വാളും പരിചയും കൊണ്ട് വീണ ഭടന്മാരുടെ ചോരയിൽനിന്നാണ് പരിചമുട്ടുകളി പൂർത്തിയാക്കിയത്. സ്റ്റേജിൽ ചോരവീഴാത്ത ടീമുകൾ പരിചമുട്ടുകളിയിൽ ചുരുക്കം.

കളി കാര്യമായത് വടകര പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ടീമിലാണ്. കളിയിലെ കേമനായ ആകാശ് പരിചയുടെ ഇടിയേറ്റ് വീണുപോയി. വാരിയെല്ലിന് ക്ഷതമേറ്റ ഈ വിദ്യാർഥിയെ വിദഗ്ധ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കളിക്കിടയിൽ കൂട്ടുകാരന്റെ പരിച അബദ്ധത്തിലാണ് ആകാശിനെ തട്ടിയത്. ഇതിന്റെ ആഘാതത്തിൽ ഒന്നുപുളഞ്ഞെങ്കിലും വേദന കടിച്ചമർത്തി കളി പൂർത്തിയാക്കി. വേദിക്ക് പുറത്തേക്കിറങ്ങിയ ഉടനെ ബോധംകെട്ടുവീണു. എല്ലാവരുംചേർന്ന് പ്രഥമ ശുശ്രൂഷാകേന്ദ്രത്തിൽ എത്തിച്ചു. ഈ സമയം ക്ഷതമേറ്റ ഭാഗം വീർത്തു. ഡോക്ടർമാർ അടിയന്തര ശുശ്രൂഷ നടത്തിയെങ്കിലും ആശ്വാസമായില്ല. ഇതിനെത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

മാള സെയ്ന്റ് ആന്റണീസ് ഹയർ സെക്കൻഡറിയിലെ ശ്രീഹരിക്ക് വാളിനാണ് വെട്ടേറ്റത്. കൈവിരലുകളിൽ ചെറിയ മുറിവ് മാത്രമായതിനാൽ പ്രാഥമിക ചികിത്സയിൽ നിന്നു.

ഇറങ്ങുന്ന ഓരോ ടീമിലും രക്തം ചിന്താത്തവർ കുറവായിരുന്നു. ഇറങ്ങുന്ന ടീമെല്ലാം അതുകൊണ്ടുതന്നെ  ശുശ്രൂഷാ കേന്ദ്രത്തിൽ കൂടി നിന്നു. ആരും കാര്യമായി ശ്രദ്ധിക്കാതിരുന്ന പ്രഥമശുശ്രൂഷാകേന്ദ്രവും അങ്ങനെ ശ്രദ്ധനേടി.

Content Highlights: Kalolsavam2018 State School Youth Festival