ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവ ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായി കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ദീപ നിശാന്തിനെ ക്ഷണിച്ച് വരുത്തി നിയോഗിക്കുകയായിരുന്നുവെന്ന് അഡ്വ.എ.ജയശങ്കര്‍. സൗന്ദര്യാരാധകനും സാഹിത്യകാരനുമായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാറാണ് ദീപയെ ക്ഷണിച്ച് വരുത്തിയതെന്നും ജയശങ്കര്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

Jayaപാപങ്ങള്‍ ഏറ്റുപറഞ്ഞു പശ്ചാത്തപിച്ച മഗ്ദലന മറിയത്തിന് കരുണാമയനായ യേശുദേവന്‍ മാപ്പുകൊടുത്തു. അതുപോലെ കവിതാ മോഷണത്തില്‍ മാപ്പു പറഞ്ഞ ദീപ നിശാന്തിനെ മുഖ്യമന്ത്രിയുടെ സാഹിത്യ ഉപദേഷ്ടാവായി നിയമിക്കാന്‍ സാധ്യതയുണ്ട്. വിളക്ക് കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം എന്നും ജയശങ്കര്‍ കുറിച്ചു.

ശനിയാഴ്ച ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായി ദീപ നിശാന്തിനെ നിയോഗിച്ചത് വലിയ സംഘര്‍ഷത്തിനും പ്രതിഷേധത്തിനുമായിരുന്നു വഴിവച്ചത്. പോലീസ് എസ്‌കോര്‍ട്ടില്‍ വേദി മാറ്റി ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായി ദീപ നിശാന്തിനെ തന്നെ അധികൃതര്‍ നിയോഗിച്ചെങ്കിലും അത് വലിയ വിവാദത്തിനായിരുന്നു തിരികൊളുത്തിയത്. പക്ഷേ, ഉപന്യാസ മത്സരത്തിന്റെ വിധി നിര്‍ണയം വീണ്ടും നടത്തുമെന്ന തീരുമാനത്തിലേക്ക് അവസാനം ബന്ധപ്പെട്ടവര്‍ പോയെങ്കിലും സംഭവം ആലപ്പുഴ കലോത്സവത്തിന്റെ മാറ്റ് കുറയ്ക്കുക തന്നെ ചെയ്തു.

അഡ്വ. ജയശങ്കറിന്റെ ഫെയ്​സ്ബുക്ക് പോസ്റ്റ് വായിക്കാം

പാപങ്ങൾ ഏറ്റുപറഞ്ഞു പശ്ചാത്തപിച്ച മഗ്ദലന മറിയത്തിന് കരുണാമയനായ യേശുദേവൻ മാപ്പുകൊടുത്തു.

കവിത മോഷണക്കേസിൽ കയ്യോടെ പിടിക്കപ്പെട്ട ദീപാ നിശാന്തിന് സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖനും പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചെരുവിലും ചേർന്ന് മാപ്പു കൊടുത്തു എന്നു മാത്രമല്ല, മഹത്വപ്പെടുത്തുകയും ചെയ്തു.

സൗന്ദര്യാരാധകനും സാഹിത്യകാരനുമായ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാർ ആലപ്പുഴയിലെ സംസ്ഥാന സ്കൂൾ യുവജനോത്സവ വേദിയിൽ ദീപടീച്ചറെ ക്ഷണിച്ചു വരുത്തി മലയാള ഉപന്യാസ മത്സരത്തിൻ്റെ വിധികർത്താവാക്കി. പ്രതിഷേധിച്ച KSU, ABVP ചട്ടമ്പികളെ പോലീസിനെക്കൊണ്ട് വിരട്ടി ഓടിച്ചു.

ദീപാ നിശാന്തിനെ ബഹു മുഖ്യമന്ത്രിയുടെ സാഹിത്യ ഉപദേഷ്ടാവായി നിയമിക്കാനും സാധ്യതയുണ്ട്.

വിളക്കു കൈവശമുളളവനെങ്ങും 
വിശ്വം 'ദീപ'മയം...

Content Highlights: Adv Jayashankar against Deepa Nishanth