ആലപ്പുഴ: ''ഞങ്ങള്‍ കടലോരത്തുള്ളവരാണ്, പ്രളയത്തില്‍ പെട്ട് ക്യാമ്പിലായപ്പോഴും പരീശീലനം മുടക്കിയിരുന്നില്ല. എല്ലാ വേദനയും മറന്ന് കളിച്ചായിരുന്നു ഉപജില്ലയില്‍ നിന്ന് വിജയിച്ച് ജില്ലയിലെത്തിയത്. പക്ഷെ ജില്ലയിലെത്തിയപ്പോള്‍ വിധികര്‍ത്താക്കള്‍ ഞങ്ങളെ ചതിച്ചു. പണത്തിന്റെ പുറത്ത് ഞങ്ങള്‍ക്ക് ഒരു വിധികര്‍ത്താവ് മാത്രം ഒമ്പത് മാര്‍ക്കോളം കുറച്ചു. ഞങ്ങള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ''.
''സംസ്ഥാന തലത്തില്‍ കളിക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും തൃശ്ശൂരില്‍ നിന്നുമെത്തി ചായവും വേഷവുമിട്ട് ഈ സ്കൂള്‍മുറ്റത്ത് ചുവട് വെക്കേണ്ടി വന്നത് ഈ അവസ്ഥ നിങ്ങളെ അറിയിക്കാനാണ്''. തൃശ്ശൂര്‍ വി.പി.എം എസ്.എന്‍.ഡി.പി എച്ച്.എസ്.എസിലെ സംഘ നൃത്ത സംഘത്തിലെ ഗോപിക നന്ദന കരഞ്ഞു കൊണ്ട് ഇങ്ങനെ പറയുമ്പോള്‍ അതില്‍ നീതിയുണ്ടെന്ന് തീര്‍ച്ച. നിസ്സഹായതയില്‍ പ്രതിഷേധിക്കാന്‍ പോലുമാവാതെ കണ്ണീര് മാത്രം ബാക്കിയായി പോവുന്ന ഒരുപാട് കലാകാരന്മാരുടെ കണ്ണീരിനെ സാക്ഷിയാക്കുന്നുണ്ടെന്ന് തീര്‍ച്ച.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഗ്ലാമര്‍ ഇനങ്ങളിലൊന്നായ സംഘനൃത്തം നടന്ന ഗവ.മോഡല്‍ സ്കൂള്‍ പരിസരത്താണ് ഇങ്ങനെ വ്യത്യസ്ഥമായ ഒരു പ്രതിഷേധത്തിന് കാണികള്‍ സാക്ഷിയായത്. തൃശ്ശൂര്‍ വി.പി.എന്‍. എസ്.എന്‍.ഡി.പി സ്കൂളിലെ ഗോപിക നന്ദന, ഗോപിക, സ്മിയ കണ്ണന്, ആര്‍ദ്ര, അക്ഷര, അഷിക, ലക്ഷ്മിപ്രിയ എന്നിവരാണ് വേഷമണിഞ്ഞെത്തി സ്കൂള്‍ മുറ്റത്ത് ഡാന്‍സ് കളിച്ച് പ്രതിഷേധിച്ചത്. ജില്ലാ തലത്തില്‍ കണ്ടു നിന്നവരില്‍ നിന്നെല്ലാം ഏറ്റവും പ്രശംസപിടിച്ച് പറ്റിയതായിരുന്നു ഇവരുടെ സംഘനൃത്തം. പക്ഷെ മാര്‍ക്ക് ലഭിച്ചപ്പോള്‍ മൂന്ന് വിധികര്‍ത്താക്കളില്‍ ഒരാള്‍ മാത്രം ഒന്നാംസ്ഥാനം ലഭിച്ച തൃശ്ശൂര്‍ സി.ജി.എച്ച്.എസ്.എസിനേക്കാള്‍ ഇവര്‍ക്ക് ഒമ്പത് മാര്‍ക്ക് കുറച്ചിട്ടു. 97-90-91 എന്നിങ്ങനെയായിരുന്നു മുന്ന് വിധികര്‍ത്താക്കള്‍ വീതം ഒന്നാം സ്ഥാനക്കാര്‍ക്ക് മാര്‍ക്കിട്ടത്. ഇവര്‍ക്ക് 88-89-91 എന്നിങ്ങനെയും മാര്‍ക്ക് കൊടുത്തു.
ഡാന്‍സ് മോശമാണെങ്കില്‍ എങ്ങനെയാണ് ഒരു വിധികര്‍ത്താവ് മാത്രം ഇത്രയധികം മാര്‍ക്ക് കുറക്കുക എന്നാണ് ഇവര്‍ ചോദിക്കുന്നത്. പക്ഷെ കൂടുതല്‍ ഒന്നും പറയേണ്ടതില്ലെന്ന് പറഞ്ഞ് ഇവരെ മാറ്റി നിര്‍ത്തുകയായിരുന്നു. മറ്റ് വിധികര്‍ത്താക്കളെല്ലാം ഒന്നാം സ്ഥാനക്കാരേക്കാളും ഒന്നും രണ്ടും മാര്‍ക്ക് കുറച്ചിട്ടപ്പോഴാണ് ഒര് വിധികര്‍ത്താവ് മാത്രം ഏഴ് മാര്‍ക്ക് കുറച്ചിട്ടത്. ഇത് അപ്പീല്‍ പോലും അനുവദിച്ച് കിട്ടരുത് എന്ന മുന്‍ വിധിയുടെ ഭാഗമായിട്ടായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.
അവസാന പ്രതീക്ഷയെന്നോളം ഡി.പി.ഐക്കും ലോകായുക്തയ്ക്കും അപ്പീല്‍ ഹര്‍ജി നല്‍കിയെങ്കിലും തങ്ങളെ നിഷ്കരുണം തള്ളുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്നാണ് പ്രതിഷേധിച്ച് നൃത്തം ചെയ്യാനായി ഇവര്‍ സ്കൂള്‍ മുറ്റത്തെത്തി ചായവും വേഷവുമിട്ട് നാട്ടുകാര്‍ക്ക് മുന്നില്‍ ഡാന്‍സ് കളിച്ചത്. സ്കൂളിലെ വിദ്യാര്‍ഥിനി തന്നെയായിരുന്ന ഡാന്‍സ് സംഘത്തിലെ ഗോപിക നന്ദന തന്നെയാണ് ഇവരെ ഡാന്‍സ് പഠിപ്പിച്ചത്. വിദ്യാര്‍ഥിനി പഠിപ്പിച്ചത് കൊണ്ട് മാത്രമാണ് അപ്പീല്‍ പോലും അനുവദിക്കാതിരുന്നതെന്നും സ്വാധീനമുള്ളവര്‍ പണം കൊടുത്ത് വിധികര്‍ത്താക്കളെ സ്വാധീനിച്ച് യോഗ്യത നേടുകയായിരുന്നുവെന്നും രക്ഷിതാക്കളും ആരോപിക്കുന്നുണ്ട്.
Content Highlights: Group Dance performs in Kalolsavam Venue, Protest at Group Dance Venue, 59th Kerala School Kalolsavam 2018