തൃശ്ശൂര്‍: 'പറഞ്ഞതു ഫലിച്ചു' എന്നു പറയാറുണ്ട്. എന്നാല്‍, പാട്ട് ഫലിച്ചു എന്നു പറയാവുന്ന ഒരു കഥ 1978-ല്‍ തൃശ്ശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം പറഞ്ഞുതരും. ഒരു പാട്ടില്‍നിന്ന് ഒരായിരം പാട്ടുകളെയും ഒരു വാനമ്പാടിയെയും മലയാളക്കരയ്ക്കു സമ്മാനിക്കുകയായിരുന്നു ആ കലോത്സവം. മുടി പിന്നിയിട്ട് മൈക്കിനു മുന്നില്‍നിന്ന് ലളിതഗാനം പാടിയ ആ പെണ്‍കുട്ടിയുടെ പേര് കെ.എസ്. ചിത്ര. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹൈസ്‌കൂളിനെ പ്രതിനിധാനം ചെയ്ത് 48-ാമത്തെ കോഡ് നമ്പറായി പാടി ഒന്നാമതെത്തുകയായിരുന്നു.

കലോത്സവം തീര്‍ന്ന ഫിബ്രവരി 19-ന് കിഴക്കേഗോപുരനടയിലെ പന്തലില്‍ സമാപനസമ്മേളനം തുടങ്ങി.  ചടങ്ങിന്റെ മുഖ്യാതിഥി അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയും. ആരോടും കിടപിടിക്കാന്‍ കഴിയുന്ന പ്രതിഭകള്‍ ഈ കലോത്സവത്തിലും ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു. വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായി വിരമിച്ച പി. ചിത്രന്‍ നമ്പൂതിരിപ്പാടായിരുന്നു സമ്മാനദാനം. പിന്നീട് ലളിതഗാന മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്‌കൂളിലെ മോഹന്‍ ലോറന്‍സ് സൈമണ്‍ സമ്മാനം കിട്ടിയ പാട്ടുപാടി. അതിനുശേഷമായിരുന്നു ചിത്രയുടെ ഊഴം. ചിത്ര പാടിക്കഴിഞ്ഞപ്പോള്‍ സദസ്സ് ഒന്നടങ്കം മറ്റൊരു ഗാനത്തിന് ആവശ്യപ്പെട്ടു. ലജ്ജാവതിയായ ചിത്ര മടിച്ചു. എന്നാല്‍, ഭാരവാഹികള്‍കൂടി നിര്‍ബന്ധിച്ചപ്പോള്‍ പാടിയ പാട്ട് ഇതായിരുന്നു.' ഒരു പാട്ടു പാടാന്‍ വന്നവള്‍ ഒരായിരം പാട്ടുപാടിയാലോ....'
സദസ്സിന് ഈ പാട്ട് നന്നേ പിടിച്ചു. ചിത്ര പാടിയ ആ പാട്ട് സ്വന്തം കാര്യത്തില്‍ ഫലിക്കുന്ന കാഴ്ചയാണ് പിന്നീട് കലാകേരളം കണ്ടത്.