ആലപ്പുഴ: അറബനമുട്ട് മത്സരം കൊട്ടിക്കയറുന്നതിനിടെയാണ് ലജ്‌നത്ത് മുഹമ്മദിയ്യ സ്‌കൂള്‍ ക്യാമ്പസിലേക്ക് പോലീസ് വാഹനങ്ങള്‍ ഇരച്ചെത്തുന്നത്. തൊട്ടുപിന്നാലെ മാധ്യമപ്രവര്‍ത്തകരും അവരുടെ വാഹനങ്ങളും. ഇതോടെ അറബനമുട്ട് മത്സരത്തിന്റെ സദസിലുണ്ടായിരുന്നവര്‍ കണ്ണുംകാതും കൂര്‍പ്പിച്ചു. എന്താണ് സംഭവം, എന്തിനാണ് പോലീസ് വന്നത് തുടങ്ങിയ ചോദ്യങ്ങളുയര്‍ന്നു. ദീപാ നിശാന്ത് മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായി വരുന്നുവെന്നത് അപ്പോഴാണ് സ്‌കൂളിലുള്ളവരും അറിഞ്ഞത്. ഇതോടെ ഒരുവശത്ത് അറബനമുട്ട് നടക്കുമ്പോള്‍ മറുവശത്ത് ദീപനിശാന്ത് എപ്പോള്‍വരുമെന്ന ചോദ്യങ്ങളും ഉയര്‍ന്നു. 

അറബനമുട്ട് നടന്ന വേദി ആറും ഉപന്യാസ മത്സരത്തിന്റെ മൂല്യനിര്‍ണയം നിശ്ചയിച്ചിരുന്ന വേദി മുപ്പതും ലജ്‌നത്ത് മുഹമ്മദിയ്യ സ്‌കൂള്‍ ക്യാമ്പസിലാണ് സജ്ജമാക്കിയിരുന്നത്. രാവിലെ പത്തുമണിയോടെ വേദി ആറില്‍ അറബനമുട്ട് മത്സരം ആരംഭിച്ചു. എന്നാല്‍ വേദി മുപ്പതില്‍ പത്തുമണി കഴിഞ്ഞിട്ടും മൂല്യനിര്‍ണയത്തിന് ആരുമെത്തിയില്ല.

മൂല്യനിര്‍ണയ വേദിയുടെ ചുമതലയുണ്ടായിരുന്ന അധ്യാപകര്‍ ബന്ധപ്പെട്ടവരോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ല. ഇതിനിടെ ദീപ നിശാന്ത് ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായി വരുന്നതായി വാര്‍ത്ത പുറത്തുവന്നു. പിന്നീട് മിനിറ്റുകള്‍ക്കുള്ളില്‍ ലജ്മത്തുല്‍ സ്‌കൂള്‍ ക്യാമ്പസില്‍ പോലീസ് വാഹനങ്ങള്‍ വരിവരിയായെത്തി. തൊട്ടുപിന്നാലെ മാധ്യമപ്രവര്‍ത്തകരും. എന്നാല്‍ നിമിഷങ്ങള്‍ക്കകം കാര്യങ്ങള്‍ മാറിമറിഞ്ഞു. 

Read Also: പ്രതിഷേധം, സംഘർഷം; പൊലീസ് സംരക്ഷണയിൽ ദീപ നിശാന്ത് മൂല്യനിർണയം നടത്തി മടങ്ങി...

പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഉപന്യാസമത്സരത്തിന്റെ മൂല്യനിര്‍ണയം സ്‌കൂളില്‍നിന്ന് മാറ്റുന്നതായി അഭ്യൂഹം പരന്നു. പക്ഷേ, ബന്ധപ്പെട്ടവര്‍ ഇക്കാര്യം സ്‌കൂള്‍ അധികൃതരെ അവസാനനിമിഷം വരെ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് ദീപ നിശാന്ത് ലജ്‌നത്തുല്‍ സ്‌കൂളിലേക്ക് വരില്ലെന്നും, മൂല്യനിര്‍ണയം അര്‍ബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലേക്ക് മാറ്റിയെന്നും സ്ഥിരീകരിച്ചു. ഇതോടെ ദീപാ നിശാന്തിനെ കാത്തിരുന്ന പോലീസും മാധ്യമപ്രവര്‍ത്തരും സ്‌കൂള്‍ ക്യാമ്പസില്‍നിന്ന് മടങ്ങി. അതിനിടെ വേദി ആറില്‍ ആവശേംചോരാതെ നിറഞ്ഞ സദസില്‍ അറബനമുട്ട് മത്സരം പുരോഗമിക്കുന്നുണ്ടായിരുന്നു. ദീപ നിശാന്ത് വരില്ലെന്നറിഞ്ഞതോടെ സ്‌കൂളിന് പുറത്ത് തമ്പടിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരും തിരികെമടങ്ങി. 

Content Highlights: state school kalolsavam 2018 alappuzha deepa nisanth came for judgement, police tightened security