ആലപ്പുഴ: സംഘാടകരുടെ പിടുപ്പുകേടുണ്ടാക്കിയ സമ്മർദത്തെ തുടർന്ന് കുച്ചിപ്പുടി നർത്തകി വേദിയിൽ കുഴഞ്ഞുവീണു. എറണാകുളം ഫോർട്ടുകൊച്ചി ഫാത്തിമ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ്സുകാരി ആൻമേരി ജെ.അക്വിനയാണ് മത്സരം പകുതിയായപ്പോഴേക്കും വീണുപോയത്. നൃത്തത്തിനിടെ നമസ്‌കാരത്തിനായി കുനിഞ്ഞ ആൻമേരി എഴുന്നേറ്റില്ല. പാട്ടിനൊപ്പം നൃത്തം കാണാതെ വന്നപ്പോൾ വിധികർത്താക്കൾക്കാണ് ആദ്യം അപകടം മനസിലായത്.

കുട്ടിയെ എഴുന്നേൽപ്പിക്കാൻ അവർ വിളിച്ചുപറഞ്ഞു. ഇതോടെ വേദിക്ക് പിന്നിലുണ്ടായിരുന്ന അമ്മ ബീനാ ജോളി ഓടിക്കയറി മകളെ വാരിയെടുത്തു. അര മണിക്കൂറിനു ശേഷമാണ് ആൻമേരി സാധാരണ നിലയിലായത്.  തുടർന്ന്, വേദിയിൽ കയറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘാടകർ അനുവദിച്ചില്ല. ഒടുവിൽ പ്രോഗ്രാം കമ്മിറ്റിയുടെ പ്രത്യേക അനുമതിയോടെ ആൻമേരി വീണ്ടും അരങ്ങിലെത്തി.മത്സരത്തിന് ഒരുങ്ങാൻ ആൻമേരിയും വീട്ടുകാരും രാവിലെ ആറരയോടെ വേദിയിലെത്തിയതാണ്.

എന്നാൽ ഇവിടത്തെ ക്ലാസ്സ് മുറികളൊന്നും തുറന്നുകൊടുത്തില്ല. എട്ടുവരെ കാത്തുനിന്നശേഷം മറ്റൊരു സ്‌കൂളിലെത്തിയാണ് ഒരുങ്ങിയത്. ഏറെ ബുദ്ധിമുട്ടി വേദിയിലെത്തിയപ്പോഴേക്കും മത്സരം തുടങ്ങിയിരുന്നു. ഇങ്ങനെയുണ്ടായ സമ്മർദമാണ് മകൾക്ക് ബുദ്ധിമുട്ടായതെന്ന് അച്ഛൻ ജോളി പീറ്റർ പറഞ്ഞു.

Content Highlights: 59th Kerala School Kalolsavam 2018, kuchippudi