ആലപ്പുഴ: നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ(എന്‍.എസ്.എസ്) നേതൃത്വത്തില്‍ കലോത്സവനഗരിയില്‍ സംഘടിപ്പിച്ച 'കൊടുത്തൂടെ ചങ്കിനൊരു തുള്ളി'  ക്യാമ്പയിനില്‍ വന്‍പങ്കാളിത്തം.  എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ രക്തദാതാക്കളുടെ ഡയറക്ടറി തയ്യാറാക്കുന്നതിനായാണ് ആലപ്പുഴ എല്‍.എം.എച്ച്.എസ്.എസ് എന്‍.എസ്.എസ്. യൂണിറ്റ് മുന്‍കൈയെടുത്ത്‌ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. കലോത്സവനഗരിയില്‍ എത്തുന്നവരില്‍നിന്ന് രക്തദാനത്തിനുള്ള സമ്മതപത്രം വാങ്ങുക എന്നതായിരുന്നു ഉദ്ദേശ്യം. രണ്ടുദിവസത്തിനുള്ളില്‍തന്നെ പ്രതീക്ഷിച്ചതിലേറെപേരാണ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്ക് രക്തദാനത്തിനുള്ള സമ്മതപത്രം കൈമാറിയത്. 

ഡിസംബര്‍ ആറിന് തുടങ്ങിയ ക്യാമ്പയിനില്‍ ഇതുവരെ പതിനായിരത്തിലേറെപേര്‍ രക്തദാനത്തിനുള്ള സമ്മതപത്രം നല്‍കിയെന്ന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്‍. ഷഹീര്‍ പറഞ്ഞു. ഇതില്‍ഭൂരിഭാഗവും യുവാക്കളാണെന്നതും ശ്രദ്ധേയമാണ്. 

എല്‍.എം.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എല്ലാവേദികളിലും വളണ്ടിയര്‍മാര്‍ രക്തദാന ബോധവത്കരണവുമായി രംഗത്തുണ്ട്. വേദിയിലെത്തുന്നവര്‍ക്ക് ഇവര്‍ സമ്മതപത്രവും ബോധവത്കരണ സന്ദേശമടങ്ങിയ നോട്ടീസുകളും നല്‍കുന്നു. താത്പര്യമുള്ളവര്‍ക്ക് സമ്മതപത്രം പൂരിപ്പിച്ച് നല്‍കി വളണ്ടിയര്‍മാരെ തിരിച്ചേല്‍പ്പിക്കാം. 

എന്‍.എസ്.എസ് സംസ്ഥാന സെല്ലാണ് രക്തദാതാക്കളുടെ ഡയറക്ടറി തയ്യാറാക്കുന്നത്. കലോത്സവം നടക്കുന്നതിനാല്‍ ആലപ്പുഴ എല്‍.എം.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂണിറ്റിന് പരമാവധി സമ്മതപത്രം ശേഖരിക്കാനുള്ള നിര്‍ദേശംകിട്ടി. ഇതനുസരിച്ച് പ്രോഗ്രാം ഓഫീസറായ ഷഹീറിന്റെ നേതൃത്വത്തിലാണ് കലോത്സവനഗരിയില്‍ ഇത്തരമൊരു ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ഡിസംബര്‍ ഏഴിന് ആലപ്പുഴ എസ്.പി. സുരേന്ദ്രന്‍ ഐ.പി.എസ് എല്‍.എം.എച്ച്.എസ്.എസ്. മാനേജര്‍ എ.എം. നസീറിന് സമ്മതപത്രം കൈമാറി ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കലോത്സവം അവസാനിക്കുന്ന ഡിസംബര്‍ ഒമ്പതുവരെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ രക്തദാന സമ്മതപത്രം ശേഖരിക്കാന്‍ വേദികളിലുണ്ടാവും. 

Content Highlights: state school kalolsavam 2018 alappuzha nss blood donors directory koduthude chunk ine oru thulli campaign