തോമാട്ടുചാല്‍: ഹയർസെക്കൻഡറി വിഭാഗത്തിൽ കഥാപ്രസംഗത്തിലും തബലയിലും സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയ അനഘ സെബാസ്റ്റ്യന് ഗുരുക്കൾ അച്ഛനും അമ്മയും തന്നെയാണ്.

തുടർച്ചയായ അഞ്ചാം വർഷവും ജില്ലയിൽ ഒന്നാമതെത്തുന്ന അനഘയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ടാകുന്നതും ഇക്കാരണത്താലാണ്. കഥാപ്രസംഗത്തിൽ അമ്മ ഷീജയും തബലയിൽ അച്ഛൻ പി.ഡി. തങ്കച്ചനുമാണ് അനഘയുടെ ഗുരുക്കൾ.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറോളം ശിഷ്യരുണ്ട് തങ്കച്ചന്. കഴിഞ്ഞ നാലു തവണയും കഥാ പ്രസംഗത്തിലും തബലയിലും സംസ്ഥാന മേളയിൽ അനഘയ്ക്ക് എ ഗ്രേഡ് ലഭിച്ചു.

രാജാ രവിവർമയുടെ കഥപറയുന്ന ചിത്രാഞ്ജലിയാണ് കഥാപ്രസംഗത്തിൽ അവതരിപ്പിച്ചത്. തീൻതാൾ-ത്രിതാൾ 16 മാത്രയും ജുമ്ര 14 മാത്രയുമാണ് തബല മത്സരത്തിൽ വായിച്ചത്.

നടവയൽ സെയ്ന്റ് തോമസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.

content highlight: wayanad district school youth festival