മുളകളുടെ തോഴിയെന്ന് അറിയപ്പെടുന്ന ഒമ്പതാംക്ലാസുകാരി നൈന ഫെബിന് ആലപ്പുഴ കലോത്സവത്തില്‍ വിജയത്തിളക്കം. കലകള്‍ക്ക് ജാതിയും മതവുമില്ലെന്ന സന്ദേശം സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നൈന കലോത്സവത്തിനെത്തിയത്. 

മതത്തിന്റെ പേരില്‍ തന്റെ സഹപാഠികളെ സ്‌കൂള്‍ വാര്‍ഷികാഘോഷത്തിനുപോലും പങ്കെടുപ്പിക്കാത്തതിന് സാക്ഷിയാകേണ്ടിവന്നതാണ് ഇത്തരമൊരം സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ കാരണമായതെന്ന് നൈന പറയുന്നു. മതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന് 'കിത്താബ്' നാടകം പിന്‍വലിച്ചതുള്‍പ്പെടെയുള്ള സാഹചര്യത്തില്‍ നൈനയുടെ സന്ദേശത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഇത്തവണ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം കവിതാപാരായണം, നാടന്‍പാട്ട്, മാപ്പിളപ്പാട്ട്, അറബിഗാനം, എന്നീ മത്സരങ്ങളിലാണ് പങ്കെടുത്തത്. എല്ലായിനത്തിലും എ ഗ്രേഡും ലഭിച്ചു. അവസാനദിനമായ ഞായറാഴ്ച അറബി കവിതാപാരായണത്തിലും നൈന മത്സരിക്കുന്നുണ്ട്. 
 
മുളകള്‍ നട്ടുപിടിപ്പിച്ചതിലൂടെയാണ് പാലക്കാട് കൊപ്പം സ്വദേശിനിയായ ഈ കൊച്ചുമിടുക്കി ശ്രദ്ധിക്കപ്പെട്ടത്. പരിസ്ഥിതിസംരക്ഷണത്തിന് മുന്നിട്ടിറങ്ങി സ്വന്തംചിലവിലായിരുന്നു മുളകള്‍ നട്ടുപിടിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെ കേരളത്തിന്റെ തീരപ്രദേശങ്ങളിലും പുഴയോരങ്ങളിലും ആയിരത്തിലേറെ മുളകള്‍ നട്ടുപിടിപ്പിച്ചു. എല്ലാം ചെയ്യുന്നത് തനിക്കുവേണ്ടിയല്ല, നമ്മള്‍ക്കും ഈ നാടിനുംവേണ്ടിയാണെന്ന് നൈന പറയുന്നു. പാലക്കാട് ജില്ലയില്‍ മാതൃഭൂമി സീഡ് റിപ്പോര്‍ട്ടറായും നൈന പ്രവര്‍ത്തിക്കുന്നു.

ഓഗസ്റ്റ് മാസം മുതല്‍ ഓരോവീടുകളിലും കയറിച്ചെന്ന് മുളതൈകള്‍ വിതരണം ചെയ്യുന്ന തിരക്കിലാണ് ഈ കലാകാരി. മുളപ്പച്ച എന്ന പേരിലുള്ള പദ്ധതി തന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നാണെന്ന് നൈന പറയുന്നു.  

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്താന്‍ 'ഒച്ച- ദി ബാംബു സയന്‍സ്' എന്ന ഗാനസംഘത്തിലും ഈ ഒമ്പതാംക്ലാസുകാരി സജീവമാണ്. മുളവാദ്യങ്ങള്‍ ഉപയോഗിച്ച് കേരളത്തിലുടനീളം പാട്ടുമായി സഞ്ചരിക്കുന്ന ഒച്ച ബാന്‍ഡിന്റെ പ്രധാനഗായികയും നൈനയാണ്. പാലക്കാട് കൊപ്പം സ്വദേശിയും ലാബ് ടെക്നീഷ്യനുമായ ഹനീഫയുടെയും കുളമുക്ക് എ.എം.എല്‍.പി സ്‌കൂളിലെ അധ്യാപികയായ സബിതയുടെയും മൂത്തമകളായ നൈനയ്ക്ക് കലാലയപഠനത്തിനുശേഷം ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസില്‍ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. ഇതോടൊപ്പം തന്റെ ജീവശ്വാസമായ പാട്ടും ഒച്ച ബാന്‍ഡിന്റെ പ്രവര്‍ത്തനങ്ങളും ഒപ്പംകൊണ്ടുപോകുമെന്നും ഈ മിടുക്കി പറയുന്നു.

Content Highlights:  kerala state school kalolsavam 2018 alappuzha, naina febin from palakkad