ദുരിതപ്പെയ്ത്തില്‍ മുങ്ങി നിവര്‍ന്ന അതിജീവനത്തിന്റെ കരുത്താണ് ആലപ്പുഴയിലെ ഓരോ കലോത്സവവേദിയും. കലോത്സവത്തിന്റെ ആരവം നിറയുന്ന 30 വേദികളിലും നാല് മാസങ്ങള്‍ക്ക് മുന്‍പ് അഭയാര്‍ഥികളായിരുന്നു സംഘാടകരില്‍ പലരും. ഇല്ലായ്മകളും വല്ലായ്മകളും മറന്ന് മനം നിറഞ്ഞ ചിരിയുമായി അതിഥികളെ വരവേല്‍ക്കുകയാണ്  അവര്‍. 

കുരുത്തോലയില്‍ തീര്‍ത്ത വിവിധ കരവിരുതകളുമായി അതിഥികളെ സ്വീകരിക്കുകയാണ് നാടന്‍പാട്ട് വേദിയിലെ  നാട്ടുകലാകാര കൂട്ടം. ആലപ്പുഴ ജില്ലയിലെ നാടന്‍ പാട്ട് കലാകാരന്മാരുടെ കൂട്ടായ്മയാണ് നാട്ടുകലാകാര കൂട്ടം. കുരുത്തോല സമ്മാനം മാത്രമല്ല സൗജന്യ കുടിവെള്ള വിതരണവും ഇവരുടെ വകയായി ഉണ്ട്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. പാട്ടു പാടിയും വേദിയിലെ മത്സരാര്‍ഥികളെ പ്രോത്സാഹിപ്പിച്ചും വേണ്ട സഹായങ്ങള്‍ നല്‍കിയും എല്ലാവരും സജീവം. മത്സരത്തില്‍ ഓരോ ഗ്രൂപ്പിന്റെ അവതരണം കഴിയുമ്പോഴും മനസ് നിറഞ്ഞ് അഭിനന്ദിക്കാനും അവര്‍ മറക്കുന്നില്ല. 

നാടന്‍പാട്ട് മത്സരത്തിനായി തയ്യാറാക്കിയ വേദിയിലും ഈ കലാകാരന്മാരുടെ ഇടപെടലുണ്ടായി. മത്സരവേദിയില്‍ കര്‍ട്ടനില്ലാത്തതിനെ ഇവര്‍ ചോദ്യം ചെയ്തു. ചെലവ് ചുരുക്കലിന്റെ ഭാഗമായി വേദിയില്‍ കര്‍ട്ടന്‍ അനുവദിച്ചിട്ടില്ലെന്ന് സംഘാടകര്‍ അറിയിച്ചെങ്കിലും കര്‍ട്ടന്‍ വേണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചുനിന്നു. വേദി എട്ടിനും മുന്നില്‍ പാട്ടുപാടി പ്രതിഷേധിച്ച ഇവര്‍ക്ക് മുന്നില്‍ ഒടുവില്‍ സംഘാടകര്‍ മുട്ടുമടക്കി. കര്‍ട്ടന്‍ കെട്ടി രണ്ടരമണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചതെങ്കിലും അതിന്റെ അതൃപ്തിയോ മുഷിപ്പോ മിക്കവരിലും കണ്ടില്ല. കര്‍ട്ടനില്ലാതെ ഒരു പ്ലെയിന്‍ സ്റ്റേജില്‍ അവഗണിക്കപ്പെട്ട രീതിയില്‍ നടത്തേണ്ട  കലയല്ല നാടന്‍പാട്ട് എന്ന നിലപാടിനോട് ആസ്വാദകരും ഒപ്പം നിന്നു എന്ന് വേണം പറയാന്‍.

Content Highlights: State School Kalolsavam State School Youth Festival