പ്രളയം അവന്റെ വീട് വെള്ളത്തിലാക്കി. പിന്നെ രണ്ടാഴ്ചയോളം ദുരിതാശ്വാസ ക്യാമ്പിൽ. വിലപിടിപ്പുള്ള പലതും അന്നവന് നഷ്ടമായി. പക്ഷേ തന്റെ മൃദംഗതാളം അവൻ ഹൃദയത്തോട് ചേർത്തുവെച്ചു. പിന്നെ കൂട്ടുകാരുടെ വൃന്ദവാദ്യത്തിന് കരുത്തുറ്റ താളമേകി.

ചെട്ടികുളങ്ങര ഹൈസ്‌കൂളിലെ എച്ച്.അദ്വൈതും കൂട്ടരും സംസ്ഥാന കലോത്സവത്തിൽ തീർത്തത് അതിജീവനത്തിന്റെ താളം. മത്സരത്തിൽ ഇവർക്ക് 'എ'ഗ്രേഡ് ലഭിച്ചു. തുടർച്ചയായി ഏഴുതവണ ചെട്ടികുളങ്ങര സ്‌കൂളിന് സംസ്ഥാനത്ത് വൃന്ദവാദ്യത്തിൽ എ ഗ്രേഡുണ്ട്. ഇക്കുറിയും ആ വിജയം ആവർത്തിക്കാനായിരുന്നു പ്രളയംവന്നിട്ടും തളരാതെ അവനെത്തിയത്.

പ്രളയം വന്നപ്പോൾ കണിച്ചനെല്ലൂർ പുത്തൻകണ്ടത്തിൽ വീട്ടിൽനിന്ന് അച്ഛൻ ഹരിദാസിനും അമ്മ രഞ്ജുവിനുമൊപ്പമാണ് അദ്വൈത് ക്യാമ്പിലേക്ക് പോയത്. തിരിച്ച് വീട്ടിലെത്തിയപ്പോൾ വീട്ടുസാധനങ്ങൾ പലതും നഷ്ടമായി. എല്ലാം വീണ്ടെടുക്കാൻ വീട്ടുകാർക്ക് പണം കുറെ ചെലവായി. കലോത്സവത്തിനെത്താൻ പിന്നെ വീട്ടുകാരോട് എങ്ങനെ പണം ചോദിക്കും. പണത്തിന്റെ പേരിൽ സ്‌കൂളിന് കിട്ടുന്ന നേട്ടം ഇല്ലായ്മ ചെയ്യാൻ പി.ടി.എ. ഒരുക്കമായിരുന്നില്ല. അവർ എല്ലാ സഹായവും നൽകി. അങ്ങനെ അവർ വിജയമാവർത്തിക്കാൻ വീണ്ടുമെത്തി.

എച്ച്.അദ്വൈതിനെ കൂടാതെ എ.എസ്.അദ്വൈത്, പി.എസ്.നരേന്ദ്രൻ, അർജുൻ, രോഹിത്, അമൽരാജ് എന്നിവരായിരുന്നു ടീമിൽ. സ്‌കൂളിലെ പൂർവ വിദ്യാർഥികളായ മാവേലിക്കര സതീഷ് ചന്ദ്രനും മാവേലിക്കര ബാലചന്ദ്രനും ഗുരുക്കന്മാരായപ്പോൾ അവർ വിജയഗാഥ തുടരുകയാണ്.  

Content Highlights: State School Kalolsavam Youth Festival