''ഞങ്ങള്‍ക്കോ ഈ ഗതി വന്നു ഇനിയുള്ള കുഞ്ഞുങ്ങളെങ്കിലും മാതാപിതാക്കളെ വഴിയരികിലേക്കു തള്ളിവിടാതിരിക്കട്ടെ'' ഇതു പറയുമ്പോള്‍ ജാനകിയമ്മയുടെ കണ്ണു നിറയുന്നുണ്ടായിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ കാഴ്ച്ചക്കാരുടെ നെഞ്ചിലെ നീറ്റലായി വന്നവരിലൊരാളാണ് ജാനകിയമ്മ. വാര്‍ധക്യമെത്തിയപ്പോള്‍, ശാരീരികമായി അവശയായപ്പോള്‍ മക്കള്‍ കറിവേപ്പില പോലെ വലിച്ചെറിഞ്ഞ ഒരു കൂട്ടം ആള്‍ക്കാര്‍. 

ഹരിപ്പാട് ഗാന്ധിഭവനിലെ സ്നേഹവീട്ടിലെ അമ്മമാരും അച്ഛന്‍മാരും കലോത്സവം കാണാനെത്തിയതിനു പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. മാതാവും പിതാവും ഗുരുവും ദൈവമാണ്-എന്നെഴുതിയ പ്ലക്കാര്‍ഡുകളും ഏന്തിയാണ് അവര്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ വകവയ്ക്കാതെ വേദിയിലേക്കു നടന്നുവന്നത്. ഊര്‍ജം നഷ്ടപ്പെടുന്ന കാലം വരെയും ആര്‍ക്കൊക്കെയോ വേണ്ടി ജീവിച്ച് ശരീരം തളര്‍ന്ന ഘട്ടമെത്തിയപ്പോഴേക്കും അനാഥ മന്ദിരത്തിലേക്കു തള്ളപ്പെട്ടവര്‍.

മാതാപിതാക്കള്‍ ആര്‍ക്കും വേണ്ടാതെ തള്ളപ്പെടുന്നതിനെതിരേ സന്ദേശം നല്‍കാന്‍ കലോത്സവവേദിയേക്കാള്‍ മികച്ച മറ്റൊന്നില്ലെന്ന് അവര്‍ക്കുറപ്പായിരുന്നു. നാളെയെ കെട്ടിപ്പടുക്കുന്ന ഭാവിതലമുറയോട് അവര്‍ക്കു പറയാനുള്ളത് ഇനിയാരും മാതാപിതാക്കളെ ഉപേക്ഷിക്കരുതെന്നാണ്. സ്നേഹവീട്ടിലെ ജാനകിയമ്മയുടെ വാക്കുകളിലേക്ക്...

''ഇപ്പോഴുള്ള കുഞ്ഞുങ്ങള്‍ ഒരു പ്രായമാകുമ്പോള്‍ മാതാപിതാക്കളെ അനാഥ മന്ദിരത്തിലോ വഴിയിലോ ഒക്കെ തള്ളിക്കളയുകയാണ്. അങ്ങനെ ഒരിക്കലും ചെയ്യരുതെന്ന് ഒരു സന്ദേശം പകരാനാണ് ഞങ്ങളെത്തിയത്. ഞങ്ങള്‍ക്കു വന്നതു വന്നു. ഇനിയാര്‍ക്കും ഇങ്ങനെ സംഭവിക്കരുത്. ഗാന്ധിഭവനൊക്കെ ഇല്ലായിരുന്നെങ്കില്‍ പ്രായം ചെന്നവരൊക്കെ റോഡില്‍ കിടക്കുമായിരുന്നില്ലേ. അങ്ങനെ ഇനിയുണ്ടാകരുതെന്ന് നിര്‍ബന്ധമാണ്. സര്‍ക്കാര്‍ കൂടി അറിഞ്ഞാണ് ഞങ്ങള്‍ ഇത്തരമൊരു സന്ദേശം പകരാന്‍ മുതിര്‍ന്നത്. ഇനിയിപ്പോ എല്ലാ സ്‌കൂളുകളിലും പോയി ഈ സന്ദേശം എത്തിക്കണം.''

