ആലപ്പുഴ: രചനാ മത്സരങ്ങളുടെ വിധി കര്‍ത്താവായി ദീപ നിശാന്ത് എത്തുന്നു. ദഫ് മുട്ടിന്റെ താളത്തിലും കോല്‍ക്കളിയുടെ ആവേശത്തിലും തിരുവാതിരക്കളിയുടെ സൗന്ദര്യത്തിലും മുഴുകിയിരുന്ന മാധ്യമ പ്രവര്‍ത്തകരുടെ ഇടയിലേക്ക് കാട്ടുതീ പോലെയായിരുന്നു രാവിലെ ആ വാര്‍ത്ത പടര്‍ന്നത്. പ്രതിഷേധക്കാരെത്തുമെന്നും സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും പോലീസിന് രഹസ്യ വിവരം ലഭിച്ചതോടെ ലജ്‌നത്തുല്‍ സ്‌കൂള്‍ പ്രതിഷേധ പ്രകടനങ്ങളുടെ സ്ഥിരം വേദിയായ കളക്ടറേറ്റ് പരിസരം പോലെയായി.

വിധി നിര്‍ണയവേദി മാറ്റിയെന്നും ഇല്ലായെന്നും അഭ്യൂഹം പരന്നതോടെ വീണ്ടും ആശങ്ക. രചന കോപ്പിയടിച്ചവരെ എങ്ങനെ രചനയുടെ വിധി നിര്‍ണയത്തിന് ക്ഷണിച്ചുവെന്ന ചര്‍ച്ച വേദികളിലെല്ലാം സജീവം. വീണ്ടും കാത്തിരിപ്പ്. അതിനിടയില്‍ ആരുമറിയാതെ ദീപാ നിശാന്തിനെ പോലീസ് വിധി നിര്‍ണയത്തിനായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലെത്തിച്ചു.

വിധി നിര്‍ണ സ്ഥലം അതല്ലെങ്കിലും പ്രതിഷേധം ഭയന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിലേക്ക് വിധി നിര്‍ണയം മാറ്റുകയായിരുന്നു.  പ്രതിഷേധം ശക്തമായതോടെ വി.ഐ.പി സുരക്ഷ ദീപ നിശാന്തിന് നല്‍കേണ്ട അവസ്ഥയിലായി പോലീസ്. ദീപയെ ഓഫീസിന്റെ മുകള്‍ നിലയില്‍ എത്തിച്ച് താഴെ ഷട്ടറിന് താഴിട്ടാണ് പോലീസ് അവര്‍ക്ക് സുരക്ഷയൊരുക്കിയത്. ദീപ നിശാന്തിനെ സ്ഥലത്തെത്തിക്കാനും തിരിച്ച് കൊണ്ടുപോവാനും മാത്രമായി നിരവധി പോലീസ് വാഹനങ്ങളാണ് ബാങ്കിന്റെ പരിസരത്ത് എത്തിയത്. എല്ലാ സുരക്ഷയുമൊരുക്കണമെന്നും വിധി നിര്‍ണയത്തില്‍ നിന്ന് ദീപയെ മാറ്റില്ലെന്നും ഔദ്യോഗിക വിശദീകരണം എത്തിയതോടെ പോലീസിന് കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമായി എടുക്കേണ്ടിയും വന്നു. 

ഒടുവില്‍ പ്രതിഷേധക്കാര്‍ ഇവിടേയുമെത്തിയതോടെ പോലീസ് പൂര്‍ണമായും വലഞ്ഞു. തടിച്ച് കൂടിയ മാധ്യമപ്രവര്‍ത്തകരേയും നാട്ടുകാരേയും നിയന്ത്രിക്കാന്‍ നന്നേ വലഞ്ഞ് പോയിരുന്നു പോലീസ്. ഒരുപക്ഷേ, കലോത്സവ ചരിത്രത്തില്‍ ആദ്യമായിട്ടാവും ഒരു വിധികര്‍ത്താവിന് ഇത്രയും വലിയ സുരക്ഷ ഒരുക്കേണ്ട അവസ്ഥയിലേക്ക് പോലീസ് എത്തിയത്.

ഇതിനിടയില്‍ ഒമ്പതോളം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് ഗതാഗത സ്തംഭനത്തിനും സംഘര്‍ഷത്തിനും കാരണമാവുകയും ചെയ്തു. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനിടെ റോഡില്‍ വീണതാണ് ഗതാഗത കുരുക്കിന് കാരണമായത്. ഒരു മണിക്കൂര്‍ നേരത്തെ വിധി നിര്‍ണയത്തിന് ശേഷം ബാങ്ക് ഓഫീസിന്റെ രണ്ടാം നിലയില്‍ നിന്നും ദീപയെ പുറത്തെത്തിക്കാനും പോലീസ് നന്നേ പണിപെട്ടിരുന്നു. ഒടുവില്‍ വിധി നിര്‍ണയം പൂര്‍ത്തിയായതായി അറിയിക്കുകയും ചെയ്തു.

എസ്. കലേഷിന്റെ കവിത സ്വന്തം പേരില്‍ ഒരു സര്‍വീസ് സംഘടനയുടെ പുസ്തകത്തില്‍ അച്ചടിച്ചുവെന്നതായിരുന്നു ദീപ നിശാന്തിനെതിനെ വിവാദത്തിലാക്കിയത്. തുടര്‍ന്ന് ഇവരെ പലരും നിശ്ചയിച്ച പരിപാടികളില്‍ നിന്നൊക്കെ മാറ്റി നിര്‍ത്തിയിരുന്നു. ഇതിനിടെയാണ് ഒരു സംസ്ഥാന കലോത്സവത്തിലെ രചനാ മത്സരങ്ങളുടെ  വിധി കര്‍ത്താവായി ദീപയെത്തിയത്. ഒടുവില്‍ വലിയ വിവാദം ഇല്ലാതെ ഒന്നാം ദിവസം കടന്ന് പോയ കലോത്സവം രണ്ടാം ദിവസത്തില്‍ സംഘര്‍ഷത്തിന്റേയും പ്രതിഷേധത്തിന്റേയും കലോത്സവമായി മാറി.

Content Highlights: Deepa Nishanth came as Judge in school kalolsavam State School Youth Festival