ആലപ്പുഴ: ചടുലമേറിയ കോല്‍ക്കളിക്കിടെ വേദനകൊണ്ട് പുളഞ്ഞിട്ടും അനസ് പിന്‍വാങ്ങിയില്ല. കളി അവസാനിക്കുന്നതുവരെ പിടിച്ചുനിന്നു. പക്ഷേ, വേദിവിട്ടതോടെ അവന്‍ കുഴഞ്ഞുവീണു. വേദി ആറില്‍ ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരത്തിനിടെയായിരുന്നു നാടകീയമായസംഭവങ്ങള്‍. 

ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളിയില്‍ മത്സരിച്ച തൃശ്ശൂര്‍ കുന്ദംകുളം കോണ്‍കോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീമിലെ അംഗമാണ് പത്താംക്ലാസുകാരനായ മുഹമ്മദ് അനസ്. വൈകിട്ട് ആരംഭിച്ച കോല്‍ക്കളി മത്സരത്തില്‍ എട്ടാമതായാണ് കോണ്‍കോര്‍ഡ് സ്‌കൂള്‍ ടീം മത്സരിച്ചത്. കോല്‍ക്കളിപ്പാട്ടിന്റെ താളത്തിനൊപ്പം ചടുലമായ ചുവടുകളോടെ കാണികളെ അമ്പരിപ്പിച്ച പ്രകടനം. കോല്‍ക്കളി ആവേശംചോരാതെ മുന്നേറുന്നതിനിടെയാണ് മത്സരാര്‍ഥിയായ അനസിന് തലകറക്കം പോലെ തോന്നിയത്. രണ്ടുദിവസം മുന്‍പ് കല്ലുകൊണ്ടുണ്ടായ മുറിവില്‍ നിന്ന് അസഹ്യമായ വേദനയും. കോല്‍ക്കളി തീരുംവരെ അനസ് പിടിച്ചുനിന്നെങ്കിലും മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയതോടെ വേദിക്ക് സമീപം കുഴഞ്ഞുവീണു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ താങ്ങിയെടുത്ത് സമീപത്തെ ബെഞ്ചില്‍ കിടത്തി. ഉടന്‍തന്നെ വേദിയിലെ മെഡിക്കല്‍ ടീം പ്രാഥമികശുശ്രൂഷ നല്‍കി ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

കോല്‍ക്കളിക്കിടെ മുറിവിലെ തുന്നലിന് ഇളക്കംസംഭവിച്ചതും, തലകറക്കം വന്നതുമാണ് അനസിനെ തളര്‍ത്തിയത്. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതോടെ ആരോഗ്യനില മെച്ചപ്പെട്ടു. അസഹ്യമായ വേദനയുണ്ടായിട്ടും കോല്‍ക്കളി മുഴുവന്‍ കളിച്ചുതീര്‍ക്കണമെന്ന് മാത്രമായിരുന്നു തന്റെ മനസിലുണ്ടായിരുന്നതെന്ന് അനസ് പിന്നീട് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

img
കോല്‍ക്കളി മത്സരത്തിനുശേഷം വേദിക്ക് സമീപം കുഴഞ്ഞുവീണ കുന്ദംകുളം കോണ്‍കോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി അനസിനെ ബെഞ്ചില്‍ കിടത്തുന്നു.

തൃശ്ശൂര്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കോല്‍ക്കളിയില്‍ എ ഗ്രേഡോടെയാണ് കുന്ദംകുളം കോണ്‍കോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീം സംസ്ഥാന കലോത്സവത്തിനെത്തിയത്. ജില്ലാതലത്തിലെ പ്രകടനം സംസ്ഥാനതലത്തിലും ആവര്‍ത്തിക്കാനായതിന്റെ സന്തോഷത്തിലാണ് ഇവര്‍ ആലപ്പുഴയില്‍നിന്ന് വണ്ടികയറുന്നത്. 

കുന്ദംകുളം കോണ്‍കോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ കോല്‍ക്കളി കാണാം...

 

 

Content Highlights: state school kalolsavam 2018 alappuzha kolkali competition anas kunnamkulam cehss