ആലപ്പുഴ:  സംസ്ഥാന സ്‌കൂള്‍കലോത്സവത്തില്‍ മൂന്നു വര്‍ഷങ്ങളിലും തുടര്‍ച്ചയായി ഹൈസ്‌കൂള്‍വിഭാഗം ശാസ്ത്രീയ സംഗീത മത്സരം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ ഗ്രേഡ് നേടി തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദേവനന്ദ സുനില്‍ കലോത്സവത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു.  പൂക്കാട് കലാലയത്തിലെ സംഗീത വിദ്യാര്‍ഥിനിയാണ് ദേവനന്ദ.

മത്സരങ്ങള്‍ക്ക് വേണ്ടി ആയിരങ്ങള്‍ മുതല്‍ മുടക്കേണ്ടി വരുന്ന വര്‍ത്തമാനകാലത്ത് ഒരു ജനകീയ സ്ഥാപനത്തില്‍നിന്നും ഒരു സാധാരണ വിദ്യാര്‍ത്ഥി നേടുന്ന ഈ നേട്ടത്തിന്  തിളക്കങ്ങളേറെയാണ്.  പാലക്കാട് സംഗീത കോളേജിലെ സംഗീത  അധ്യാപികയും പൂക്കാട് കലാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും അധ്യാപകയുമായ ഭാവനയാണ് ദേവനന്ദയെ മത്സരങ്ങള്‍ക്കായി ഒരുക്കുന്നത്.  

പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംഗീത അധ്യാപകനായ സുനില്‍ തിരുവങ്ങൂരിന്റെയും  ഉഷയുടെയും മകളാണ് ദേവനന്ദ. പാവണ്ടൂര്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ ഭാവനയ്ക്ക് ഗുരുനാഥനായ സംഗീത അധ്യാപകന് നല്‍കുന്ന  ഗുരുദക്ഷിണ കൂടിയാണ് ദേവനന്ദയുടെ മൂന്ന് വര്‍ഷത്തെയും ഈ സംഗീത സമ്മാനം. ഈ വര്‍ഷം  ഒന്നാം സ്ഥാനം എ ഗ്രേഡോടെ നേടാന്‍ കഴിഞ്ഞു എന്നുള്ളത് സന്തോഷകരമായ കാര്യമാണെന്ന് ഭാവനയും ദേവനന്ദയും പറഞ്ഞു.

Contennt Highlights: 59th Kerala School Kalolsavam, Clasical Music