പ്രളയത്തെ അതിജീവിച്ച കലോത്സവം എന്ന പേരിലാകും അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ കാലം അടയാളപ്പെടുത്തുക. കലോത്സവം എന്നു കേള്‍ക്കുമ്പോള്‍ തന്നെ കലയോടൊപ്പം മനസ്സില്‍ തെളിയുന്ന മറ്റൊരു മുഖമുണ്ട്, പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടേതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി  കലോത്സവ വേദികളിലെ കലവറയിലെ നിത്യസാന്നിധ്യമായ പഴയിടം മാതൃഭൂമി ഡോട്ട് കോമിനോട് അതിജീവനകാലത്തെ കലോത്സവ കലവറയെക്കുറിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. 

ഭക്ഷണം നാലു വേദികളില്‍

സാധാരണഗതിയില്‍ കലോല്‍സവ വേദികളിലെല്ലാം ഏതെങ്കിലും ഒരു പന്തലില്‍ കുട്ടികള്‍ക്കായി ഭക്ഷണം ഒരുക്കുന്ന രീതിയാണ് സ്വീകരിക്കാറുള്ളത്. ഇത്തവണ അതിനു പകരമായി നാലു വേദികളിലായി ബുഫേ രീതിയില്‍ ഭക്ഷണം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. പകുതിയോളം കുട്ടികള്‍ പ്രധാന വേദിയിലെത്തുന്നുണ്ട്, ബാക്കിയുള്ള മൂന്നു വേദികളിലേക്ക് ഭക്ഷണം പകര്‍ന്ന് അവിടെയെത്തിച്ച് കുട്ടികള്‍ക്കായി ബുഫേ രൂപത്തില്‍ നല്‍കുകയാണ്. 

പരിമിതിയുണ്ട്, ലളിതമല്ല

ചെലവുചുരുക്കലിന്റെ ഭാഗമായി ഇത്തവണത്തെ കലോത്സവം ലളിതമായാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെങ്കിലും സദ്യ ലളിതമാക്കുന്നില്ല. സാധാരണയായി കുട്ടികള്‍ക്കു വിതരണം ചെയ്യുന്നതു പോലെ തന്നെ ഇക്കുറിയും ചെയ്യും. പക്ഷേ ബുഫേ സിസ്റ്റം ആയതിനാല്‍ ഒരുപാടു കറികള്‍ കൊടുക്കുന്നതിന്റെ പരിമിതികളുണ്ട്. അതിനാല്‍ ചില കറികള്‍ ഒഴിവാക്കിയാലും മൂന്നു പായസം ഉള്‍പ്പെടെയുള്ള സദ്യ തന്നെ വിതരണം ചെയ്യും.

കെഎസ്ടിഎക്കൊപ്പം സഹകരിച്ച്..

കെഎസ്ടിഎയാണ് ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കുന്നത്. ഇക്കുറി കുട്ടികള്‍ക്ക് ഭക്ഷണം സൗജന്യമായി വിതരണം ചെയ്യാന്‍ കെഎസ്ടിഎ തീരുമാനിച്ചപ്പോള്‍ ഞങ്ങള്‍ സൗജന്യമായി ഭക്ഷണം പാകം ചെയ്തു തരാമെന്ന് അവരെ അറിയിക്കുകയായിരുന്നു. അങ്ങനെ ഞങ്ങള്‍ രണ്ടുകൂട്ടരും പരസ്പരപൂരകങ്ങളായാണ് ഈ ഒരു കലോത്സവത്തിനു വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. 

കുട്ടികള്‍ക്കു വേണ്ടി..

കലോത്സവത്തിലെ ഭക്ഷണ വിതരണത്തിനു മേല്‍നോട്ടം വഹിക്കുന്നത് വലിയൊരു സാമൂഹിക ഉത്തരവാദിത്തം തന്നെയാണ്. കുട്ടികളോടുള്ള ഉത്തരവാദിത്തമാണിത്, ജാതിമതവര്‍ഗവര്‍ണങ്ങളൊന്നുമില്ലാതെ കുട്ടികളെ മാത്രമാണ് ഞങ്ങള്‍ മുന്നില്‍ കാണുന്നത്. അതിനൊപ്പം ഈയൊരു പ്രത്യേക സാഹചര്യത്തില്‍ കടന്നുപോകുന്ന കലോത്സവം കൂടിയായതുകൊണ്ട് ഞങ്ങളും കെഎസ്ടിഎയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കലോത്സവത്തിനു വേണ്ടി നിലകൊള്ളുകയാണ്. 

Content Highlights: StateYouthFestival2018 SchoolKalolsavam Pazhayidam Sadhya