

Content Highlights: Kalolsavam2018 State School Youth Festival