Nkiranjanaകൃഷ്ണനാട്ടത്തിന്റെ നാട്ടിലെ സംസ്‌കൃതത്തറവാട്ടില്‍ നിന്നും,വള്ളംകളിയുടെ നാട്ടിലേക്കവളെത്തി. ജയദേവര്‍ വാഴ്ത്തിയ വിരഹിണി രാധയുടെ  'നിന്ദതി ചന്ദനം' എന്ന അഷ്ടപദി ഗീതം  പാടാന്‍. വരവ് വെറുതെയായില്ല, സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുത്ത മൂന്നിനങ്ങളിലും എ.ഗ്രേഡ് നേടിയാണ് പാലക്കാട് ജില്ലയിലെ ചാലിശ്ശേരി  ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി നിരഞ്ജന പദ്മനാഭന്‍ മടങ്ങിയത്.  

യഥാക്രമം ഡിസംബര്‍ 7,8,9 തീയതികളിലായി നടന്ന ശാസ്ത്രീയ സംഗീതം, അഷ്ടപദി ,കന്നട പദ്യം ചൊല്ലല്‍ എന്നീ  ഇനങ്ങളിലാണ് എ.ഗ്രേഡ് ലഭിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നും ശാസ്ത്രീയ സംഗീതത്തിന് അപ്പീലുമായിട്ടാണ് നിരഞ്ജന  മത്സരിക്കാനെത്തിയത്. മത്സരത്തില്‍ മോഹന രാഗത്തിലുള്ള ത്യാഗരാജ സ്വാമികളുടെ 'നന്നുപാലിംപ' എന്ന കൃതിയാണ് പാടിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടിക്ക് ബി.ഗ്രേഡാണ് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം തൃശ്ശൂരില്‍ നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ സംസ്‌കൃത ഗാനാലാപനത്തില്‍ ഒന്നാം സ്ഥാനവും ,സംസ്‌കൃത പദ്യ ചൊല്ലില്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. എല്‍.കെ.ജി.മുതല്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു വരുന്നു. കര്‍ണാടകസംഗീതത്തില്‍ സംഗീതജ്ഞനും,കാലടി സംസ്‌കൃത സര്‍വകലാശാലയിലെ സംസ്‌കൃതാധ്യാപകനുമായ ഡോ. വി. ആര്‍. ദിലീപ് കുമാറാണ് ഗുരു.

വിരമിച്ച സംസ്‌കൃത അധ്യാപകന്‍ മഞ്ഞളൂര്‍ സുരേന്ദ്രന്റെ കീഴിലാണ് സംസ്‌കൃത ഗാനാലാപനവും, അഷ്ടപദിയും അഭ്യസിച്ചത്. ഗുരുവായൂരിലാണ് നിരഞ്ജനയുടെ വീട്. അച്ഛന്‍ പത്മനാഭന്‍ ചാലിശ്ശേരി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത അധ്യാപകനാണ്. സംസ്ഥാന സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ പ്രസിഡണ്ടുമാണ്. അമ്മ സുജ പത്മനാഭന്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃത അധ്യാപികയാണ്.

ഭാഗവത സപ്താഹ വേദികളിലും സജീവ സാന്നിധ്യമായ നിരജ്ഞനക്ക് നാരായണ കവചം, ഗോപികാ ഗീതം എന്നിവ ഹൃദിസ്ഥമാണ്. ശാസ്ത്രീയസംഗീതത്തില്‍ ഉപരിപഠനം നടത്തി പേരെടുത്ത സംഗീതജ്ഞയാകണമെന്നാണ് നിരഞ്ജനയുടെ ആഗ്രഹം.

Content Highlights: 59th Kerala School Kalolsavam 2018, Niranjana, Ashtapadi