ആലപ്പുഴ: കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവ നാടകവേദിയില്‍  ഉറക്കെ ബാങ്ക്‌  വിളിച്ച് കിത്താബുമായി ഒന്നാമതെത്തിയിരുന്നു ഷാഹിനയും മുക്രിയും ബിയാത്തുവുമെല്ലാം. ആരൊക്കെ വിമര്‍ശിച്ചാലും സംസ്ഥാന കലോത്സവത്തിന് വേദിയൊരുങ്ങുന്ന ആലപ്പുഴയില്‍ തങ്ങളുടെ കിത്താബ് എന്ന നാടകത്തിന് ഇടം ലഭിക്കുമെന്ന് തന്നെയായിരുന്നു അവരുടെ പ്രതീക്ഷ. അതിനായി അവര്‍ മുട്ടാത്ത വാതിലുകളില്ല. പക്ഷേ, എല്ലാവരും കയ്യൊഴിഞ്ഞു.  രണ്ടാം സ്ഥാനം നേടിയ എലിപ്പെട്ടിയെന്ന നാടകം ആലപ്പുഴയില്‍ അരങ്ങ് തകര്‍ക്കുമ്പോഴും അവര്‍ വേദിക്ക് മുന്നിലിരിക്കുന്നുണ്ടായിരുന്നു. ഒരു ബാങ്ക്‌  വിളികൊണ്ട് മാത്രം അവസരം നഷ്ടമായി വെറും കാഴ്ചക്കാരായി മാറിപ്പോയ  തങ്ങളുടെ നിസ്സഹായത ഓര്‍ത്ത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് കിത്താബ് നാടകത്തിന്റെ സംവിധായകന്‍ റഫീഖ് മംഗലശ്ശേരിക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം നാടത്തിലെ അഭിനേതാക്കള്‍ ആലപ്പുഴയിലെത്തിയത്. മികച്ച അഭിനേതാവായി തിരഞ്ഞെടുക്കപ്പെട്ട റിയ പര്‍വിന്‍, മുക്രിയായി അഭിനയിച്ച സൂരജ്, ദേവനന്ദ, സിയാന, അര്‍ഥന, ശിഖപ്രിയ, ഊര്‍മിക, അഷിന്‍, അഭയ്, ദേവാനന്ദ് എന്നിവരാണ്  ആലപ്പുഴയിലെത്തിയ സംഘത്തിലുണ്ടായിരുന്നത്. വേദിക്ക് മുന്നിലിരുന്ന് ആരോടും മിണ്ടാതെ നാടകം കാണുന്ന കുട്ടികളുടെ അവസ്ഥ കണ്ട് നാടക പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം കുട്ടികളെ കാണാന്‍ എത്തിയെങ്കിലും നാടകം കളിക്കണമെന്ന് തന്നെയായിരുന്നു തങ്ങളുടെ ആഗ്രഹമെന്ന് അവര്‍ വിഷമത്തോടെ പറയുന്നു. 

നാട്ടിലടക്കം മതമൗലിക വാദികള്‍ നാടകത്തിനെതിരേ പ്രതിഷേധ പ്രകടനവും പരിപാടികളും സംഘടിപ്പിച്ച് തുടങ്ങിയതോടെയാണ് നാടകം അവതരിപ്പിക്കുന്നതില്‍ നിന്നും അവര്‍ക്ക് മാറിനില്‍ക്കേണ്ടി വന്നത്. രക്ഷിതാക്കളടക്കം പിന്തുണച്ചിരുന്നുവെങ്കിലും സ്‌കൂള്‍ അധികൃതര്‍ നാടകം മുന്നോട്ട് കൊണ്ട് പോവുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഭീഷണി ശക്തമായതോടെ വിദ്യാര്‍ഥികളുടെ നാടകം കൊണ്ട് വരുന്നില്ലെന്ന് പറയാന്‍ സംവിധായകന്‍ റഫീഖ് മംഗലശ്ശേരിയും നിര്‍ബന്ധിക്കപ്പെട്ടു.

സംസ്ഥാനത്തെമ്പാടും വലിയ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക്  സര്‍ക്കാര്‍ അടക്കം തുടക്കമിടുമ്പോള്‍ സര്‍ക്കാര്‍ പിന്തുണയോടെയെങ്കിലും നാടകം വേദിയിലെത്തിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു കുട്ടികള്‍ അടക്കം വിചാരിച്ചിരുന്നത്. എന്നാല്‍  വിദ്യാഭ്യാസ വകുപ്പ് അടക്കം ആലപ്പുഴയില്‍ നാടകം കളിപ്പിക്കാന്‍  നിര്‍വാഹമില്ലെന്ന് അണിയറ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ബാങ്ക്‌  വിളിക്കാന്‍ ഏറെ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടി നാടകത്തിലൂടെ ബാങ്ക്‌  വിളിക്കുകയും അതിന് അവളുടെ ഉമ്മയും പള്ളിയിലെ മുക്രിയായ പിതാവും പിന്തുണ നല്‍കുന്നതുമായിരുന്നു റഫീഖ് മംഗലശ്ശേരി ഒരുക്കിയ മേമുണ്ട ഹൈസ്‌കൂളിന്റെ കിത്താബ് നാടകത്തിന്റെ ഇതിവൃത്തം. പക്ഷെ നാടകം അവസാനിക്കുന്നതിന് മുമ്പ് തന്നെ മതമൗലിക വാദികള്‍ പ്രതിഷേധവുമായി മുന്നോട്ട് വരികയും നാടകം സംസ്ഥാന തലത്തിലേക്ക് മത്സരിപ്പിക്കുന്നതില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ പിന്നോട്ട് പോവുകയുമായിരുന്നു. മേമുണ്ട സ്‌കൂള്‍ നാടകം അവതരിപ്പിക്കുന്നതില്‍ നിന്ന് പിന്മാറിയെങ്കിലും വേദി കിട്ടിയാല്‍ എവിടേയും വേറെ ആളുകളെ വെച്ച് നാടകം അരങ്ങിലെത്തിക്കാന്‍ തയ്യാറാണെന്ന് നാടകത്തിന്റെ സംവിധായകന്‍ റഫീഖ് മംഗലശ്ശേരി മാതൃഭൂമി ഡോട് കോമിനോട് പ്രതികരിച്ചു.   

കിത്താബ് പിന്‍വാങ്ങിയതോടെയായിരുന്നു കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട എലിപ്പെട്ടിയെന്ന ശിവാദാസ് പൊയില്‍കാവിന്റെ നാടകത്തിന് സംസ്ഥാന തലത്തിലേക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചത്. പൊതുവിദ്യാലയത്തിന്റേയും പൊതുബെഞ്ചിന്റെയും ആവശ്യകത മുന്നോട്ടുവയ്ക്കുന്ന എലിപ്പെട്ടി ഇത്തവണ കോഴിക്കോടിന് പുറമെ വയനാടും മലപ്പുറവും അരങ്ങിലെത്തിച്ചു. 

Content Highlights: Kithab Drama acters came at Alapuzha Kalolsavam State School YouthFestival