ആലപ്പുഴ: പ്രളയത്തെ തോല്‍പിച്ച് ആലപ്പുഴയില്‍ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിയുമ്പോള്‍ അപ്പീലുകളുടെ എണ്ണം കുറഞ്ഞത് സംഘാടകസമിതിക്ക് ആശ്വാസമായി. പതിനാല് ജില്ലകളില്‍ നിന്നായി ഇതുവരെ 251 അപ്പീലുകള്‍ മാത്രമാണ്  കലോത്സവത്തിനെത്തിയത്. അതിനാല്‍തന്നെ മത്സരക്രമം താളംതെറ്റില്ലെന്നും, അപ്പീലുകള്‍ കുറയ്ക്കാനായത് ചരിത്രനേട്ടമാണെന്നും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കഴിഞ്ഞവര്‍ഷം 1500 അപ്പീലുകളാണ് സംസ്ഥാനകലോത്സവത്തിനെത്തിയതെന്നും ഇത്തവണ ജില്ലാതലത്തില്‍ കലോത്സവ നടത്തിപ്പില്‍ കാണിച്ച കൃത്യതയാണ് അപ്പീലുകളുടെ എണ്ണം കുറയാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ കലോത്സവത്തിന്റെ അവസാനവട്ട അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ വേദികളില്‍ മത്സരങ്ങള്‍ ആരംഭിക്കും. വ്യാഴാഴ്ച വൈകിട്ട് വരെ പത്ത് ജില്ലകളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ചില കുട്ടികളുടെ ഫോട്ടോ അറ്റസ്റ്റ് ചെയ്യാന്‍ വൈകിയതിനാല്‍ നാല് ജില്ലകളുടെ രജിസ്‌ട്രേഷന്‍ ബാക്കിയുണ്ട്. നഗരത്തിലെ 12 സ്‌കൂളുകളിലായാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവര്‍ക്കുവേണ്ട സേവനങ്ങള്‍ക്കായി സൗഹൃദസേന പ്രവര്‍ത്തിക്കുന്നു- മന്ത്രി പറഞ്ഞു. 

വെള്ളത്തിന്റെ ലഭ്യത ആയിരുന്നു ഇതുവരെ അലട്ടിയിരുന്ന പ്രധാനപ്രശ്‌നം. എന്നാല്‍ ജല അതോറിറ്റി ഇടപെട്ട് അതെല്ലാം പരിഹരിച്ചു. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് കലോത്സവം നടത്തുന്നത്. സ്റ്റീല്‍പാത്രങ്ങളിലാണ് ഭക്ഷണം വിതരണംചെയ്യുക. ഇ.എം.എസ് സ്റ്റേഡിയത്തിലാണ് പ്രധാന ഭക്ഷണപ്പന്തല്‍ ഒരുക്കിയിരിക്കുന്നത്. ഭക്ഷണം എത്തിക്കാന്‍ പ്രത്യേകവാഹനങ്ങളും ഏര്‍പ്പാടാക്കിയെന്നും, വിദ്യാര്‍ഥികളെയും അധ്യാപകരെയും വേദികളിലെത്തിക്കാന്‍ ഇരുപത് സ്‌കൂള്‍ ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

കലോത്സവവേദികളില്‍ സി.സി.ടി.വികളുടെ എണ്ണം പരിമിതമാണ്. നിലവില്‍ ദേശീയപാതകളിലെ വേദികളില്‍ മാത്രമാണ് സി.സി.ടി.വി സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും ഉടന്‍തന്നെ മറ്റു വേദികളിലും സി.സി.ടി.വികള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

Content Highlights: state school kalolsavam 2018 alappuzha, minister c ravindranath speaks about preparations