ശ്രദ്ധേയമായ വേഷങ്ങള്‍ കൊണ്ട് സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് അനു സിത്താര. കൈനിറയെ ഉണ്ട് വേഷങ്ങള്‍. എന്നാല്‍, ഇപ്പോള്‍ ചെറിയൊരു ടെന്‍ഷനിലായിരുന്നു കഴിഞ്ഞ ദിവസം വരെ മലയാളത്തിന്റെ പ്രിയ നായിക. ദുബായില്‍ താരസംഘടനയായ എ.എം.എം.എയുടെ പരിപാടിയുടെ ഒരുക്കങ്ങളില്‍ മുഴുകിക്കഴിയുമ്പോഴും മനസ്സ് കാതങ്ങൾ അകലെയുള്ള ആലപ്പുഴയിലായിരുന്നു.

ആലപ്പുഴയില്‍ അനു സിത്താര നടിയായിരുന്നില്ല, ഒരു വെറും ചേച്ചിയായിരുന്നു. അനുജത്തി നിറഞ്ഞാടുന്ന വേദികള്‍ക്ക് മുന്നില്‍ ചങ്കിടിപ്പോടെ കാത്തിരിക്കുന്ന, അവള്‍ക്കുവേണ്ടി നെഞ്ചില്‍ കൈവച്ച് പ്രാര്‍ഥിക്കുന്ന നാ​ട്യങ്ങളേതുമില്ലാത്ത സ്‌നേഹമുള്ള ചേച്ചി.

അനു സിത്താരയുടെ അനുജത്തി അനു സോനാര സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒരു മത്സരാര്‍ഥിയായിരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗം കഥകളിയിലും മാപ്പിളപ്പാട്ടിലുമാണ് വയനാട് കല്‍പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അനു സേനാര മത്സരിച്ചത്. രണ്ടിലും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. ഫലം വന്ന ഉടനെ വിവരം ചേച്ചിയെ വിളിച്ചു പറഞ്ഞു. ചേച്ചിക്ക് സന്തോഷം അടക്കാനായില്ലെന്ന് അനു സോനാര പറയുന്നു. അനിയത്തിക്കൊപ്പം എത്താന്‍ സാധിക്കാത്തതിന്റെ വിഷമത്തിലായിരുന്നു അന്നേരം വരെയും അനു സിത്താര. അതുകൊണ്ട് തന്നെ അച്ഛന്റെയും അമ്മയുടെയും ഫോണുകളിലേയ്ക്ക് ഇടവിട്ട് വിളിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. അനിയത്തിയുടെ മത്സരഫലം അറിഞ്ഞപ്പോഴാണ് ദുബായിലിരിക്കുന്ന ചേച്ചിക്ക് ശ്വാസം നേരെ വീണത്.

ചേച്ചിയെ പോലെ സിനിമാ മേഖലയിലേക്ക് കടന്നു വരാനുള്ള തയ്യാറെടുപ്പിലാണ് അനു സോനാരയും. അതുതന്നെയാണ് അനു സോനാര ഏറ്റവും വലിയ സ്വപ്‌നവും. അഞ്ജലി എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചുകഴിഞ്ഞു. ഇനി പഠനം കഴിഞ്ഞിട്ടുവേണം ചേച്ചിയെ പോലെ വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങാന്‍.

2016 വരെയുള്ള കലോത്സവ വേദികളിലെ ഭരതനാട്യം, മോഹിനിയാട്ടം വേദികള്‍ സജീവമായിരുന്നു അനു സിത്താരയും. കാലിക്കറ്റ് സര്‍വകലാശാല കലാതിലകമായിരുന്നു.

അച്ഛന്‍ അബ്ദുള്‍ സലാമിനും അമ്മ രേണുകയ്ക്കുമൊപ്പമാണ് അനു സോനാര കലോത്സവത്തിന് എത്തിയത്.

Content Highlights: Anu Sithara Malayalam Actress Anu Sonara kalolsavam State Youth Festival