ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല ഉയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. കേരളംകണ്ട മഹാപ്രളയത്തിനുശേഷം കലാകൗമാരം കിഴക്കിന്റെ വെനീസിലേക്കെത്തുമ്പോള്‍ അവരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആലപ്പുഴയില്‍ പൂര്‍ത്തിയായികൊണ്ടിരിക്കുന്നു. 29 വേദികളിലായി മൂന്നുദിവസം നീളുന്ന കലാമാമാങ്കത്തെ ആര്‍ഭാടമില്ലെങ്കിലും ആവേശം ചോരാതെ ഗംഭീരമാക്കാനാണ് ആലപ്പുഴ തയ്യാറെടുക്കുന്നത്. 

നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള വിവിധവേദികളിലായി വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ആര്‍ഭാടരഹിത കലോത്സവമായതിനാല്‍ ഇത്തവണ ഉദ്ഘാടനസമ്മേളനവും ഘോഷയാത്രയുമില്ല. വേദികളില്‍ കമാനങ്ങളോ അലങ്കാരങ്ങളോ ഇല്ല. ഒരിടത്തും സ്‌റ്റേജുകള്‍ കെട്ടിപ്പൊക്കിയിട്ടുമില്ല. അതതു സ്‌കൂളുകളിലെ ഓഡിറ്റോറിയങ്ങളാണ് മത്സരവേദികളായി സജ്ജീകരിച്ചിരിക്കുന്നത്. കൃത്യം ഒമ്പതുമണിക്ക് തന്നെ 28 വേദികളിലും മത്സരങ്ങള്‍ തുടങ്ങും. ലിയോ തേര്‍ട്ടീന്‍ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഒന്നാംവേദി. മീഡിയ സെന്ററും മാധ്യമസ്ഥാപനങ്ങളുടെയും പോലീസിന്റെയും പവലിയനുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചുള്ള കലോത്സവമായതിനാല്‍ സ്റ്റീല്‍പാത്രങ്ങളും ഗ്ലാസുകളുമാണ് ഭക്ഷണപ്പന്തലില്‍ ഒരുക്കിയിരിക്കുന്നത്.

നഗരത്തിലെ വിവിധവേദികളിലേക്കുള്ള യാത്രകള്‍ക്കായി സൗഹൃദഓട്ടോകള്‍ സര്‍വീസ് നടത്തും. മത്സരാര്‍ഥികള്‍ക്കും ഒപ്പമെത്തുന്നവര്‍ക്കും സഹായങ്ങള്‍ നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകരും അധ്യാപകരും സ്റ്റുഡന്റ് പോലീസ് കേഡറ്റും ഉള്‍പ്പെടെയുള്ളവരുമുണ്ട്. 

Content Highlights: kerala school kalolsavam 2019 in alappuzha final preparations are going on