ഇനിയും കലോത്സവം വന്നോട്ടേ...എന്നാലും ഇനി വരില്ലല്ലോ എന്റെ കണ്ണൻ... വർഷങ്ങൾക്കുമുൻമ്പ് ആ അമ്മ  മകനെക്കുറിച്ചെഴുതിയവരികൾ. മകൻ വരില്ലെന്ന് ആ അമ്മയ്ക്ക് നന്നായറിയാം. പക്ഷേ, അവൻ ഓടിക്കളിച്ച കലോത്സവമുറ്റത്ത് ഒരിത്തിരി നേരം ഇരുന്നാൽ ഒരാശ്വാസം. സംസ്ഥാന സ്‌കൂൾ കലോത്സവത്തിനിടെ 2008 ജനുവരിയിൽ നിളാനദി കവർന്ന യദുകൃഷ്ണന്റെ ഓർമകൾക്ക് പൂച്ചെണ്ടുമായി അമ്മ രമാദേവിയും അച്ഛൻ അയ്യപ്പൻ നായരും വീണ്ടുമെത്തി. പക്ഷേ ആ  വരവ് അധികമാരും അറിഞ്ഞില്ലെന്ന് മാത്രം.

കലോത്സവത്തിന് ആഘോഷപ്പകിട്ട് കുറഞ്ഞതോടെ എല്ലാവരും യദുകൃഷ്ണനെയും കുടുംബത്തെയും മറന്നു. കലോത്സവത്തിൽ രണ്ടാമതെത്തുന്ന സ്‌കൂളിന് യദുകൃഷ്ണന്റെ പേരിലാണ് ട്രോഫി. ഇത് നൽകാൻ രമാദേവിയും അയ്യപ്പൻ നായരും എത്തുന്നത് പതിവായിരുന്നു. ഇക്കുറി കലോത്സവത്തിൽ ട്രോഫി വിതരണമില്ല. അതിനാൽ സംഘാടകർ ക്ഷണിച്ചില്ല. എന്നിട്ടും മകന്റെ ഓർമകളിലേക്ക് തിരിച്ചുപോകാനുള്ള പതിവിന് ആ അച്ഛനും അമ്മയും മാറ്റം വരുത്തിയില്ല. ഒന്നാംവേദിയായ ലിയോ തേർട്ടീന്ത് സ്‌കൂളിൽ കുച്ചിപ്പുഡി അരങ്ങുതകർക്കുമ്പോൾ അവർ വന്നു.

യദുകൃഷ്ണന്റെ മരണശേഷം പക്ഷാഘാതം വന്ന് തളർന്നതാണ് അയ്യപ്പൻ നായർ. മറ്റൊരാളുടെ സഹായത്തോടെ മകന്റെ പേരിട്ട 'യദുകൃഷ്ണം' എന്ന കാറിലാണ് അയ്യപ്പൻ നായരെ കൊണ്ടുവന്നത്. അയ്യപ്പൻ നായർ കാറിലിരുന്നു കലാമേളയുടെ ആരവങ്ങൾ കേട്ടു. രമാദേവി സദസ്സിലാകെ നടന്നു. കുട്ടികളുമായി കുശലം പറഞ്ഞു. അവരോട് മകന്റെ കഴിവുകളെക്കുറിച്ച് വാതോരാതെ പറഞ്ഞു സങ്കടം മായാതെ.

കൊല്ലം തേവള്ളി മോഡൽ ബോയ്സ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥിയായിരുന്നു യദുകൃഷ്ണൻ. മൂകാഭിനയത്തിലും ഒപ്പനയിലും പങ്കെടുക്കാൻ മലപ്പുറത്തെത്തിയപ്പോഴാണ് നിളാനദിയിൽ മുങ്ങി മരിച്ചത്. കൂട്ടുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ദുരന്തം. അന്നുതൊട്ടിങ്ങാട്ട് വേദികളുടെ പേരായും ട്രോഫിയായുമൊക്കെ യദുകൃഷ്ണൻ ഉണ്ടായിരുന്നു. പക്ഷേ, ഇക്കുറി യദുകൃഷ്ണന്റെ ഓർമ പുതുക്കാൻപോലും ആരുമില്ലായിരുന്നു.

മകന്റെ ഓർമകളിലൂടെ സഞ്ചരിച്ച് ചേർത്തല ഒറ്റപ്പുന്നയ്ക്കു സമീപം യദുകൃഷ്ണന്റെ പേരിൽ പണിത 'യദുകൃഷ്ണം' വീട്ടിലേക്ക് അവർ മടങ്ങി.

Content Highlights: Kalolsavam2018 State School Youth Festival yadhukrishnan