ആലപ്പുഴ: കലോത്സവം രണ്ടാം ദിനത്തിലേക്ക്  കടന്നിരിക്കുകയാണ്. ഇതുവരെയുള്ള മത്സരങ്ങളുടെ കണക്കനുസരിച്ച് 418 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് മുന്നില്‍ നില്‍ക്കുന്നത്. ദഫ്മുട്ട് മത്സരത്തിലെ വനിതാ വിധികര്‍ത്താവിനെച്ചൊല്ലിയുണ്ടായ വിവാദത്തില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. സര്‍ഗശേഷിയുടെ കാര്യത്തില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലെന്നും വൈദഗ്ധ്യമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ചു ദഫ്മുട്ട് ആരംഭിക്കുന്നതിന്  തൊട്ടുമുമ്പാണ് വിധികര്‍ത്താവിനെച്ചൊല്ലി തര്‍ക്കമുണ്ടായത്. മൂന്നു പേരില്‍ ഒരാള്‍ സ്ത്രീയാണെന്നും അവരെ മാറ്റണമെന്നും ആവശ്യപ്പെട്ട് മലപ്പുറത്തു നിന്നൊരു സംഘം എത്തുകയായിരുന്നു. എന്നാല്‍ ചന്ദ്രനില്‍ സ്ത്രീകളെത്തുന്ന കാലഘട്ടത്തില്‍ ഇത്തരം വിവാദത്തിനു പ്രസക്തിയില്ലെന്നു പറഞ്ഞ് സംഘാടകസമിതി പരാതി പിന്‍വലിക്കുകയായിരുന്നു. 

''വിധികര്‍ത്താക്കളില്‍ വിദഗ്ധരാണ് വരേണ്ടത്, അതില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ല. സര്‍ഗശേഷിയുടെ കാര്യത്തില്‍ വൈദഗ്ധ്യമാണ് പ്രധാനം. ആ മേഖലയില്‍ ആഴത്തിലുള്ള അറിവുണ്ടാകണം. ഈ വര്‍ഷത്തില്‍ അപ്പീലുകള്‍ കുറഞ്ഞതിന്റെ കാരണം വിധികര്‍ത്താക്കള്‍ വിദഗ്ധരാണ് എന്നതാണ്.'' മന്ത്രി പറഞ്ഞു.

സംഘാടക സമിതി മികവു പുലര്‍ത്തുന്നുണ്ടെന്നും കുറവുകള്‍ അപ്പപ്പോള്‍ പരിഹരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയശേഷം വിദ്യാര്‍ഥികളുടെ മനോധൈര്യം വീണ്ടെടുക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് വിജയിച്ചുവെന്നതിന്റെ തെളിവാണ് മുന്‍വര്‍ഷങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്ന പ്രകടനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

''സംഘാടകസമിതി മികവു പുലര്‍ത്തുന്നുണ്ട്, ചെറിയ കുറവുകള്‍ സ്വാഭാവികമാണ്. ഇരുപത്തിയൊമ്പതു വേദികളില്‍ ഒന്നിച്ചു മത്സരം നടക്കുന്നത് കലോത്സലവത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. അതിന്റേതായ പ്രശ്‌നം കാണും. എങ്കില്‍പ്പോലും സംഘാടക സമിതിയിലുള്ള മന്ത്രിമാരായ ജി.സുധാകരന്‍, തോമസ് ഐസക്, തിലോത്തമന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഇരുപത്തിയൊന്‍പതു  വേദികളിലും അധികം താമസമില്ലാതെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. 

ഇന്നലത്തെ കുറവുകള്‍ പരിഹരിക്കാന്‍ ഇന്നലെതന്നെ കമ്മിറ്റി ചേര്‍ന്ന് നിര്‍ദ്ദേശം കൊടുത്തു. അത് ഇന്നുതന്നെ നികത്തും. കുട്ടികളുടെ സര്‍ഗശേഷി പ്രകടനം കണ്ടപ്പോള്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്നുണ്ടെന്നു മനസ്സിലായി. നാടകം, നൃത്തം തുടങ്ങിയവയൊക്കെ വളരെയധികം ഉയര്‍ന്ന തലത്തിലെത്തിയിട്ടുണ്ട്. പ്രളയത്തില്‍ മനസ്സാന്നിധ്യം തകര്‍ന്നു എന്നതു സത്യമായിരുന്നെങ്കിലും മനസ്സിന്റെ പുനര്‍നിര്‍മാണത്തില്‍ വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണത്. പ്രളയ ദുഖത്തിലായിരുന്നെങ്കില്‍ ഇത്തരം പ്രകടനത്തിന് അവര്‍ക്കു കഴിയുമായിരുന്നില്ല. 

കലോത്സവം എത്ര ദിവസം നീണ്ടുനില്‍ക്കണമെന്നതു സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ''ചരിത്രത്തില്‍ ആദ്യമായാണ് മൂന്നു ദിവസം പൂര്‍ത്തിയാക്കുന്നത്. കലോത്സവം അവസാനിക്കുന്നതോടെ മാധ്യമങ്ങളുള്‍പ്പെടെ എല്ലാവരില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കും. സര്‍ക്കാരിന് പ്രത്യേകിച്ചൊന്നും മറച്ചുവെക്കാനില്ല, തുറന്ന മനസ്സാണ്. എല്ലാവരുടെയും അഭിപ്രായത്തിന് അനുസരിച്ച് കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം. പഠനത്തെ തടസ്സപ്പെടാതെ കലോത്സവം മുന്നോട്ടു കൊണ്ടുപോകലാണ് പ്രധാനം.''

കഴിഞ്ഞ ദിവസം കലോത്സവം അഞ്ചു ദിവസം നീട്ടണമെന്ന് തോമസ് ഐസക് പറഞ്ഞപ്പോള്‍ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നായിരുന്നു രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നത്.