ആലപ്പുഴ: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കുടമാളൂര്‍ ജനാര്‍ദനനും മകൾ കല്ല്യാണിയും കലോത്സവത്തിനെത്തി. പതിവു തെറ്റിക്കാതെ കുടമാളൂര്‍ സദസിലിരുന്ന് താളമിട്ടപ്പോള്‍ മകള്‍ കല്ല്യാണി ജെ. അയ്യര്‍ ഓടക്കുഴലില്‍ സ്വരവിസ്മയം തീര്‍ത്തു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വേദിയായ 'ഒറ്റ'യില്‍ വെള്ളിയാഴ്ച ഉച്ചമുതലായിരുന്നു ഓടക്കുഴല്‍ മത്സരം. 

തിരുവനന്തപുരം ജി.എം.ജി.എച്ച്.എസ്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് കല്ല്യാണി. അച്ഛന്റെ പാത പിന്തുടര്‍ന്ന് പുല്ലാങ്കുഴല്‍ വിസ്മയം തീര്‍ക്കുന്ന കല്ല്യാണി കഴിഞ്ഞ രണ്ടുവര്‍ഷവും സംസ്ഥാനതലത്തില്‍ ഒന്നാമതെത്തിയിരുന്നു. ഇത്തവണ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലാണ് മത്സരിച്ചത്. സമയം ഏറെ വൈകിയാണ് മത്സരം ആരംഭിച്ചതെങ്കിലും സദസിനെയാകെ കുളിരണിയിപ്പിക്കുന്നതായിരുന്നു പ്രകടനം. മകളുടെ പ്രകടനത്തിന് സാക്ഷ്യം വഹിക്കാന്‍ കുടമാളൂര്‍ ജനാര്‍ദനനും ഭാര്യ രമ്യയും സദസിലുണ്ടായിരുന്നു. മകളുടെ മാത്രമല്ല, എല്ലാ മത്സരാര്‍ഥികളുടെയും പ്രകടനം ആസ്വദിച്ചശേഷമാണ് ഇവര്‍ വേദിവിട്ടത്.

പ്ലസ് വണ്‍ ഹ്യൂമാനിറ്റീസിന് പഠിക്കുന്ന കല്ല്യാണിക്ക് സിവില്‍ സര്‍വീസിൽ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെങ്കിലും പുല്ലാങ്കുഴലിനെ കൈവിടില്ലെന്ന് ഉറപ്പുപറയുന്നു. പഠനത്തെ ബാധിക്കാത്തവിധം പുല്ലാങ്കുഴലും കൊണ്ടുപോകും. പ്രസിദ്ധ പുല്ലാങ്കുഴല്‍ കലാകാരന്റെ മകളായിട്ടും എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കല്ല്യാണി പരിശീലനം ആരംഭിച്ചത്. അതിനുകാരണവുണ്ടെന്ന് കുടമാളൂര്‍ പറയുന്നു. 'അവള്‍ക്ക് താത്പര്യം ഉണ്ടാകുമ്പോള്‍ മാത്രം പുല്ലാങ്കുഴലില്‍ പരിശീലനം നല്‍കാമെന്നായിരുന്നു തീരുമാനം. മൂന്നുവര്‍ഷം മുമ്പാണ് മകള്‍ക്ക് പരിശീലനം നല്‍കിതുടങ്ങിയത്. ഇപ്പോള്‍ തന്നോടൊപ്പം ഒട്ടേറെ കച്ചേരികളില്‍ മകളും പുല്ലാങ്കുഴല്‍ വായിക്കുന്നുണ്ട്'- കുടമാളൂര്‍ പറഞ്ഞു. 

img
പുല്ലാങ്കുഴല്‍ മത്സരം കഴിഞ്ഞിറങ്ങിയ മകള്‍ കല്ല്യാണിക്കൊപ്പം കുടമാളൂര്‍ ജനാര്‍ദനനും രമ്യയും

കഴിഞ്ഞ നവരാത്രി ആഘോഷത്തിന് കുടമാളൂരും മകളും ഒരുമിച്ച് പുല്ലാങ്കുഴലില്‍ രാഗധാര തീര്‍ത്തു. നേരത്തെ വൃന്ദവാദ്യത്തിലും മത്സരിച്ചിരുന്നെങ്കിലും ഇത്തവണ പഠനത്തിരക്കുകള്‍ കാരണം അതുവേണ്ടെന്നുവച്ചു. പുല്ലാങ്കുഴലിനൊപ്പം കല്ല്യാണി സംഗീതവും പഠിക്കുന്നുണ്ട്. സംഗീതപഠനത്തിലും ഗുരു വീട്ടില്‍തന്നെയാണ്. സംഗീതത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അമ്മ രമ്യയാണ് മകള്‍ക്ക് അറിവു പകര്‍ന്നു നല്‍കുന്നത്. ടെക്‌നോപാര്‍ക്കിലെ തിരക്കേറിയ ജോലിക്കിടയിലും രമ്യയുടെ ചിട്ടയായ പരീശലനത്തിന് ഒരുമുടക്കുവില്ലെന്ന് കുടമാളൂരും പറഞ്ഞു.

 

Content Highlights: state school kalolsavam 2018-19 kudamaloor janardanan and his daughter kalyani j ayyer