പോരാടി നേടിയ വിജയത്തിന്റെ സന്തോഷം പ്രകടമായിരുന്നു അവരുടെ ചടുലമായ ഓരോ ചുവടിലും. കടിച്ചമര്‍ത്തിയ വേദന ദൃശ്യമായിരുന്നു ചായം തേച്ച മുഖത്തെ ഓരോ ഭാവത്തിലും. തലേദിവസം തെരുവില്‍ നിശ്ചയദാര്‍ഢ്യം കൊണ്ട് പെണ്ണിന്റെ കരുത്ത് എന്താണെന്ന് കാണിച്ചുതന്ന കൂടിയാട്ട കലാകാരികള്‍ അവസാനദിനം മുഖത്ത് മിന്നിമാഞ്ഞ രസങ്ങള്‍ കൊണ്ടും സര്‍വാംഗ അഭിനയം കൊണ്ടും കലയിലെ യഥാര്‍ഥ ആത്മസമര്‍പ്പണം എന്താണെന്ന് വേദിയിലും കാണിച്ചുതന്നു. ആലപ്പുഴ കലോത്സവത്തിലെ യഥാര്‍ഥ കലാപ്രതിഭകള്‍ തങ്ങളാണെന്ന് ഓരോ ചുവടിലും അവര്‍ തെളിയിച്ചു.

സംസ്ഥാന കലോത്സവത്തിന്റെ രണ്ടാം ദിവസമായ ഡിസംബര്‍ എട്ടിന് മൂന്ന് മണിക്ക് തുടങ്ങാനിരുന്ന കൂടിയാട്ടം മത്സരത്തിന് വേണ്ടി അവര്‍ ചമയങ്ങളണിഞ്ഞ് കാത്തിരിക്കുകയായിരുന്നു. സാഹചര്യങ്ങള്‍ പക്ഷേ, അവര്‍ക്ക് അനുകൂലമായിരുന്നില്ല. വിധികര്‍ത്താവിനെ ചൊല്ലിയുള്ള തര്‍ത്തക്കത്തിനൊടുവില്‍  മത്സരത്തിനായി ഒരുങ്ങിയ വേദിയില്‍ അവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അവകാശങ്ങള്‍ക്കായി, അര്‍ഹതപ്പെട്ട നീതിക്കായി അവര്‍ ഒറ്റക്കെട്ടായി മുഖത്തെ ചായം പോലും മായ്ക്കാതെ തെരുവിലിറങ്ങി. കാക്കിക്ക് മുന്നില്‍ പോലും വിറയ്ക്കാതെ നെഞ്ചുവിരിച്ചുനിന്നു. ശബ്ദമുയര്‍ത്തി തന്നെ അവകാശം പിടിച്ചുവാങ്ങി. അക്ഷരാര്‍ഥത്തില്‍ പെണ്‍കരുത്തിന്റെ വിജയമായിരുന്നു നാലാം വേദിയായ ടി ഡി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കണ്ടത്. 

വേദനയോടെയാണ് മുഖത്തെ മേക്കപ്പ് തുടച്ചുമാറ്റിയതെങ്കിലും മണിക്കൂറുകള്‍ നീണ്ട പ്രതിഷേധമോ മത്സരത്തിന് വേണ്ടി ചെയ്ത ഒരുക്കങ്ങളോ അവരെ തളര്‍ത്തിയില്ല. അവസാനദിവസം ടൗണ്‍ഹാളില്‍ കാലത്ത് പത്ത് മണിക്ക് തുടങ്ങേണ്ടിയിരുന്ന മത്സരത്തിന് മുന്‍പായി അവരെ കാണുമ്പോള്‍,  നിഷ്‌കളങ്കമായ ചിരിയോടെ ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. 'നന്ദിയുണ്ട്, ഞങ്ങളുടെ കൂടെ നിന്ന എല്ലാവരോടും'. മത്സരിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം  പുരോഗമിക്കുകയായിരുന്നു. ചിലരുടെ ചമയങ്ങള്‍ പൂര്‍ത്തിയായി. ചിലരുടേത് തുടങ്ങി. കഴിഞ്ഞ ദിവസത്തെ മത്സരത്തിനായി അവര്‍ ഒരുങ്ങിയിരുന്നു. അപ്പോള്‍ വരച്ചതൊക്കെയും മായ്ച്ച് വേണം വീണ്ടും വരയ്ക്കാന്‍. മിക്കവരുടെയും കണ്ണുകള്‍ മായ്ക്കാന്‍ ഉപയോഗിച്ച കയറി കലങ്ങി നീറിത്തുടങ്ങി.

എന്നാല്‍ ഒരു ശാരീരിക വിഷമതയും അവരുടെ ഊര്‍ജത്തെ തളര്‍ത്തിയില്ല. സന്തോഷത്തോടെ തന്നെ അവര്‍ ഒരുക്കങ്ങളില്‍ ചേര്‍ന്നു. മത്സരത്തിനായി ഒത്തിരി കഷ്ടപ്പാടുകള്‍ അവര്‍ സഹിച്ചിട്ടുണ്ട്, സാമ്പത്തികമായും ശാരീരികമായും ധാരാളം വിഷമതകള്‍ അവര്‍ സഹിച്ചിട്ടുണ്ട്. എല്ലാം ഈയൊരു ദിവസത്തിന് വേണ്ടിയാണ്. അത് നഷ്ടപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. പ്രതിഷേധച്ചൂട് തണുക്കാന്‍ തലേന്ന് രാത്രി ഒത്തിരി വൈകിയെങ്കിലും കലാകാരികളെല്ലാവരും തന്നെ കാലത്ത് അഞ്ചിന് തന്നെ എഴന്നേറ്റ് മത്സരത്തിനുള്ള ഒരുക്കം തുടങ്ങിയിരുന്നു. ക്ഷീണം മനസിനും ശരീരത്തിനുമുണ്ട്. എന്നാല്‍ അതൊന്നും പുറത്തു കാണിക്കാതെ എല്ലാം ഒരു ചിരിയില്‍ ഒതുക്കി.

മത്സരം കഴിഞ്ഞ് അവര്‍ പോകുന്നത് പരീക്ഷച്ചൂടിലേക്കാണ്. തിങ്കളാഴ്ച്ച മുതല്‍ എല്ലാ സ്‌കൂളുകളിലും ഇനി പരീക്ഷ തുടങ്ങുകയാണ്. ആലപ്പുഴയില്‍ നേരിടേണ്ടിവന്ന അഗ്‌നിപരീക്ഷയേക്കാള്‍ കഠിനമാവില്ല ഒരു പരീക്ഷയെന്നും അവര്‍ക്ക് അറിയാം. ഒരു വെല്ലുവിളിക്കും ഇനി തങ്ങളെ തളര്‍ത്താനാവില്ലെന്ന് അവര്‍ കൂടിയാട്ടത്തിലൂടെ തെളിയിച്ചുകഴിഞ്ഞു.

Content Highlights: Kalolsavam2018 State School Youth Festival