മാത്തൂർ ഭഗവതീക്ഷേത്രനടയിൽ എത്തിയപ്പോൾ അഞ്ചുപേരുടേയും ചുണ്ടിൽ ആ ഈരടിയായിരുന്നു.
മാത്തൂരമരും ഭഗവതി ഭദ്രേ
കാത്തരുളീടുക കഥകൾ കഥിപ്പാൻ...

'ഇവിടെയൊന്ന് നമസ്‌കരിക്കണം. ഈ നടയിലിരുന്നാണല്ലോ കുഞ്ചൻ നമ്പ്യാർ തന്റെ തുള്ളൽ കഥകളിൽ ഏറെയും എഴുതിയത്.' - തുള്ളൽ ആശാനായ കലാമണ്ഡലം പ്രഭാകരൻ ശ്രീകോവിലിനുനേരേ കൈകൂപ്പി.

പ്രളയം മുടക്കിയ ഒരു തീർഥയാത്രയുടെ സാഫല്യമായിരുന്നു അദ്ദേഹത്തിന് ഈ യാത്ര. ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ ഓട്ടൻതുള്ളലിൽ എ ഗ്രേഡ് കിട്ടിയ രണ്ട് മിടുക്കികളുമായാണ് അദ്ദേഹം നെടുമുടിക്കടുത്ത് മാത്തൂർ ഭഗവതീക്ഷേത്രത്തിൽ എത്തിയത്. വൈക്കം സെയ്ന്റ് ലിറ്റിൽ തെരേസാസ് ജി.എച്ച്.എസ്.എസിലെ ജൈത്ര എൻ.നമ്പൂതിരിയും ഗുരുവായൂർ ലിറ്റിൽ ഫ്‌ലവർ കോൺവെന്റ് ജി.എച്ച്.എസ്.എസിലെ നന്ദിതാ ടി.പ്രകാശുമായിരുന്നു ആ ജേതാക്കൾ. 

ഗുരുക്കന്മാരായ മണലൂർ ഗോപിനാഥും രമ്യാ കൃഷ്ണനും ഒപ്പം കൂടി. കുഞ്ചന്റെ തുള്ളലിന് മണികെട്ടിയ മാത്തൂർ ക്ഷേത്രത്തിലും കളരിയിലും കളിത്തട്ടിലും അവർ നമസ്‌കരിച്ചു. ചെമ്പകശ്ശേരി രാജാവിന്റെ സൈന്യാധിപനായിരുന്ന മാത്തൂർ പണിക്കരുടെ കളരിയും മാത്തൂർ ഭഗവതീക്ഷേത്രവും തുള്ളൽ പ്രസ്ഥാനത്തോട് അത്രത്തോളം ചേർന്നുനിൽക്കുന്നു.

'മാത്തൂരംബികേ നിൻ മെയ് പാർത്തു ഞാൻ വണങ്ങുന്നേ'യെന്ന് നമ്പ്യാർ പലവട്ടം പാടിയിട്ടുണ്ട്. പ്രഭാകരനാശാൻ പുതുതലമുറയ്ക്ക് ആ കഥകൾ പകർന്നു. മണലൂർ ഗോപിനാഥ് സാഷ്ടാംഗം പ്രണമിച്ചു.
കലാമണ്ഡലം എക്‌സിക്യുട്ടീവ് ബോർഡംഗമായ പ്രഭാകരനാശാൻ അവിടത്തെ കുട്ടികളുമായി ഓഗസ്റ്റിൽ അമ്പലപ്പുഴ, മാത്തൂർ ക്ഷേത്രങ്ങളിലേക്ക് ഒരു യാത്ര നടത്താനിരുന്നതാണ്. പ്രളയം വന്നതിനാൽ യാത്ര മുടങ്ങി.' ആ ഭാഗ്യമുണ്ടായത് ഇപ്പോഴാണ്. ഒക്കെ ഒരു നിയോഗം' - ആശാൻ വിനീതനായി.

Content Highlights: Kerala School Kalolsavam 2018, Ottanlullal