കഥകളി, ഓട്ടൻതുള്ളൽ, ചെണ്ട, പാട്ട്, ശാസ്ത്രീയ നൃത്തങ്ങൾ... എട്ടാം ക്ലാസുകാരി ആദിത്യ എസ്.നായർ തൊട്ടതെല്ലാം പൊന്നാണ്. ഇത്രയും ഇനങ്ങളോയെന്ന് അദ്ഭുതം കൂറിയപ്പോൾ ആദിത്യ ചിരിച്ചു. അമ്മ ശ്രീജ അടുത്തുനിന്ന് കണ്ണ് തുടച്ചു, മകൾ കാണാതെ. രണ്ടാം വയസ്സിൽ അച്ഛൻ ഉപേക്ഷിച്ചതാണ്. അമ്മയ്ക്ക് ജോലിയില്ല. റോഡ് വികസനം വന്നപ്പോൾ വീടും പോയി. സഹോദരന്റെ വീട്ടിൽ അഭയം. സങ്കടങ്ങൾക്ക് നടുവിലും മകളുടെ കലാവിജയങ്ങളിലൂടെയാണ് ശ്രീജയുടെ ജീവിതം ഒഴുകന്നത്.

കൊട്ടാരക്കര പവിത്രേശ്വരം കെ.എൻ.എൻ.എം. ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസുകാരിയായ ആദിത്യ, ഹൈസ്‌കൂൾ വിഭാഗം മോഹിനിയാട്ടത്തിലെ ആദ്യ മത്സരാർഥിയായിരുന്നു.
അടൂർ ഏനാത്ത് കുളക്കാടാണ് ശ്രീജയുടെ സ്വദേശം. ആദിത്യയ്ക്ക് രണ്ടുവയസ്സുള്ളപ്പോൾ അച്ഛൻ പിണങ്ങിപ്പിരിഞ്ഞു. ഇതിനിടെ റോഡ് വികസനത്തിന് വീടെടുത്തു. അങ്ങനെയാണ് സഹോദരന്റെ പേരിലുള്ള കൊട്ടാരക്കര നെടുവത്തൂരിലെ ശ്രീനന്ദം വീട്ടിലേക്ക് മാറുന്നത്. ആ മാറ്റമാണ് ആദിത്യയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ആദിത്യയെ കൊട്ടാരക്കര തമ്പുരാൻ സ്മാരക കഥകളി കലാമണ്ഡലത്തിൽ ചേർക്കാൻ കഴിഞ്ഞു. അതും മൂന്നരവയസ്സ് മാത്രമുള്ളപ്പോൾ.

നാലര വയസ്സുള്ളപ്പോൾ കൊട്ടാരക്കര ഗണപതി അമ്പലത്തിൽ കഥകളി അരങ്ങേറ്റം. അടുത്തവർഷം ഓട്ടൻതുള്ളലിലും ചെണ്ടയിലും അവിടെത്തന്നെ അരങ്ങേറി. അഞ്ചാം ക്ലാസ് മുതൽ ഉപജില്ല, ജില്ലാ തലങ്ങളിൽ നൃത്ത ഇനങ്ങളിൽ സമ്മാനം നേടുന്നു. മകൾ നൃത്തം പഠിച്ച് തുടങ്ങിയതോടെ ശ്രീജയും ആ വഴിക്ക് തിരിഞ്ഞു. സ്‌കൂൾ കാലത്ത് നൃത്തം പഠിച്ചിരുന്നു. വിവാഹം കഴിഞ്ഞതോടെ അതെല്ലാം മാറ്റിവച്ചു. മകളെ പഠിപ്പിക്കാൻ പഠിച്ചുതുടങ്ങിയ ശ്രീജയ്ക്ക് നൃത്തം ജീവിക്കാനുള്ള വഴികൂടി കാട്ടിക്കൊടുത്തു. ഇപ്പോൾ 28 കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നു. അതാണ് ജീവിതമാർഗം.
ആദിത്യയും വീട്ടിലെ നൃത്ത ക്ലാസിൽ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടിയിരുന്നു. സ്‌കൂളിലെ നാടകസംഘത്തിലും അംഗമായിരുന്നു. കഴിഞ്ഞവർഷം മികച്ച നടിയായിരുന്നു.

സംസ്ഥാന കലോത്സവത്തിൽ ആദ്യ ഊഴമാണ്. കൂടുതൽ ഇനങ്ങളിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടാണ് ഈ മിടുക്കിയെ പിന്നോട്ട് വലിക്കുന്നത്. പ്രാക്കുളം ശരത്താണ് ഗുരു. ഗുരുവാണ് മത്സരത്തിനെത്താനുള്ള ചെലവ് വഹിച്ചത്. ഗുരുവിന്റെ കാരണ്യത്താലാണ് ഇവിടെ ചിലങ്ക കെട്ടിയതെന്ന് ശ്രീജ പറഞ്ഞു. കലാവേദികളിലെ വിജയമറിയുമ്പോൾ അച്ഛൻ ആദിത്യയെ ഫോണിൽ വിളിച്ച് അഭിനന്ദിക്കാറുണ്ട്. ആലപ്പുഴയിൽനിന്ന് മടങ്ങുമ്പോഴും ആദിത്യ ആ വിളി പ്രതീക്ഷിക്കുന്നുണ്ടാകും.

Content Highlights: Adithya a heart tuching story from Kalolsavam 2018 Alapuzha