ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വീണ്ടും പ്രതിഷേധം. ഹയര്‍ സെക്കന്‍ഡറി വിഭാഗം വഞ്ചിപ്പാട്ടിന്റെ വിധി നിര്‍ണയത്തില്‍ പാകപ്പിഴയുണ്ടെന്ന് ആരോപിച്ച് ഒരുവിഭാഗം മത്സരാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് കാരണം. തനത് ശൈലിയില്‍ പാടിയവര്‍ക്ക് കുറഞ്ഞ ഗ്രേഡും വഞ്ചിപ്പാട്ടുമായി യാതൊരു ബന്ധവുമില്ലാതെ വന്നവര്‍ക്ക് എ ഗ്രേഡും നല്‍കി എന്നതാണ് പ്രതിഷേധക്കാരുടെ ആരോപണം.

ആറന്മുള, കുട്ടനാട്, വെച്ചുപാട്ട് എന്നിങ്ങനെ മൂന്ന് ശൈലികളാണ് വഞ്ചിപ്പാട്ടില്‍ ഉള്ളത്. ഇതില്‍ 52 കരകളേയും പ്രതിനിധീകരിച്ചുകൊണ്ട് വര്‍ഷങ്ങളായി വഞ്ചിപ്പാട്ട് പാടിക്കൊണ്ടിരിക്കുന്ന തങ്ങളെ തഴഞ്ഞതില്‍ വിഷമമുണ്ടെന്ന് മത്സരാര്‍ഥികള്‍ പറഞ്ഞു. ജില്ലാ മത്സരങ്ങളില്‍ വിധികര്‍ത്താക്കളായിരുന്നവര്‍ക്ക് സംസ്ഥാന കലോത്സവത്തില്‍ വിധി നിര്‍ണയിക്കാന്‍ പാടില്ലെന്ന നിബന്ധന ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് ഉയര്‍ന്നുവന്ന മറ്റൊരു ആരോപണം. കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ ജഡ്ജിയായിരുന്നയാളാണ് ഇവിടെ ജഡ്ജായി വന്നതെന്നും അവര്‍ ആരോപിച്ചു. പ്രശനത്തെക്കുറിച്ച് പ്രോഗ്രാം കമ്മിറ്റിയോട് പറഞ്ഞപ്പോള്‍ വിധികര്‍ത്താക്കളേക്കുറിച്ച് അറിയില്ല എന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്.

തൃശ്ശൂര്‍ ജില്ലയില്‍ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ച ടീമിന് ആലപ്പുഴയില്‍ ബി ഗ്രേഡാണ് ലഭിച്ചത് . ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ തികഞ്ഞ പക്ഷപാതമാണെന്നും ആക്ഷേപമുണ്ട്. ജില്ലാതലത്തിലെ വിധികര്‍ത്താക്കള്‍ വെറുതെയാണോ മാര്‍ക്കിട്ടതെന്നും അവരെ അപമാനിക്കുന്നതിന് തുല്യമായ കാര്യമല്ലേ ഇപ്പോള്‍ നടന്നതെന്നുമാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്. വഞ്ചിപ്പാട്ട് നടക്കുമ്പോള്‍ ഭഗവാന്റെ വിഗ്രഹം വെയ്ക്കണമെന്ന് നിര്‍ബന്ധമില്ലെങ്കില്‍പ്പോലും അങ്ങനെ വെയ്ക്കുകയാണെങ്കില്‍ സദസ്സിന് അഭിമുഖമായാണ് വെയ്‌ക്കേണ്ടത്. എന്നാല്‍ അതുപോലും തെറ്റിച്ചവര്‍ക്കാണ് എ ഗ്രേഡ് ലഭിച്ചതെന്നുമാണ് മറ്റൊരു പരാതി. അങ്ങനെ വച്ചത് ഒരു കോഡ് ഭാഷയാണെന്നും എന്തോ ഒത്തുകളി നടന്നിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

പ്രതിഷേധം ശക്തമായതോടെ രണ്ട് മണിക്ക് നടക്കേണ്ടിയിരുന്ന ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ട് മത്സരം വൈകി. ഡി.വൈ.എസ്.പിയും ആലപ്പുഴ ഡി.ഡി.ഇ ധന്യയും പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ജഡ്ജിനെ മാറ്റണമെന്നും വഞ്ചിപ്പാട്ടിന്റെ വിധി പുനഃപരിശോധിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം.  വിധി പറഞ്ഞ സമയത്ത് റിമാര്‍ക്ക് കാണിക്കണമെന്ന് മത്സരാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ടവര്‍ അതിന് തയ്യാറായില്ലെന്ന കാര്യവും അവര്‍ ഡി.ഡി.ഇയെ  അറിയിച്ചു. ഇതിനിടെ ജഡ്ജിനെ മാറ്റിയെന്ന കാര്യവും ഉയര്‍ന്നുവന്നു. എന്നാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന ജഡ്ജസ് തന്നെയാണ് ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ടിനായി എത്തുന്നത് എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അതേസമയം പരിപാടി തുടങ്ങാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കാണികളും ബഹളമുണ്ടാക്കാന്‍ തുടങ്ങിയതോടെ അന്തരീക്ഷം കൂടുതല്‍ കടുത്തു. ഇതിനിടെ വേദിയിലേക്കെത്തിയ ജഡ്ജസുമാരുടെ പേരുവിളിച്ചപ്പോള്‍ കൂവലോടെയാണ് പ്രതിഷേധക്കാര്‍ പ്രതികരിച്ചത്. തുടര്‍ന്ന് അസി.ഡി.പി.ഐ ജെസി ഇടപെടുകയും സഹകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് സഹകരിക്കാം എന്ന് സ്വരം കടുപ്പിക്കുകയും ചെയ്തതോടെ പ്രതിഷേധം വീണ്ടും തുടങ്ങുന്ന അവസ്ഥയായി. ഒടുവില്‍ പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പുറത്താക്കി.

Content Highlights: Protest in Vanchippattu Venue, Bribery Alliogation, 59th Kerala School Kalolsavam 2018