ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവർ  നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കി. സംസ്ഥാനതല അപ്പീല്‍ കമ്മറ്റിയുടേതാണ് തീരുമാനം. തുടര്‍ന്ന് 
ഭാഷാസാഹിത്യ വിഭാഗം വിദഗ്ധനും അപ്പീല്‍ ജൂറി അംഗവുമായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പുനര്‍മൂല്യനിര്‍ണയം നടത്തി. 

കവിതാമോഷണ വിവാദത്തില്‍പ്പെട്ട ദീപ, മൂല്യനിര്‍ണയം നടത്തുന്നതിനെതിരേ കലോത്സവവേദിയിൽ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ യുവജന, വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായിരംഗത്തുവന്നു. ദീപാ നിശാന്ത് മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നതിനെതിരേ കെ.എസ്.യു രേഖാമൂലം വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ കലോത്സവ അപ്പീല്‍ കമ്മിറ്റി തീരുമാനിച്ചത്.  

പുലര്‍ച്ചെ ഒരു മണിവരെ നീണ്ട യോഗത്തിലാണ് പുനര്‍മൂല്യനിര്‍ണയം നടത്താന്‍ അപ്പീൽ കമ്മിറ്റി തീരുമാനിച്ചത്. തുടക്കത്തിൽ ദീപയ്ക്ക് അനുകൂലമായ നിലപാടായിരുന്നു വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരുന്നത്. കോപ്പിയടി വിവാദങ്ങള്‍ക്ക് മുൻപെടുത്ത തീരുമാനമായിരുന്നു അതെന്നും കലോത്സവ മാന്വല്‍ പ്രകാരം ദീപയ്ക്ക് യോഗ്യതയുണ്ടെന്നുമായിരുന്നു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രതികരണം. കവിതാ മോഷണ ആരോപണം വേറെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Content Highlights: deepa nishanth's valuation in essay competition cancellled school youth festival 2018