ചാക്യാരുടെ കൂത്തിൽ കാണികൾ ചിരിച്ചു. ഫുട്‌ബോൾ കളിക്കിടയിൽ വീണ് പരിക്കേറ്റ് തുന്നിക്കെട്ടിയ കാൽ ആരും കണ്ടില്ല. തുന്നൽക്കെട്ട് ഇളകി ചോര പൊടിഞ്ഞിട്ടും ചുവടുകൾ പിഴച്ചില്ല. തൃശ്ശൂർ പാവറട്ടി സെയ്ന്റ് ജോസഫ്‌സ് സ്‌കൂളിലെ ഗണേഷ് വി.രാജിന് ഇത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വിജയം വേദനയൂറുന്ന മധുരമാണ്.

കടുത്ത ഫുട്‌ബോൾ ആരാധകനും കളിക്കാരനുമാണ് ഗണേഷ്. കളിക്കിടയിൽ മൈതാനത്ത് വീണ് കാലിൽ ആറ് തുന്നലിടേണ്ടിവന്നു. കുത്തിക്കെട്ട് അഴിക്കാതെയാണ് ആലപ്പുഴയിലെ വേദിയിലെത്തിയത്. ചാക്യാരുടെ ചുവടുവയ്പിൽ കാലിളകുമ്പോൾ വേദന അസഹ്യമാകുമെന്നറിയാം. കൂത്തുപറയാൻ സംസ്ഥാനതലത്തിൽ ആദ്യമായി കിട്ടിയ വേദി ഉപേക്ഷിക്കാനുമാവില്ല. ഡോക്ടറെ കണ്ട് വേദനസംഹാരി ഗുളിക വാങ്ങി. വേദിയിൽ കയറുംമുമ്പ് അമ്മ സീന അതു നൽകി. ചോര പൊടിയുമ്പോഴും വേദന അറിഞ്ഞില്ല. പാഞ്ചാലിസ്വയംവരം കഥപറഞ്ഞു.

Content Highlights: State School Kalolsavam Youth Festival