ബലയും കഥാപ്രസംഗവും അനഘ സെബാസ്റ്റ്യന് കലോത്സവ ഇനങ്ങളല്ല, വീട്ടുകാര്യങ്ങളാണ്. അച്ഛന്‍ സെബാസ്റ്റ്യനാണ് തബലയിലെ ഗുരു. കഥാപ്രസംഗം അഭ്യസിപ്പിക്കുന്നത് അമ്മ ഷീജയും.

ഇരുവര്‍ക്കും അനഘയുടെ സ്‌നേഹസമ്മാനവും ഗുരുദക്ഷിണയും കഥാപ്രസംഗത്തിലും തബലയിലും കഴിഞ്ഞ നാല് വര്‍ഷമായി വാരിക്കൂട്ടിയ എ ഗ്രേഡുകളാണ്. ആറാം ക്ലാസ് മുതല്‍ കലോത്സവ വേദികളിലും പൊതുവേദികളിലെ കഥാപ്രസംഗ രംഗത്തും സജീവമാണ് അനഘ. വയനാട് നടവയല്‍ സെയ്ന്റ്  സെബാസ്‌ററ്യന്‍സ് ഹയര്‍സെക്കന്‍ഡറി സകൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അനഘ മൂന്നാം വയസിലാണ് നൃത്തവും സംഗീതവും അഭ്യസിച്ചു തുടങ്ങിയത്. അതും മാതാപിതാക്കളുടെ ശിക്ഷണത്തില്‍ തന്നെ.

പ്രശസ്ത തബലിസ്റ്റും ബാബുരാജും  യേശുദാസും അടക്കമുള്ള നിരവധി സംഗീത പ്രതിഭകള്‍ക്കൊപ്പം വേദി പങ്കിട്ട പാരമ്പര്യവുമുള്ള കെ.പി പുരന്ദരദാസിന്റെ കൊച്ചുമകള്‍ കൂടിയാണ് അനഘ. പുരന്ദരദാസിന്റെ മകള്‍ ഷീജ 30 വര്‍ഷത്തിലേറെയായി കലാരംഗത്ത് സജീവമാണ്. നൂറ്റി അന്‍പതോളം വേദികളില്‍ ഇതിനോടകം കഥാപ്രസംഗം അവതരിപ്പിച്ചുകഴിഞ്ഞു.

നൃത്താധ്യാപികയായ ഷീജ മകളെ നൃത്തവും പഠിപ്പിച്ചിട്ടുണ്ട്. പുരന്ദരദാസിന്റെ ശിഷ്യനാണ് സെബാസ്റ്റ്യന്‍. 38 വര്‍ഷമായി തബലയില്‍ താളമിട്ടു തുടങ്ങിയിട്ട്. കലയും ജീവിതവും ഒന്നായപ്പോള്‍ മക്കളായ അനഘയും അക്ഷയും ഒപ്പം കൂടി. കലോത്സവവേദികളില്‍ തബലയിലും ജാസിലും അഞ്ച് വര്‍ഷം അക്ഷയ് ഉണ്ടായിരുന്നു എ ഗ്രേഡോടെ. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ കോളജില്‍ പിജി വിദ്യാര്‍ഥിയായ അക്ഷയ് പ്രൊഫഷണല്‍ ജാസ് പ്ലെയര്‍ കൂടിയാണ്. 

കലയും കലാകാരന്മാരും നിറഞ്ഞ വീടാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് വിശ്വസിക്കുന്ന സെബാസ്റ്റ്യനും ഷീജയ്ക്കും മക്കള്‍ മാത്രമല്ല ശിഷ്യരായുള്ളത്. വിവിധ ജില്ലകളിലായി നിരവധി കുട്ടികളാണ് ഇവരെ തേടി എത്തുന്നത്.

Content Highlights: Kerala State School Kalolsavam Youth Festival