പ്രളയദുരന്തത്തില്‍ നിന്നും ആലപ്പുഴ കരകയറി വരുന്നതേയുള്ളൂ. സംസ്ഥാനത്തെ ഒന്നാകെ നടുക്കിയ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം മൂന്ന് ദിവസമാക്കി ചുരുക്കിയത് തന്നെ. കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഞായറാഴ്ച നടന്ന ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രി മത്സരത്തേപ്പറ്റിയാണ് പറഞ്ഞുവരുന്നത്.

സര്‍വം പ്രളയമയം. വേദി 15-ല്‍ നടന്ന മിമിക്രി മത്സരത്തെ ഏറ്റവും ചുരുക്കി ഇങ്ങനെ വിശേഷിപ്പിക്കാം. മത്സരാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും അവതരിപ്പിച്ചതില്‍ പ്രളയം ഒരു വിഷയമായിരുന്നു. ചിലര്‍ സ്ഥിരം നമ്പറുകള്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചപ്പോള്‍ മറ്റുചിലര്‍ വാര്‍ത്തകളില്‍ കണ്ട സംഭവങ്ങള്‍ മിമിക്രിയായി അവതരിപ്പിച്ചു. ഇടുക്കി ഡാം തുറക്കുന്നതും മത്സ്യത്തൊഴിലാളികള്‍ രക്ഷകരായി വന്നതും വ്യോമസേനയുടേയും നാവികസേനയുടേയും രക്ഷാപ്രവര്‍ത്തനവും കടന്ന് ശാന്തമായ പ്രകൃതി വരെ വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. ഓഖിയും ഗജയും സുനാമിയും വേദിയില്‍ ഇടയ്ക്ക് വന്നുപോയി

പഴമകള്‍ക്കിടയില്‍ പുതുമ തേടിയ മത്സരാര്‍ഥികളും കുറവല്ലായിരുന്നു. അതില്‍ ഡി.ജെ നമ്പറുകള്‍ക്കായിരുന്നു പ്രാമുഖ്യം. ഫ്‌ളാസ്‌കിലേക്ക് ചായ ഒഴിക്കുന്നതും കോഴി പാട്ടുപാടുന്നതും സിനിമകളുടെ പശ്ചാത്തലസംഗീതവും രാഷ്ട്രീയ നേതാക്കളുടെ ശബ്ദവും ഡി.ജെ രൂപത്തില്‍ പുറത്തുവന്നു. സൗണ്ട് മോര്‍ഫിങ് വേദിയില്‍ ചിലര്‍ പരീക്ഷിച്ചു. വലിയ തവളയുടെ ശബ്ദം ഡ്യൂക്ക് ബൈക്കിലേക്ക് ഗിയര്‍ മാറ്റിയപ്പോള്‍ ചെറിയ തവളയുടെ ശബ്ദം യമഹ ബൈക്കിലേക്കും കുതിരക്കുളമ്പടി റോയല്‍ എന്‍ഫീല്‍ഡിലേക്കും പരിണമിച്ചു.

യുവാക്കളുടെ ബൈക്ക് പ്രേമം അപകടത്തില്‍ കലാശിക്കുന്നതും വനനശീകരണത്തേ തുടര്‍ന്ന് മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതുമെല്ലാം മത്സരാര്‍ത്ഥികള്‍ അവതരിപ്പിച്ചു.

Content highlights: 59th Kerala School Kalolsavam 2018, Mimicry, Alapuzha