ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ മാലിന്യരഹിതമാക്കാന്‍ ആലപ്പുഴയിലെ ഹരിതകര്‍മസേന സദാസമയവും കര്‍മനിരതം. നഗരസഭയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍നിന്നുള്ള വനിതകളാണ് കലാമേളയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിലാണ് ഹരിതകര്‍മ്മ സേനയെ രംഗത്തിറക്കിയത്. 

നഗരസഭയിലെ 52 വാര്‍ഡുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട വനിതകളാണ് സേനയിലെ അംഗങ്ങള്‍. രാവിലെ ആറുമണി മുതല്‍ ഇവരുടെ ജോലികള്‍ ആരംഭിക്കും. രാത്രി വൈകി മത്സരം അവസാനിക്കുന്നത് വരെ വേദികളിലുണ്ടാകും. 

അതതു ദിവസങ്ങളിലെ മത്സരങ്ങള്‍ അവസാനിച്ചശേഷം വേദികളും പരിസരവും വൃത്തിയാക്കിയതിനുശേഷം മാത്രമേ ഇവര്‍ മടങ്ങുകയുള്ളു. ആലപ്പുഴ നഗരസഭ മുന്‍കൈയെടുത്ത് തുടങ്ങിയ പുതിയ പദ്ധതിയാണ് ഹരിത കര്‍മസേനയെന്ന് സേനാംഗമായ സജീന മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കലോത്സവത്തിനുശേഷം നഗരസഭാ പരിധിയിലെ വീടുകളില്‍ നിന്ന് മാലിന്യം ശേഖരിച്ച് തരംതിരിച്ച് സംസ്‌കരണ യൂണിറ്റുകളിലെത്തിക്കാനാണ് പദ്ധതിയെന്നും അവര്‍ വിശദീകരിച്ചു.

Content Highlights: kerala school kalolsavam 2018 alappuzha kudumbasree cleaning programme