കൂട്ടുകാരികൾക്കൊപ്പം ചിരിച്ച് താളമിട്ട് തിമില വായിക്കുമ്പോൾ നതാലിയ  വേദനയുടെ പരകോടിയിലായിരുന്നു. വിയർപ്പിനൊപ്പം ശരീരം ചുവന്ന് തടിക്കുന്നു.  കൺപോളകൾ തടിച്ചു. കവിളിൽ പടർന്ന ചുവപ്പുനിറം മുഖമാകെ പടർന്നുകൊണ്ടിരുന്നു. എന്നിട്ടും  മുഖത്തെ ചിരി വാടിയില്ല. പഞ്ചവാദ്യം ഗുരുക്കന്മാരുൾപ്പെടെ താളംപിടിച്ച് മുന്നിലുണ്ടായിരുന്നു. മേളം കഴിഞ്ഞപ്പോൾ അവരെല്ലാം എഴുന്നേറ്റുനിന്ന് കൈയടിച്ചാണ്  പെൺകുട്ടികളുടെ മേളക്കൂട്ടത്തെ അഭിനന്ദിച്ചത്. അരങ്ങിൽ മേളക്കാരി അനുഭവിച്ച സങ്കടം അവരാരും അറിഞ്ഞിരുന്നില്ല.

ഹൈസ്‌കൂൾ കുട്ടികളുടെ പഞ്ചവാദ്യത്തിൽ മാറ്റുരച്ച് എ ഗ്രേഡ് നേടിയ കണ്ണൂർ സെയ്ന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് നതാലിയ. തിമിലയിൽ നിന്നുള്ള അലർജിയാണ് നതാലിയയെ അലട്ടിയത്. സ്‌കൂളിലെ മേളസംഘത്തിന്റെ പരിശീലനം പൂർത്തിയാക്കി മത്സരത്തിനിറങ്ങുന്ന ഘട്ടത്തിലാണ് അലർജി തുടങ്ങിയത്. ഇടയ്ക്കുവെച്ച് നതാലിയ മാറിയാൽ മേളക്കൂട്ടിന്റെ താളംതെറ്റും. പുതുതായി ഒരാളെ പഠിപ്പിച്ചെടുക്കാൻ സമയമില്ല. അതിനാൽ ശാരീരിക അസ്വസ്ഥതകൾ കാര്യമാക്കാതെ നതാലിയ തിമിലയെടുത്തു. ഉപജില്ല, ജില്ലാ തലങ്ങളിലെ മത്സരങ്ങളിലും ഇതേ സ്ഥിതിയായിരുന്നു.

മേളം പകുതിയാകുമ്പോഴേക്കും ശരീരം ചൊറിഞ്ഞ് തടിച്ചുതുടങ്ങും. വേദിയിൽ അത് പ്രകടിപ്പിക്കാൻ കഴിയില്ല. സ്വയംമറന്ന് താളത്തിൽ മുഴുകും. മേളത്തിനൊപ്പം ശരീരത്തിന്റെ അസ്വസ്ഥത പരകോടിയിലെത്തും. മനസ്സൊന്ന് പതറിയാൽ കൈയ്യൊന്ന് മാറിയിൽ താളംതെറ്റും. അലർജിക്ക് ചികിത്സതേടാൻ അധ്യാപകരും വീട്ടുകാരുമെല്ലാം ഉപദേശിച്ചതാണ്. സംസ്ഥാന കലോത്സവം കഴിഞ്ഞ് മതിയെന്നായിരുന്നു നതാലിയയുടെ പക്ഷം.

മൂന്നുമാസം മുൻപാണ് കലോത്സത്തിന് മുന്നോടിയായുള്ള പരിശീലനം സ്‌കൂളിൽ തുടങ്ങുന്നത്. ആദ്യം പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് കൂടുതൽ സമയം പരിശീലിച്ച് തുടങ്ങിയപ്പോഴാണ് ശരീരം ചുവന്നുതടിച്ച് തുടങ്ങിയത്. വാദ്യോപകരണത്തിലെ തുകലിൽനിന്നുള്ള അലർജിയാണെന്നാണ് സംശയിക്കുന്നത്.

12 വർഷമായി ഈ സ്‌കൂൾ ഹൈസ്‌കൂൾ തായമ്പകയിൽ സംസ്ഥാന തലത്തിൽ മത്സരിക്കുന്നു. പലപ്പോഴും പെൺകുട്ടികളുടെ ഏകസംഘം. ഇത്തവണയും പതിവ് തെറ്റിയില്ല. ഹൈസ്‌കുൂൾ വിഭാഗത്തിലെ പെൺ സാന്നിധ്യം ഇവരിലൊതുങ്ങി. ഹയർ സെക്കൻഡറി വിഭാഗത്തിൽ കണ്ണൂർ ചൊവ്വ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പെൺകുട്ടികൾ മത്സരിച്ചു.

Content Highlights: Kerala School Kalolsavam 2018, Thimila Vadyam