വിത മോഷണ വിവാദത്തില്‍ ന്യായീകരണം നടത്തുന്ന ദീപാ നിശാന്ത്, ശബരിമല വിഷയത്തില്‍ പ്രതികരിക്കുന്ന രഹാന ഫാത്തിമ. പെണ്‍പടകളുടെ മിമിക്രി വേദിയില്‍ നിറഞ്ഞു നിന്നത് സമകാലിക സംഭവങ്ങള്‍. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി കാക്കയും പൂച്ചയും കോഴിയും മാത്രമല്ല കേരളത്തില്‍ ദൈനംദിന ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളും അനുകരണകലയില്‍ ആവേശം ജനിപ്പിക്കും വിധത്തില്‍ പെണ്‍കൂട്ടങ്ങള്‍ അവതരിപ്പിച്ചു.

അടുത്തിടെ കേരളം ഏറെ ചര്‍ച്ച ചെയ്ത ശബരിമലയിലെ സ്ത്രീപ്രവേശനം മിക്ക മിമിക്രി പ്രകടനങ്ങളിലും വിഷയമായിരുന്നു. വാര്‍ത്താ അവതരണ രീതിയില്‍ അവതരിപ്പിച്ച മിമിക്രികള്‍ പലതും കയ്യടി നേടി. വാര്‍ത്താ അവതാരകയായി തുടങ്ങി രഹാന ഫാത്തിമയിലേക്കും ശബരിമല കയറാന്‍ താല്‍പര്യമറിയിച്ച് എത്തുന്ന സ്ത്രീകളുമൊക്കെ മിമിക്രിയില്‍ നിറഞ്ഞു നിന്നു.

മുഖ്യമന്ത്രിക്കു മുന്നില്‍ അയ്യപ്പനു വേണ്ടി നിറകണ്ണുകളോടെ നില്‍ക്കുന്ന കാഞ്ചനമാലയെയും ജിമിക്കി കമ്മല്‍ പ്രസംഗത്തിനു സമാനമായി ശബരിമല വിഷയത്തില്‍ പ്രതികരിക്കുന്ന ചിന്ത ജെറോമിനെയുമൊക്കെ മിമിക്രിയില്‍ രസകരമായി അവതരിപ്പിച്ചു. ബ്യൂട്ടി പാര്‍ലറില്‍ പോയെന്ന വിവാദത്തില്‍ മറുപടി പറയുന്ന ജിഷയുടെ അമ്മയെയും ശബരിമല ദര്‍ശനത്തിനെത്തുന്ന തൃപ്തി ദേശായിയുമൊക്കെ പ്രകടനങ്ങളില്‍ നിറഞ്ഞു നിന്നു.

ദീപാനിശാന്തിന്റെ കവിതാ മോഷണ വിവാദവും മിമിക്രി വേദിയില്‍ സാന്നിധ്യമായി. കലേഷിന്റെ കവിത കോപ്പിയടിച്ചുവെന്നു പറയുന്നത് തുടക്കത്തില്‍ നിരസിച്ച ദീപ നിശാന്തിന്റെ വാക്കുകളെ പകര്‍ത്തിയ പ്രകടനങ്ങളുമുണ്ടായി.

Content Highlights: 59th Kerala School Kalolsavam 2018, Mimicry Contests