നൊന്തു പ്രസവിച്ച മക്കള്‍ തന്നെ തെരുവിലേക്ക് വലിച്ചെറിഞ്ഞതിന്റെ നിരാശ മാത്രമല്ല, പുതുതലമുറയിലൊരാള്‍ പോലും തങ്ങളുടെ അവസ്ഥയിലേക്ക് ആരെയും എത്തിക്കരുതെന്നുമാണ് നിറകണ്ണുകളോടെ ജാനകിയമ്മ പറഞ്ഞുനിര്‍ത്തിയത്. 

സ്നേഹവീട്ടിലെ അമ്മമാരും അച്ഛന്മാരും കലോത്സവവേദിയില്‍ ഇത്തരമൊരു സന്ദേശം പകരാന്‍ എത്തിയതിനെക്കുറിച്ച് ഡയറക്ടറായ മുഹമ്മദ് ഷമീമും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവച്ചു.

''ഗാന്ധിഭവന്‍ സ്നേഹവീട്ടിലെ അമ്മമാരും അച്ഛന്മാരും മാസത്തിലൊരു ദിവസം ബീച്ചുകളിലോ തീയേറ്ററുകളിലോ പോലെ ഉല്ലാസ വിനോദ കേന്ദ്രങ്ങളില്‍ പോകാറുണ്ട്. ബന്ധുക്കളാലും മക്കളാലും ഉപേക്ഷിക്കപ്പെട്ട് പോലീസിന്റെ ഇടപെടലോടെ കോടതി ഉത്തരവുപ്രകാരം കടന്നുവന്നിട്ടുള്ള അച്ഛനമ്മമാരാണ് സ്നേഹവീട്ടില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം കലോത്സവം തുടങ്ങിയതിന്റെ പത്രവാര്‍ത്ത കണ്ട ഒന്നു രണ്ട് അമ്മമാര്‍ വന്നു കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും ചേര്‍ന്നു വരികയായിരുന്നു. ഞങ്ങള്‍ക്ക് വലിയൊരു ദൗത്യം കൂടിയുണ്ട്. മാതാപിതാഗുരു ദൈവം എന്ന സന്ദേശം കുഞ്ഞുമക്കളിലേക്കും വിദ്യാര്‍ഥികളിലേക്കും എത്തിക്കുന്ന ഗുരുവന്ദനം എന്ന പദ്ധതിയുടെ ഭാഗമായാണ് എത്തിയത്. ഭാവിയില്‍ മക്കളാലും ബന്ധുക്കളാലും ഉപേക്ഷിക്കപ്പെട്ട അച്ഛനുമമ്മയും അനാഥ മന്ദിരങ്ങളിലേക്ക് എത്തരുതെന്ന് പ്രാര്‍ഥനയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരവും ഈ പദ്ധതിക്കു ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളോട് അമ്മമാരുടെ അനുഭവം പങ്കുവച്ച് അവരെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചാണ് ഇവിടെ നിന്നു പോകുന്നത്.''-ഷമീം പറയുന്നു.

ഉറ്റവര്‍ക്കും ഉടയവര്‍ക്കുമൊപ്പം ജീവിച്ചു കൊതിതീരും മുമ്പെയാണിവരില്‍ ഓരോരുത്തരും തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ടത്. ഇന്നു വഴിയിലേക്കിറക്കി വിടുമ്പോള്‍ നാളെ ആ ഗതി നിങ്ങള്‍ക്കുണ്ടാകില്ലെന്ന് ആരുകണ്ടു..

Content Highlights: Kerala State School Kalolsavam Youth Festival Old Age