ആലപ്പുഴ: വിധികർത്താവിനെ ചൊല്ലി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വൻ സംഘർഷം. ആലപ്പുഴ ടീമിന്റെ പരിശീലകന്‍ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കൂടിയാട്ട മത്സരത്തിൽ വിധികര്‍ത്താവായി എത്തിയതാണ് സംഘർഷത്തിന് കാരണമായത്. വിധികർത്താവിനെ മാറ്റണമെന്ന ആവശ്യവുമായി മത്സരാർഥികളായ പെൺകുട്ടികൾ മേക്കപ്പോടെ തന്നെ തെരുവിൽ  പ്രതിഷേധവുമായി ഇറങ്ങി. മത്സരവേദിയായ ടി.ഡി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്രധാന വേദിയായ ലിയോ തേട്ടീൻത്ത് സ്കൂളിലേയ്ക്ക് മാർച്ച് നടത്തിയ വിദ്യാർഥിനികളെ പോലീസ് വഴിയിൽ തടഞ്ഞു.

വൈകീട്ട് ഏഴ് മണിയോടെ ഡി.ഡി.യെത്തി തെരുവിൽ വച്ചു തന്നെ കുട്ടികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം ഒത്തുതീർന്നത്. വിവാദനായകനായ വിധികർത്താവിനെ മാറ്റി മത്സരം ഞായറാഴ്ച വീണ്ടും നടത്തുമെന്ന ഡി.ഡിയുടെ ഉറപ്പിനെ തുടർന്നാണ് വിദ്യാർഥികൾ സമരം അവസാനിപ്പിച്ച് മടങ്ങിയത്.

മത്സരം വിലയിരുത്താന്‍ മൂന്നുപേരില്ലാതെ സാധിക്കില്ലെന്നും അതിനാല്‍ പുതിയൊരാളെ കണ്ടെത്തിയെന്നും ഡിപിഐ പറഞ്ഞു. കനകകുമാറിന് പകരമുള്ള ആള്‍ ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം പുലര്‍ച്ചെയോടെ എത്തുമെന്നും ഡിപിഐ വിദ്യാര്‍ഥികളെ അറിയിച്ചു.

ഞായറാഴ്ച രാവിലെ 10 മണിയോടെ കൂടിയാട്ടം മത്സരം നടത്തുമെന്നും അതിനുള്ള വേദി നിശ്ചയിച്ച് അന്നുതന്നെ മാധ്യമങ്ങള്‍ മുഖേനെ മത്സരാര്‍ഥികളെ അറിയിക്കുമെന്നും ഡിപിഐ പറഞ്ഞു. ഡിപിഐയുടെ പ്രഖ്യാപനം കൈയ്യടികളോടെ വിദ്യാര്‍ഥികള്‍ സ്വീകരിച്ചു. ഭക്ഷണവും താമസവും സൗജന്യമായി നല്‍കുമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ അറിയിച്ചു.

വിധികര്‍ത്താവായി എത്തിയ കലാമണ്ഡലം കനകകുമാറിനെതിരേയാണ് മറ്റ് പതിനഞ്ച് ടീമുകളും പരാതി ഉന്നയിച്ചത്. പൈങ്കുളം നാരായണ ചാക്യാര്‍ പരിശീലിപ്പിക്കുന്ന ടീമുകളാണ് പരാതിയുമായി രംഗത്തെത്തിയത്. തങ്ങള്‍ രണ്ട് ദിവസം മുന്‍പ് തന്നെ കനകകുമാറിനെതിരേ പരാതി നല്‍കിയിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍, പരാതി ലഭിച്ചിട്ടും കനകകുമാര്‍ വിധികര്‍ത്താവായി എത്തിയതോടെയാണ് മത്സരവേദിയായ ടി.ഡി.എച്ച്.എസ്.എസില്‍ വിദ്യാര്‍ഥികള്‍ മേക്കപ്പോടെ തന്നെ  പ്രതിഷേധവുമായി രംഗത്തുവന്നത്. 

എന്നാല്‍, മത്സരം നടക്കട്ടെയെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇടപെടാമെന്നുമായിരുന്നു ഡി.ഡി.യുടെ വിശദീകരണം. എന്നാല്‍, ഇതില്‍ തൃപ്തരാവാത്ത വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടര്‍ന്നു. കനകകുമാര്‍ വിധികര്‍ത്താക്കളുടെ സീവില്‍ നിന്ന് മാറാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിയുമായി സ്‌റ്റേജിന് മുന്നില്‍ നിലയുറപ്പിച്ചു. മത്സരം ബഹിഷ്കരിക്കുമെന്ന് ആകെയുള്ള പതിനേഴ് ടീമുകളിൽ പതിനഞ്ച് ടീമുകളും ഭീഷണി മുഴക്കി. ഒടുവില്‍ മത്സരം റദ്ദാക്കുന്നതായി അറിയിച്ചു. എന്നാൽ, ഇത് വിദ്യാർഥികളുടെ രോഷം ഇരട്ടിയാക്കി. വിധികർത്താവിനെ മാറ്റി മത്സരം നടത്തിയില്ലെങ്കിൽ വേദിയിൽ മറ്റൊരു മത്സരവും നടത്താൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് വിദ്യാർഥികൾ സ്റ്റേജിൽ ഇരിപ്പുറപ്പിച്ചു. എന്നിട്ടും അധികൃതർ വഴങ്ങാതായതോടെയാണ് വിദ്യാർഥികൾ പ്രധാനവേദിയിലേയ്ക്ക് മാർച്ച് നടത്തിയത്.

chakyarkoothu

നേരത്തെ കനകകുമാറിന്റെ കീഴില്‍ അഭ്യസിക്കുകയും പിന്നീട് പൈങ്കുളത്തിന്റെ അടുത്തേയ്ക്ക് മാറുകയും ചെയ്ത വിദ്യാര്‍ഥികളും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. കനകകുമാര്‍ തങ്ങളെ പലതരത്തിലും പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ഇക്കഴിഞ്ഞ ജില്ലാ കലോത്സവത്തില്‍ നങ്ങ്യാര്‍ക്കൂത്തിന്റെ വിധികര്‍ത്താവായിരുന്നു കനകകുമാര്‍ തങ്ങള്‍ക്ക് ബി ഗ്രേഡ് മാത്രമാണ് നല്‍കിയതെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. സംസ്ഥാന കലോത്സവത്തില്‍ എത്തിയാലും ബി ഗ്രേഡ് മാത്രമേ നല്‍കുകയുള്ളൂവെന്ന് ഭീഷണി മുഴക്കിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Content Highlights: State School Kalolsavam Youth Festival