കലോത്സവ വേദിയിലെന്താണ് ആയുധപ്പുര? ഡോഗ് സ്‌ക്വാഡും, ബോംബ് സ്‌ക്വാഡും ആകെ മൊത്തം പോലീസിന്റെ ജഗപൊഗ. സംസ്ഥാനത്തെ പോലീസ് സേനയെക്കുറിച്ച് വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുന്നതിനായി കലോത്സവത്തിന്റെ ഒന്നാം നമ്പര്‍ വേദിയായ ലിയോ തേര്‍ട്ടീന്‍ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജീകരിച്ച പോലീസ് പവലിയനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 

പോലീസിന്റെ സായുധ വിഭാഗം, ഫോറന്‍സിക്, നര്‍കോട്ടിക്‌സ്, കുറ്റാന്വേഷണം, സ്ത്രീ സുരക്ഷ, ബോംബ് സ്‌ക്വാഡ്. ഡോഗ് സ്‌ക്വാഡ് എന്നുവേണ്ട പോലീസിന്റെ സകല സംവിധാനങ്ങളും ഒന്നാം നമ്പര്‍ വേദിയിലെ പോലീസ് പവലിയനിലുണ്ട്. 

പോലീസിന്റെ പഴയകാലം മുതല്‍ അത്യാധുനിക മെഷിന്‍ ഗണ്ണുകള്‍ അടക്കമുള്ള ആയുധങ്ങള്‍, പോലീസ് യൂണിഫോമുകള്‍, കലാപം നേരിടാനുള്ള സംവിധാനങ്ങള്‍, സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഡിജിപി വരെയുള്ള പോലീസ് റാങ്കുകളെപ്പറ്റിയുമുള്ള വിശദീകരണങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. 

ശൗര്യത്തില്‍ സിംഹങ്ങളെ തോല്‍പ്പിക്കുന്ന പോലീസ് നായ്ക്കളാണ് മറ്റൊരു ആകര്‍ഷണം. മയക്കുമരുന്നുകളും സ്‌ഫോടകവസ്തുക്കളും മണത്തറിയാന്‍ കഴിവുള്ള പോലീസ് നായ്ക്കളാണവര്‍. കാണുമ്പോള്‍ അല്‍പം ബഹുമാനം ഒക്കെയാകാം. സാദാ പോലീസിനേക്കാള്‍ റാങ്കില്‍ മേലെയാണവര്‍. 

നര്‍കോട്ടിക്‌സ് വിഭാഗം ലഹരിക്കെതിരായ ബോധവത്കരണമാണ് ലക്ഷ്യമിടുന്നത്. പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനവും പോലീസ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് സംവിധാനം ജനങ്ങള്‍ക്കായ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പവലിയനിലെ സന്ദര്‍ശനംകൊണ്ട് സാധിക്കും. 

വ്യാഴാഴ്ച വൈകിട്ട് 4.30 ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായ എസ്. സുരേന്ദ്രനാണ് പവലിയന്‍ ഉദ്ഘാടനം ചെയ്തത്. ജനങ്ങളുമായുള്ള സൗഹാര്‍ദ്ദപരമായ ബന്ധമാണ് പോലീസ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് വിശദികരിച്ചു.

Content Highlights: Kerala School Kalolsavam 2018, Alapuzha, Police Pavilion