ആലപ്പുഴ: പ്ലാസ്റ്റിക് കുപ്പികളുമായി ആലപ്പുഴയിലെ കലോത്സവനഗരിയില്‍ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്. കൈവശമുള്ള പ്ലാസ്റ്റിക് കുപ്പികള്‍ പ്രവേശനകവാടത്തില്‍ ഏല്‍പിച്ചാല്‍ മാത്രമേ നിങ്ങളെ വേദിയിലേക്ക് കടത്തിവിടുകയുള്ളു. കുപ്പി വെറുതെ നല്‍കിയാല്‍ മാത്രം പോര, പത്തുരൂപ കൂടി നല്‍കണം. വേദിയില്‍ നിന്ന് തിരികെ പോകുമ്പോള്‍ ഈ പണം തിരികെ ലഭിക്കുകയും ചെയ്യും. 

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹരിതചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓരോ വേദിയിലും ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണ തൊഴിലാളികളാണ് കുപ്പികള്‍ ശേഖരിക്കുന്നത്. വേദിയിലെത്തുന്നവരുടെ പ്ലാസ്റ്റിക് കുപ്പികള്‍ വാങ്ങി സ്റ്റിക്കര്‍ പതിപ്പിച്ചശേഷം ഇവര്‍ സൂക്ഷിക്കും. പത്തു രൂപയും ഈടാക്കും. പകരം 'വലിച്ചെറിയാത്ത മനസ്സുകള്‍ക്ക് നന്ദി' എന്നെഴുതിയ സ്റ്റിക്കര്‍ നല്‍കും. വേദി വിട്ട് പോകുമ്പോള്‍ ഈ സ്റ്റിക്കര്‍ നല്‍കിയാല്‍ നിങ്ങള്‍ കൊണ്ടുവന്ന കുപ്പി തിരികെ കൊണ്ടുപോകാം. ഈടാക്കിയ പത്തു രൂപയും തിരിച്ചു ലഭിക്കും. 

കലോത്സവം നടക്കുന്ന 29 വേദികളിലും ഈ സംവിധാനം ക്രമീകരിച്ചിട്ടുണ്ടെന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശാലുകൃഷ്ണ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ജനങ്ങളില്‍ നിന്ന് നല്ല സഹകരണമുണ്ടെന്നും തൊഴിലാളികള്‍ കര്‍മനിരതരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Content Highlights: state school kalolsavam 2018-19 alappuzha plastic free green protocol activities against plastic