രണ്ടിടങ്ങഴിയെന്ന കലോത്സവ വേദിയെ അന്വർഥമാക്കുംവിധം അണിയിച്ചൊരുക്കിയ ചെട്ടികാട് ശ്രീ ചിത്തിര മഹാരാജവിലാസം ഗവ.യു.പി.സ്‌കൂളിന് മന്ത്രിയുടെ സമ്മാനം. ഒരുകോടി രൂപയുടെ വികസനമാണ് സ്‌കൂളിലെത്തി ഒരുക്കങ്ങൾ വിലയിരുത്തിയ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് വാഗ്ദാനം ചെയ്തത്.

കലോത്സവത്തിന്റെ ഇരുപത്തഞ്ചാം വേദിക്ക് തകഴിയുടെ 'രണ്ടിടങ്ങഴി'യുടെ പേരാണ് നൽകിയത്. പ്രവേശന കവാടത്തിൽ തന്നെ കഥാകാരന്റെ ചിത്രവും പുസ്തകത്തിന്റെ പുറംചട്ടയും കമനീയമായി ഒരുക്കി. രണ്ടിടങ്ങഴിയെ കുട്ടികൾക്ക് അടുത്തറിയാനുള്ള എല്ലാം ഒരുക്കങ്ങളിലുമുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ വ്യാഴാഴ്ച രാത്രി സ്‌കൂളിലെത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

അതിനുശേഷമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രി സ്‌കൂളിലെത്തിയത്. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ജിമ്മി കെ.ജോസ് ഒപ്പമുണ്ടായിരുന്നു.

രണ്ടിടങ്ങഴിയിലെ ആശയം പൂർണമായി ഉൾക്കൊണ്ടു കൊണ്ടാണ് കലോത്സവവേദി തയ്യാറാക്കിയിരുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ മാതൃഭൂമിയോട് പറഞ്ഞു. സ്‌കൂളിന് പുസ്തകങ്ങൾ സമ്മാനമായി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: Education Minister like Kalolsavam Venue get 1 crore developement package