ആലപ്പുഴ: ആചാരങ്ങളെ ചോദ്യം ചെയ്ത കിത്താബിനെ മത മൗലിക വാദികള്‍ മൗനിയാക്കിയപ്പോള്‍ ഒരു നാടകക്കാരനെ കൂടി മൗനിയാക്കിയെന്ന്  കരുതിയെങ്കില്‍ തെറ്റി. നിങ്ങളോട് വിണ്ടും വീണ്ടും ഉറക്കെ ചോദ്യം ചോദിച്ചു കൊണ്ട് യാഥാസ്ഥിതികതയെ പുച്ചിച്ച് തള്ളിക്കൊണ്ട് ആലപ്പുഴയിലും അരങ്ങ് തകര്‍ത്തൂ റഫീഖ് മംഗലശ്ശേരിയുടെ നാടകം.

കിത്താബില്‍ സംവിധായകനായിരുന്നെങ്കില്‍ റാബിയ എന്ന റഫീഖിന്റെ രചനയാണ് പുക പേടിച്ച് വിളക്ക് കെടുത്താമോ? എന്ന നാടകമായി കലോത്സവത്തിന്റെ അവസാന ദിവസം പ്രേഷകശ്രദ്ധ പിടിച്ചുപറ്റിയത്. കിത്താബില്‍ ബാങ്ക് കൊടുക്കാന്‍ ആഗ്രഹിച്ച പെണ്‍കുട്ടിയൊയണ് അരങ്ങിലെത്തിച്ചതെങ്കില്‍ ഇവിടെ നൃത്തത്തെ ജീവന് തുല്യം സ്‌നേഹിച്ച മുസ്‌ലിം പെണ്‍കുട്ടി, വിശ്വാസത്തിന്റെ പേരില്‍ കുടുംബത്തിലും സമൂഹത്തിലും അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളാണ് ചൂണ്ടിക്കാട്ടിയത്.

മുസ്‌ലിം പെണ്‍കുട്ടിയായത് കൊണ്ട് മാത്രം എന്റെ സ്വപ്നങ്ങള്‍ക്ക് വിലങ്ങിടണോ എന്ന് നാടകത്തിലെ പ്രധാന കഥാപാത്രമായ റാബിയ ചോദിച്ച് തട്ടം താഴെയിടുമ്പോള്‍ യാഥാസ്തികതയുടെ മൂടുപടം കൂടിയാണ് അഴിഞ്ഞുവീണത്. വിശന്ന് ഭക്ഷണം തേടി വരുമ്പോള്‍ കിട്ടുന്ന ഭക്ഷണം മതം ചോദിച്ചല്ല നിങ്ങള്‍ കഴിക്കുന്നത്. ദാഹിച്ച് വെള്ളം ചോദിച്ച് വരുമ്പോള്‍ വെള്ളം ലഭിക്കുമ്പോഴും നിങ്ങള്‍ മതം ചോദിക്കുന്നില്ല. മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ നിന്നും ചികിത്സ ലഭിക്കുമ്പോഴും നിങ്ങള്‍ക്ക് മതങ്ങളെ വേണ്ട. പിന്നെ എന്തിനാണ് പെണ്‍കുട്ടികളുടെ കാര്യത്തില്‍ മാത്രം നിങ്ങള്‍ വിവേചനം കാണിക്കുന്നു.

drama

ശരം തൊടുക്കും പോലുള്ള ചോദ്യങ്ങളില്‍ ജാതിയും അഴിഞ്ഞുവിഴുമ്പോള്‍ പുതിയൊരു യുഗപ്പിറവിക്ക് തന്നെയാണ് പുക പേടിച്ച് വിളക്ക് കൊളുത്താമോ എന്ന നാടകം തിരികൊളുത്തിയത്. സ്വന്തം സഹപാഠിയായ മലപ്പുറം വള്ളുവമ്പ്രം സ്വദേശിനിയായ റൂബിയ എന്ന പെണ്‍കുട്ടിയുടെ യഥാര്‍ഥ കഥ കൂടിയാണ് ഈ നാടകമെന്ന് സംവിധായകന്‍ ലുക്മാന്‍ മൊറയൂരും ചൂണ്ടിക്കാട്ടുന്നു. ഭരതനാട്യത്തെ ജീവന് തുല്യം സ്‌നേഹിച്ചത് കൊണ്ട് മാത്രം മതമൗലികവാദികളില്‍ നിന്നും വലിയ ഭീഷണി നേരിടേണ്ടി വന്ന റൂബിയയുടെ വാര്‍ത്ത അന്ന് വലിയ വിവാദമായിരുന്നു. ഭീഷണിക്ക് വഴങ്ങാതെ കലയ്ക്ക് വേണ്ടി പടവെട്ടി ഒടുവില്‍ വിജയം നേടി ഇന്നും കലാരംഗത്ത് സജീവമായി നില്‍ക്കുന്നു റൂബിയ.

ഇത്തരം ചില മതമൗലിക വാദികള്‍ ഇന്നും സമൂഹത്തില്‍ നില്‍ക്കുന്നുവെന്നതാണ് ഈ നാടകത്തിന്റെ പ്രസക്തിയെന്ന് ലുക്മാന്‍ മൊറയൂര്‍ ചൂണ്ടിക്കാട്ടുന്നു. റഫീഖ് മംഗലശ്ശേരിയുടെ രചന കൂടി ചേര്‍ന്നതോടെ കരഘോഷത്തോടെ  നാടകത്തെ പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു. ഇടുക്കി എഫ് എം ജി എച്ച് എസ് എസിലെ പെണ്‍കുട്ടികളാണ് റൂബിയയുടെ ജീവിതത്തെ പുക പേടിച്ച് വിളക്ക് കെടുത്താമോ? എന്ന നാടകത്തിലൂടെ  അരങ്ങിലെത്തിച്ചത്.

Content Highlights: Kalolsavam2018 State School Youth Festival Rafeeq Mangalassery Kithab Lukman