ആലപ്പുഴ:  പ്രളയാഘാതം മറന്ന് കലോത്സവം ആഘോഷമാക്കാൻ കുട്ടനാട്ടിലെ കുട്ടികൾ. പ്രളയം ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ പൊങ്ങ ഗവ. എൽ.പി. എസിലെ വിദ്യാർഥികളാണ് കലോത്സവം കണ്ടുമടങ്ങിയത്. മൂന്ന്, നാല് ക്ലാസ്സുകളിലെ 20 അംഗ സംഘമാണ് രാവിലെ മുതൽ വിവിധ വേദികളിൽ സന്ദർശനം നടത്തിയത്. വിവിധ കലകൾ കണ്ട് കുട്ടികൾക്ക് മാനസിക ഉല്ലാസം ഉണ്ടാക്കുകയായിരുന്നു സന്ദർശന ലക്ഷ്യം.

സ്‌കൂൾ പ്രഥമാധ്യാപിക ഷാഹിദാ ബീവി, രണ്ട് അധ്യാപകർ, രക്ഷിതാവ് എന്നിവർ അടങ്ങുന്ന സംഘം രാവിലെ കെ.എസ്.ആർ.ടി.സി. ബസിൽ ആണ് പൊങ്ങയിൽനിന്ന് നഗരത്തിൽ എത്തിയത്. തുടർന്ന് വിവിധ വേദികൾ സന്ദർശിച്ചു. കുട്ടികൾക്ക് ഭാവിയിൽ പഠിക്കാനുള്ള കലകൾ കാണുവാനും ലക്ഷ്യമിട്ടായിരുന്നു സന്ദർശനം. ചിത്രങ്ങളിൽ കണ്ട കലകൾ നേരിട്ടുകണ്ടതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികൾ.