മിന്റു ജോണിന് 16 വയസ്സ്. പള്ളിക്കൂടത്തിൽ പോയിട്ടില്ല. പക്ഷേ, പഠിച്ചിട്ടുണ്ട്. പാട്ടും നൃത്തവും ഫോട്ടോഗ്രാഫിയും തുടങ്ങി സകല കലകളും. ഇവയിലൂടെ അവൾ മലയാളവും ഇംഗ്ലീഷും കണക്കും ശാസ്ത്രവുമെല്ലാം പഠിച്ചുകൊണ്ടിരിക്കുന്നു. ഹൈസ്‌കൂൾ പെൺകുട്ടികളുടെ കുച്ചിപ്പുഡി വേദിയിൽ മിന്റുവിനെ കണ്ടു. മുട്ടൻ ക്യാമറയും തൂക്കി, ചിത്രങ്ങളെടുക്കുന്നു. ഫോട്ടാഗ്രാഫിയിലെ കമ്പം മാത്രമല്ല മിന്റുവിനെ കുച്ചിപ്പുഡി വേദിയിലെത്തിച്ചത്. ആന്ധ്രയിലെ കുച്ചിപ്പുഡി ഗ്രാമത്തിൽ ആചാര്യൻ പശുമാത്തി രത്തച്ച ധർമകാലുവിന്റെ ശിക്ഷണത്തിൽ അവൾ കുച്ചിപ്പുഡി പഠിക്കുകയാണ്. രണ്ടുവർഷായി തുടങ്ങിയിട്ട്. കുച്ചിപ്പുഡിയുടെ അടിസ്ഥാനമായ യക്ഷഗാനം ശൈലിയാണ് പഠിക്കുന്നത്. ശാസ്ത്രീയനൃത്തങ്ങളുടെ കലർപ്പില്ലാത്ത കുച്ചിപ്പുഡി രൂപമാണ് പശുമാത്തി ശൈലി. വർഷങ്ങൾ വേണ്ടിവരും പൂർത്തിയാകാൻ.

ഹരിപ്പാട് വീയപുരം സ്വദേശികളായ ജോൺ ബേബിയുടെയും മിനിയുടെയും മകളാണ് മിന്റു. സഹോദരൻ മിനോൺ മുപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലതാരത്തിനുള്ള ദേശീയ അവാർഡ് ജേതാവുമാണ്. സ്വതന്ത്ര ചിന്താഗതിക്കാരായ ജോണും മിനിയും മക്കളെ സ്‌കൂളിൽ അയച്ച് പഠിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പകരം ലോകം കണ്ടും കേട്ടും പഠിക്കാനുള്ള അവസരം കൊടുത്തു. ഉത്സവ പറമ്പുകളിലും മഹാനഗരങ്ങളിലും മക്കളുമായി അവർ അലഞ്ഞ് നടന്നു. ആ യാത്രയിൽ കണ്ടതെല്ലാം കുട്ടികൾ വരച്ചു. കലാകാരന്മാരെ പരിചയപ്പെട്ടു. ഇഷ്ടംപോലെ സിനിമ കണ്ടു.

നൂറ്റൊന്ന് ചോദ്യങ്ങൾ എന്ന സിനിമയിലെ അഭിനയമാണ് മിനോണിന് ദേശീയ അവാർഡ് നേടിക്കൊടുത്തത്. മോഹൻലാലിനൊപ്പം എന്നും എപ്പോഴും സിനിമയിൽ പ്രധാനവേഷത്തിൽ അഭിനയിച്ചു. പ്രമുഖ കോളേജുകളിലടക്കം മുതിർന്നവർക്ക് ജീവിതവിജയത്തിനുള്ള ക്ലാസുകളെടുക്കാൻ മിനോണിനെ വിളിക്കും. നല്ല ചിത്രകാരനും കൂടിയാണ്. മിന്റു കഥകളി പഠിക്കുന്നുണ്ട്. ഒപ്പം പാട്ടും. നാല് വയസ്സുള്ളപ്പോൾ മുതൽ നൃത്തം പഠിക്കുന്നു. ഭരതനാട്യവും മോഹിനിയാട്ടവുമെല്ലാം കഴിഞ്ഞപ്പോഴാണ് കുച്ചിപ്പുഡിയുമായി ഇഷ്ടം കൂടിയത്.  

'ഭാഷകളെല്ലാം നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ട്. അക്ഷരമാല മുതൽ പഠിച്ച് തുടങ്ങിതല്ല. കുഞ്ഞായിരിക്കുമ്പോൾ അച്ഛനും അമ്മയും കഥകൾ വായിച്ച് തരുമായിരുന്നു. പിന്നീട്, അവരത് നിർത്തി. വേണമെങ്കിൽ സ്വന്തമായി വായിക്കാൻ പറഞ്ഞു. ബാലപ്രസിദ്ധീകരണങ്ങളിലെ കുഞ്ഞിക്കഥകൾ ദിവസങ്ങളെടുത്താണ് വായിച്ച് തുടങ്ങിയത്. പിന്നീട്, വേഗത്തിലായി. അറിയാതെ പഠിച്ചു.' പള്ളിക്കൂടത്തിന് പുറത്തുള്ള പാഠങ്ങളെപ്പറ്റി മിന്റു പറഞ്ഞു.

Content Highlights: 59th Kerala School Kalolsavam 2018, Alapuzha, Mintu the girl, she not study in School visit Kalolsavam